സ്മരണ
മധുര മാഞ്ചുവട്ടിലെ മധുരിക്കും ഓര്‍മയായി ആന്റോ..!
ഒട്ടേറെ സംഗീത രാവുകളെയും നാടക അരങ്ങുകളെയും അനുഗൃഹീതമായ ശബ്ദ സൗകുമാര്യം കൊണ്ട് സമ്പന്നമാക്കിയ തോപ്പില്‍ ആന്റോ ഓര്‍മ്മയായി.
ചലച്ചിത്ര ഗാനങ്ങളിലും നാടക ഗാനങ്ങളിലും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്. അനശ്വരനായ മുഹമ്മദ് റാഫിയുടെ ഹിറ്റുകളായിരുന്നു തോപ്പില്‍ ആന്റോയ്ക്ക് ഏറെ പ്രിയം.
ചവിട്ടുനാടകത്തില്‍ തല്‍പരനായ പിതാവ് കുഞ്ഞാപ്പു പുത്തന്‍ പാനയും അമ്മാനയുമൊക്കെ ഈണത്തില്‍ ചൊല്ലുന്ന മാതാവ് ഏലിയാമ്മ.
അമ്മാവന്‍ വാവച്ചന്‍ അറിയപ്പെടുന്ന ഭാഗവതര്‍. അങ്ങനെ, കലയോടുള്ള ആന്റോയുടെ താല്പര്യത്തിനു സഹായകമായ വഴികള്‍ പലതായിരുന്നു. പഠിച്ച വിദ്യാലയമായിരുന്നു ആദ്യ അരങ്ങ്. 15-ാം വയസ്സില്‍ ഇടപ്പള്ളി കോമള മ്യൂസിക്കല്‍ ക്ലബ്ബിന്റെ ഗാനമേളയില്‍ പങ്കെടുത്തതോടെ നാട്ടില്‍ പാട്ടുകാരനായി അറിയപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് എറണാകുളം ടാന്‍സന്‍ മ്യൂസിക്കല്‍ ക്ലബ്ബില്‍, സി ഒ ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവരോടൊപ്പം അനേകം വേദികളില്‍ പാടിതിമര്‍ക്കുകയായിരുന്നു. ഗാനമേളകളില്‍ റാഫിയുടെ പാട്ടുകള്‍ ശ്രോതാക്കള്‍ ആവര്‍ത്തിച്ചു പാടിക്കുമായിരുന്നു. പിന്നീട്, ബോംബെയിലും കൊച്ചിയിലും ആ അതുല്യ കലാകാരനെ പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത്, തന്റെ സംഗീത ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ആന്റോ പറയുന്നു.
വിമോചന സമരം കൊടുമ്പിരിക്കൊണ്ട സമയത്ത്, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നാടക സമിതി സി ജെ തോമസിന്റെ 'വിഷവൃക്ഷം' അവതരിപ്പിച്ചപ്പോള്‍ ആന്റോ ആദ്യമായി നാടക പിന്നണി ഗായകനായി. എല്‍ പി ആര്‍ വര്‍മ്മയായിരുന്നു സംഗീത സംവിധായകന്‍. നാട്ടുകാരനും പിന്നീട് കേന്ദ്ര മന്ത്രിയായ എ സി ജോര്‍ജിന്റെ ശുപാര്‍ശ പ്രകാരമാണ് സമിതിയിലെത്തിയതെങ്കിലും രണ്ടു നാടകം കഴിഞ്ഞപ്പോള്‍ ആന്റോ കളം വിട്ടു. പിന്നീട്, മാള മഹാത്മ തിയ്യേറ്റേഴ്‌സിന്റെ 'രക്തസാക്ഷികള്‍ ഗര്‍ജിക്കുന്നു ', ചാലക്കുടി സൈമ തിയ്യേറ്റേഴ്‌സിന്റെ 'കാറള്‍മാന്‍ എമ്പ്രദോര്‍', തൃശൂര്‍ കേന്ദ്രമാക്കി കെ എസ് നായര്‍ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് അനുഭാവ സമിതിയായ നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ നാടകം എന്നിവയുടെയും പിന്നണിപ്പാട്ടുകാരനായി. ചങ്ങമ്പുഴയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികളില്‍, എരൂര്‍ വാസുദേവിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ' ചിരട്ടയുണ്ട് തേങ്ങയില്ല' എന്ന നാടകത്തില്‍ പാടുന്നയാണ് സിനിമാ സംവിധായകന്‍ കെ എസ് ആന്റണിയെ പരിചയപ്പെടുന്നത്.