വചനപ്രഘോഷകന്‍
ഫാ. ആന്റോ കണ്ണമ്പുഴ
അന്തരിച്ചു
ഗാനരചയിതാവു കൂടിയായ ഫാ. ആന്റോ വിടപറഞ്ഞത് കോവിഡ് അനന്തര ന്യൂമോണിയ മൂലം
ചാലക്കുടി പോട്ട വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറും ഡിവൈന്‍ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ഗാനരചയിതാവുമായ ഫാ. ആന്റോ കണ്ണമ്പുഴ അന്തരിച്ചു. കോയമ്പത്തൂരില്‍ വച്ച്് കോവിഡ് ബാധിതനായ അദ്ദേഹം പിന്നീട് രോഗ മുക്തനായെങ്കിലും ന്യൂമോണിയ ബാധയെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
ഹോളിഫയര്‍ മിനിസ്ട്രി വഴി പരിശുദ്ധാത്മ അഭിഷേകത്തിനു നേതൃത്വം നല്‍കിപ്പോന്ന ഫാ. ആന്റോ കണ്ണമ്പുഴ പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ കരുണയുടെ മണിക്കൂറിലാണ് നിത്യത പൂകിയത്. 52 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. കരിപ്പാശേരി കണ്ണമ്പുഴ അഗസ്റ്റിന്‍ - അന്ന ദമ്പതികളുടെ പുത്രനാണ് ഫാ. ആന്റോ. സംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 ന് അങ്കമാലി വിന്‍സെന്‍ഷ്യന്‍ ആശ്രമ ദേവാലയത്തില്‍.
വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രൊവിന്‍സ് അംഗമായ ഫാ.ആന്റോ കണ്ണമ്പുഴ ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവാണ്. യേശുവേ നീ എത്ര നല്ലവന്‍, അര്‍പ്പണ വഴിയില്‍ നിറ ദീപം, എല്ലാം കാണുന്ന കണ്ണുകള്‍ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകളാണ്.കഴിഞ്ഞ ആറു വര്‍ഷമായി കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു ഫാ.ആന്റോ. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍, പുതുപ്പാടി വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിരുന്നു.
Comments