കൊച്ചി: ഒരു മാസം. ഒരു സ്ഥലത്തു മാത്രം ലൊക്കേഷൻ. യൂണിറ്റിലെ 50 പേരും പുറത്തിറങ്ങിയില്ല. ദൃശ്യം-2 പൂർത്തിയാക്കിയത് ഇങ്ങനെയാണ്. അങ്ങനെ കോവിഡ് നിബന്ധനകൾ എല്ലാം പാലിച്ച് നിർമ്മിച്ചതിനുശേഷം തിയേറ്റർ കാത്തിരിക്കുന്നത് 20-ഓളം സിനിമകൾ
കോടികൾ മുടക്കിയ മോഹൻലാൽ ചിത്രം കുഞ്ഞാലിമരക്കാർ, മമ്മൂട്ടിയുടെ വൺ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്ററുകൾ കിട്ടിയാലേ മുടക്കുമുതൽ തിരിച്ചുകിട്ടൂ എന്നു ചങ്കിടിപ്പോടെ ക്യൂവിലാണ്.
മോഹൻലാലിന്റെ 'ദൃശ്യം-2' ഒ.ടി.ടി. (ഓവർ ദ ടോപ്പ്) പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ആന്റണി പെരുമ്പാവൂർ തീരുമാനിച്ചു കഴിഞ്ഞു. ഇതിന് തിയേറ്റർ ഉടമകളുടെ സംഘടനാ പ്രസിഡന്റായ ആന്റണി ന്യായം പറഞ്ഞത് ദൃശ്യത്തിന് തിയേറ്റർ ഉടമകളുമായി കരാറില്ലെന്നതാണ്. തിയേറ്റർകാരിൽ നിന്ന് അഡ്വാൻസ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അവരുമായുള്ള കരാർ പാലിച്ചേ പറ്റൂ എന്ന് ആശിർവാദ് സിനിമാസിന്റെ ബാനറിന്റെ ഉടമയായ ആന്റണി പറയുന്നു.
ആമസോൺ, നെറ്റ് ഫ്‌ളിക്‌സ് എന്നീ കമ്പനികൾ തിരക്കിട്ട് മലയാള സിനിമകൾ വാങ്ങുന്നില്ല. പ്രൈം റീൽസ് എന്നൊരു കമ്പനി ഗാർഡിയൻ എന്ന പടം ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തുവെങ്കിലും ഉദ്ദേശിച്ചത്ര പ്രേക്ഷകരെ ഇതുവരെ കിട്ടിയിട്ടില്ല. മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേർന്ന് മൊബൈലിൽ പകർത്തിയ സിനിമ (സീയൂ സൂൺ) ഒ.ടി.ടി. റിലീസിൽ ഹിറ്റായതായിരുന്നു പുതിയ തുടക്കം. എന്നാൽ പിന്നീട് വന്ന 'സൂഫിയും സുജാതയും' വമ്പൻ ഹിറ്റായില്ല. ഓവർ ദ ടോപ്പ് മീഡിയ സർവീസസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഒ.ടി.ടി. ഈ റിലീസിങ്ങിന് ഒരു പ്രത്യേകതയുണ്ട്. പ്രേക്ഷകർ കണ്ടാൽ ടിക്കറ്റ് ചാർജിൽ നിന്ന് 60- ശതമാനം വിതരണക്കാരനു കിട്ടും. 40 ശതമാനം ഒ.ടി.ടി. കമ്പനി കൊണ്ടുപോകും. ഇക്കാര്യത്തിൽ ഇരുപക്ഷത്തിനും കള്ളം പറയാനാവില്ല. കാരണം ചിത്രം കാണുന്നവരുടെ എണ്ണം നെറ്റിൽ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കും.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നിവിൻ പോളി എന്നിവരുടെ ചിത്രങ്ങൾ കൊറോണക്കാലത്ത് പൂർത്തിയാക്കിയവയിൽപ്പെടും. രണ്ടാം കിട, മൂന്നാം കിട നായകന്മാരുടെ പടങ്ങൾ ഒ.ടി.ടി. റിലീസ് ആണെങ്കിലും കഷ്ടിച്ച് രക്ഷപെടും. മോഹൻലാൽ-പ്രിയദർശൻ ചിത്രമായ കുഞ്ഞാലി മരക്കാരിന്റെ മുതൽമുടക്ക് 100 കോടിയിൽ ഏറെയാണ്.
ഒ.ടി.ടി. റിലീസ് മലയാള സിനിമയ്ക്ക് ഒരവസരമാണ്. പക്ഷെ പുതുമുഖങ്ങളുടെ സിനിമകൾ അവർക്ക് വേണ്ട. എന്നാൽ, ഒ.ടി.ടി. റിലീസേ കിട്ടൂ എന്നു ചിന്തിക്കുന്ന നിർമ്മാതാക്കൾ ഇപ്പോൾ ചെലവ് കുറച്ച് സിനിമയെടുക്കാൻ ശ്രമിക്കുകയാണ്. അതായത്, സിനിമാ നിർമ്മാണം ഇപ്പോൾ അറിഞ്ഞോ അറിയാതെയോ ബജറ്റിന്റെകാര്യത്തിൽ സ്വയം നിയന്ത്രണത്തിനു വിധേയമായിത്തുടങ്ങി. പണം വാരിയെറിയാനില്ല, 'തിരുമ്മിതിരുമ്മിയേ' പണം ചെലവഴിക്കൂ എന്ന വാശിയിലാണ് പല നിർമ്മാതാക്കളും. ഒരു സിനിമയുടെ 50-ഉം 100-ഉം ദിവസങ്ങളുടെ ആഘോഷങ്ങൾ പോലും വിദേശത്ത് സ്റ്റേജ്‌ഷോയാക്കി മാറ്റി അടുത്ത സിനിമയ്ക്കുള്ള മൂലധനമുണ്ടാക്കിയിരുന്ന ചിലനിർമ്മാതാക്കൾ കൊറോണക്കാലത്ത് കാലിടറിപ്പോയ ബിസിനസുകാരിൽ ചിലർമാത്രമാണിപ്പോൾ.
Comments