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ 'കാല്‍പ്പാടുകള്‍' സംവിധാനം ചെയ്തത് അദ്ദേഹമാണ്. നാടകം കണ്ട കെ എസ് ആന്റണി പിന്നണി പാടിയ ഗായകനെ അന്വേഷിക്കുകയായിരുന്നു. തന്റെ പുതിയ ചിത്രമായ 'ഫാദര്‍ ഡാമിയന്റെ' പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. കെ എസ് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ആന്റോ മദ്രാസിലെത്തി. ബാബുരാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബാബുരാജുമൊത്തുള്ള, ദിവസങ്ങള്‍ നീണ്ട മദ്രാസ് ജീവിതവും മറ്റൊരു അവിസ്മരണീയാനുഭവം. 'ഫാദര്‍ ഡാമിയനു' വേണ്ടി ഒരു സോളോയും ഒരു കോറസും പാടി. തുടര്‍ന്ന് മദ്രാസില്‍ താമസിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതെ ആന്റോ നാട്ടിലേക്കു മടങ്ങി. പിന്നെ, കോട്ടയം നാഷണല്‍ തിയ്യേറ്റേഴ്‌സുമായിട്ടാണ് സഹകരിച്ചത്. എന്‍ എന്‍ പിള്ളയുടെ 'ആത്മബലി'യായിരുന്നു നാടകം. രംഗത്ത് ജോസ് പ്രകാശ്, പറവൂര്‍ ഭരതന്‍, മാവേലിക്കര പൊന്നമ്മ തുടങ്ങിയ പ്രഗല്ഭര്‍. തുടര്‍ന്ന് എന്‍ എന്‍ പിള്ളയുടെ ഒളശ്ശ വിശ്വ കേരള കലാസമിതിയില്‍. പ്രേതലോകം, പോര്‍ട്ടര്‍ കുഞ്ഞാലി, ആദി മനുഷ്യന്‍ എന്നീ നാടകങ്ങള്‍.
പിന്നീട്, കായംകുളം പീപ്പിള്‍സ് തിയ്യേറ്റേഴ്‌സിന്റെ അഗ്‌നിഗോളം, മാനിഷാദ, ചിലന്തിവല എന്നീ നാടകങ്ങളിലും, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ നേതൃത്വം നല്‍കിയ വൈക്കം ഗീതാഞ്ജലി തീയറ്റേഴ്‌സിനൊപ്പം കൂടി. വൈക്കം എഴുതി സംവിധാനം ചെയ്ത 'വഴി' എന്ന നാടകത്തിലും ആന്റോ പിന്നണിപ്പാട്ടുകാരനായിരുന്നു. പിന്നീട് ചലച്ചിത്ര സംവിധായകനായി മാറിയ ജേസിയുടെ നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമാക്കി സ്റ്റേജ് ഇന്ത്യ എന്ന പ്രൊഫഷണല്‍ നാടക സമിതി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍, അവരുടെ 'റൂം നമ്പര്‍ വണ്‍' എന്ന നാടകത്തിനു വേണ്ടി വയലാര്‍ എഴുതിയ ഗാനങ്ങള്‍ ആലപിച്ചത് തോപ്പില്‍ ആന്റോയും രാധാ കുപ്പുസ്വാമിയുമായിരുന്നു. സിനിമാ-നാടക രംഗങ്ങളിലെ ഇരുത്തംവന്ന അഭിനേതാക്കളായ ജേസി, കോട്ടയം ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്, എന്‍ ഗോവിന്ദന്‍കുട്ടി, ഡി കെ ചെല്ലപ്പന്‍, ചാപ്ലിന്‍, കമലം തുടങ്ങിയവരായിരുന്നു രംഗത്ത്. പിന്നീട്, കലാകേരളം തോപ്പില്‍ ആന്റോയിലെ ഗായകനെക്കണ്ടത്, പ്രൊഫഷണല്‍ നാടക സമിതികളുടെ പിന്നണിയിലല്ല, കൊച്ചിന്‍ കലാഭവന്റെയും ശിവഗിരി ശാരദ കലാസമിതിയുടെയും തിരുവനന്തപുരം ടാസിന്റെയും കോട്ടയം ഫാന്‍സിന്റെയും വോയ്‌സ് ഓഫ് കോട്ടയത്തിന്റെയും സംഗീത അരങ്ങുകളിലാണ്.
