കൊൽക്കത്ത: ക്രിസ്ത്യൻ മിഷ്ണറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ നടത്തിയ വിവാദ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ രംഗത്ത്. ക്രൈസ്തവ സമൂഹത്തിനെതിരെ അടിസ്ഥാനരഹിതമായ പൊതുആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, മതപരിവർത്തന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ പുറത്തുവിടണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
മിഷ്ണറി സ്ഥാപനങ്ങൾ മതപരിവര്‍ത്തന ലക്ഷ്യവുമായാണ് നിലകൊള്ളുന്നതെന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നതെന്നും ഷമിക് ഭട്ടാചാര്യ ആരോപിച്ചിരിന്നു. ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനും കാരണമാകുമെന്ന് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു മതസമൂഹത്തെയും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
നിഷ്പക്ഷമായ അന്വേഷണം സാധ്യമാക്കുന്നതിനായി, ആരോപണവിധേയമായ സ്കൂളുകളുടെയോ കോളേജുകളുടെയോ പേരുകൾ വെളിപ്പെടുത്താനും തെളിവുകൾ പൊതുസമൂഹത്തിന് മുന്നിൽ ഹാജരാക്കാനും രാജ്യസഭാംഗം കൂടിയായ ഷമിക് ഭട്ടാചാര്യയെ കൗൺസിൽ വെല്ലുവിളിച്ചു. രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ മതപരമായ സ്വത്വം ഉപേക്ഷിക്കാതെ തന്നെ പഠിക്കുന്നുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.










Comments