Foto

കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കർദ്ദിനാൾ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍; ഏഷ്യയില്‍ നിന്ന് ആദ്യം

വത്തിക്കാന്‍ സിറ്റി: സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും ഫിലിപ്പീന്‍സ് സ്വദേശിയുമായ കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെയെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഒക്ടോബർ 8 വ്യാഴാഴ്ചയാണ് കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന 'ബിഷപ്പ് കർദ്ദിനാളുമാര്‍' ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് നടത്തിയത്. സഭാപരമായ ശ്രേണിയിലെ ഉന്നത പദവിയിലേക്കുള്ള നിയമനം ഇന്നു വെള്ളിയാഴ്ച പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ ഔദ്യോഗികമായി അറിയിക്കുകയായിരിന്നു. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം. 5 വര്‍ഷത്തേക്കാണ് നിയമനം.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ സഭാസമിതികളിലൊന്നായ കര്‍ദ്ദിനാള്‍ സംഘത്തെ ആറ് വർഷത്തോളം നയിച്ച ശേഷം, 92-കാരനായ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റെ ഡീൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ ടാഗ്ളെയ്ക്കു ലഭിച്ചത്. ഏതെങ്കിലും മാർപാപ്പ മരണമടയുമ്പോൾ, പ്രസ്തുത വിവരം വിവിധ രാജ്യങ്ങളുടെ തലവന്മാരെയും, നയതന്ത്ര പ്രതിനിധികളെയും അറിയിക്കേണ്ട ചുമതല ഡീനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഒരു മാർപാപ്പ അന്തരിക്കുകയോ സ്ഥാനം ഒഴിയുകയോ ചെയ്യുമ്പോൾ (Sede vacante) പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് (Conclave) വിളിച്ചുകൂട്ടുന്നതും അതിന് നേതൃത്വം നൽകുന്നതും കർദ്ദിനാൾ ഡീൻ ആണ്.

1957-ല്‍ ഫിലിപ്പീന്‍സിന്റെ തലസ്ഥാന നഗരമായ മനിലയില്‍ ജനിച്ച ലൂയിസ് ടാഗ്ളെ 1982-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലും ലൂയിസ് അന്റോണിയോ ടാഗ്ളെ അംഗമായിരുന്നു. 2015 മുതൽ കത്തോലിക്കസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷ്ണലിന്റെ അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിരിന്നു. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്ക്കരണ തിരുസംഘത്തിനെ നയിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കോൺക്ലേവിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഭൂരിപക്ഷം മാധ്യമങ്ങളും വിലയിരുത്തല്‍ നടത്തിയ കർദ്ദിനാൾ കൂടിയാണ് ടാഗ്ലെ.

Comments

leave a reply

Related News