എ പി ഉദയഭാനുവിന്റെ 'ഓള്‍ഡ് ഈസ് ഗോള്‍ഡി'ന്റെ വേദികളിലും ആന്റോ നിറസാന്നിദ്ധ്യമായിരുന്നു. '88ല്‍, യുവഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിന്‍ ബാര്‍ഡോര്‍ മ്യൂസിക് ട്രൂപ്പ് എന്ന കൂട്ടായ്മ സ്വന്തമായി സംഘടിപ്പിച്ചു. അമേരിക്കയിലും ഗള്‍ഫ് നാടുകളിലും പലവട്ടം സമിതി ഗാനമേളകള്‍ നടത്തി. യേശുദാസ്, ജയചന്ദ്രന്‍, കമുകറ പുരുഷോത്തമന്‍, ബ്രഹ്‌മാനന്ദന്‍, സി ഒ ആന്റോ, എപി ഉദയഭാനു, മെഹബൂബ്, കെ ജി മര്‍ക്കോസ്, ശാന്താ പി നായര്‍, മാധുരി, രാധികാ തിലക്, വസന്ത തുടങ്ങിയ ഗായിക - ഗായകരോടൊപ്പം പല തവണ ഗാനമേള വേദികള്‍ പങ്കിടാന്‍ ആന്റോയ്ക്ക് അവസരമുണ്ടായിട്ടുണ്ട്.
ഫാദര്‍ ഡാമിയന്‍, റാഗിംഗ്, അനുഭവങ്ങളേ നന്ദി, വീണ പൂവ്, ലജാവതി, സ്‌നേഹം ഒരു പ്രവാഹം, ഹണീബി ടൂ എന്നിവയാണ് ആന്റോ പിന്നണി പാടിയ സിനിമകള്‍. ആന്റോ ചിട്ടപ്പെടുത്തി ജീവന്‍ ടി വി യില്‍ ആന്റോ അവതരിപ്പിച്ചിരുന്ന മലയാള നാടക രംഗത്തെ കലാകാരന്മാരെയും കലാകാരികളെയും പരിചയപ്പെടുത്തുന്ന 'നാടകമേ ഉലകം' എന്ന പരമ്പര ഏറെ പ്രശംസ നേടിയിരുന്നു. 2014ല്‍, മലയാള നാടക വേദിയുടെ ശതാബ്ദി പ്രമാണിച്ച് കേരള സംഗീത നാടക അക്കാദമി പുറത്തിറക്കിയ, 100 പഴയകാല നാടകഗാനങ്ങളുടെ സിഡി യുടെ ഏകോപനം നിര്‍വഹിച്ചത് തോപ്പില്‍ ആന്റോയായിരുന്നു. കഴിവിന്റെ അംഗീകാരമായി നിരവധി പുരസ്‌ക്കാരങ്ങളും ആന്റോയ്ക്കു ലഭിച്ചിട്ടുണ്ട്.
പതിനഞ്ചോളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള തോപ്പില്‍ ആന്റോ ഹണി ബീ 2 എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്. അനുഗ്രഹീതനായ ഈ ഗായകന്‍ മലയാളമനസുകളില്‍ എന്നും മധുരിക്കും ഓര്‍മയായി നിലകൊള്ളുകതന്നെ ചെയ്യും.
ജോഷി ജോര്‍ജ്
video courtesy: DD THRISSUR
Comments