Foto

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് സുരക്ഷിതമായ വളർച്ചയുടെ ഇടങ്ങളാകണം: ലിയോ പതിനാലാമൻ പാപ്പാ

വിദ്യാഭ്യാസമേഖലയിൽ കത്തോലിക്കാസ്ഥാപനങ്ങൾക്കുള്ള സുപ്രധാനസ്ഥാനവും ഉത്തരവാദിത്വങ്ങളും ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. സ്‌കൂൾ-സർവകലാശാല മേഖലകളുമായി ബന്ധപ്പെട്ട അജപാലനത്തെക്കുറിച്ചുള്ള കോൺഗ്രസിൽ സംബന്ധിച്ചവർക്ക് ഒക്ടോബർ 22 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിച്ച പരിശുദ്ധ പിതാവ്, കത്തോലിക്കാ വിദ്യാഭ്യാസയിടങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം പരാമർശിച്ചു.

യുവജനത്തിന്റെ മാനസികവും ബൗദ്ധികവുമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ്, അവരിൽ ആത്മവിശ്വാസം വളർത്താനും വിശ്വാസവും യുക്തിയും തമ്മിലുള്ള ശരിയായ ബന്ധം ഉറപ്പാക്കാനും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കുടുംബങ്ങളിലും മറ്റു മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ, ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ഏകാന്തത തുടങ്ങി, നിരവധി പ്രതിസന്ധികളാണ് ഇന്നത്തെ യുവജനം അനുഭവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ലോകത്തെ പുതിയൊരു രീതിയിൽ കാണാനും, മാറ്റങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന വിധത്തിൽ അവർക്ക് പരിശീലനം നൽകുകയും, സാഹോദര്യവും നീതിബോധവും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നിർമ്മാതാക്കളാക്കാൻ ഉതകുന്ന വിധത്തിൽ അവരെ വളർത്തിക്കൊണ്ടുവരികയും ചെയ്യുന്നതിന് കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.

യുവാക്കളിൽ കരുണ, കൃതജ്ഞത, സഹാനുഭൂതി, തുടങ്ങിയ മൂല്യങ്ങളും, ദരിദ്രർക്കുള്ള ശുശ്രൂഷ, സന്നദ്ധസേവനപ്രവർത്തനങ്ങൾ, പ്രകൃതിസംരക്ഷണം എന്നീ മേഖലകളിൽ ഉള്ള ഉത്തരവാദിത്വബോധവും വളർത്തേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രാർത്ഥനയും സ്നേഹവും കാരുണ്യപ്രവർത്തികളും ഒരുമിച്ചുകൊണ്ടുപോകേണ്ടവയാണെന്ന് കൂട്ടിച്ചേർത്തു.

ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലായിരുന്നു, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ സഹകരണത്തോടെ നടന്ന ഈ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്. 

Comments

leave a reply

Related News