ഹൈപ്പര്‍ സോണിക് മിസൈല്‍
പറത്തി വടക്കന്‍ കൊറിയയും
ആണവ ശക്തികള്‍ ഇത്തരം മിസൈലുകള്‍ നിര്‍മ്മിച്ചുകൂട്ടുന്നതിന്റെ അപകടം വലുതെന്നു നിരീക്ഷകര്‍
ശബ്ദത്തേക്കാള്‍ പതിന്മടങ്ങ് വേഗതയുള്ള മാരക ഹൈപ്പര്‍ സോണിക് മിസൈല്‍ വടക്കന്‍ കൊറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അമേരിക്ക പരീക്ഷിച്ചത് ശബ്ദത്തിന്റെ 17 മടങ്ങ് വേഗതയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ ആയിരുന്നു. അതേ ക്ഷമതയുള്ളതാണ് തങ്ങളുടേതുമെന്നാണ് കൊറിയയുടെ വാദം.
അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി മാറിയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യ. ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇപ്പോള്‍ വടക്കന്‍ കൊറിയയും സ്ഥാനം നേടി. ഏറ്റവും തന്ത്രപരമായ ആയുധമെന്ന വിശേഷണമാണ് ഹൈപ്പര്‍ സോണിക് മിസൈലിന് കിം ജോംഗ് ഉന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്.തങ്ങളുടെ പ്രതിരോധത്തിന് പതിന്മടങ്ങ് ശക്തികൂട്ടിയിരിക്കുകയാണ് പുതിയ ആയുധമെന്നാണ് അവകാശവാദം.ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ കിം ജോംഗ് ഉന്‍ ആയുധങ്ങളുണ്ടാക്കുന്നത് സ്വന്തം പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയാണെന്ന് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മിസൈല്‍ പരീക്ഷിച്ചത്.
പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ വേഗത, കൃത്യത എന്നിവയാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങളുടെ പ്രത്യേകതയെന്നും ലോകത്തെ ആണവ ശക്തികള്‍ ഇത്തരം മിസൈലുകള്‍ നിര്‍മ്മിച്ചുകൂട്ടുന്നതിന്റെ അപകടം വലുതാണെന്നും കാര്‍നേജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന സംഘടനയുടെ പ്രതിനിധി അങ്കിത് പാണ്ഡ ചൂണ്ടിക്കാട്ടി.ഹൈപ്പര്‍ സോണിക് മിസൈലുകളടക്കം അഞ്ച് പുതിയ ആയുധങ്ങള്‍ വടക്കന്‍ കൊറിയ പരീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങളും രഹസ്യാന്വേഷണ വിഭാഗവുമാണ് ബദ്ധ ശത്രുക്കളായ വടക്കന്‍ കൊറിയയുടെ നീക്കം പുറത്തുവിട്ടത്. ഒരു മാസത്തിനകം മൂന്നാമത്തെ മിസൈലാണ് വടക്കന്‍ കൊറിയ പരീക്ഷിച്ചത്.
സെക്കന്‍ഡില്‍ രണ്ട് കിലോ മീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളെപ്പോലും വളരെ എളുപ്പം തകര്‍ക്കാന്‍ സാധിക്കും. നിലവില്‍ ഹൈപ്പര്‍ സോണിക് മിസൈലുകളെ തടയാന്‍ കഴിയുന്ന മിസൈല്‍ സാങ്കേതിക വിദ്യ ഒരു രാഷ്ട്രത്തിനുമില്ല. ഒരു മിസൈലിനെ തടയണമെങ്കില്‍ ആ മിസൈലിനേക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്ന മറ്റൊരു മിസൈലിനു മാത്രമേ സാദ്ധ്യമാകൂ.
നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡര്‍ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങള്‍ ഹൈപ്പര്‍സോണിക വേഗം യാഥാര്‍ഥ്യമാക്കിയവയാണ്.ഇന്ത്യയുടെ തന്നെ അവതാര്‍ തുടങ്ങിയ ചെറുവിമാന സങ്കല്‍പവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഭാവിയില്‍ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്.ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തില്‍ റഷ്യയാണ് മുന്‍പില്‍. കിന്‍ഷാല്‍ ഹൈപ്പര്‍സോണിക് മിസൈലായിരുന്നു റഷ്യയുടെ താരം.
ഇപ്പോള്‍ ഹൈപ്പര്‍സോണിക് ബൂസ്റ്റ്-ഗ്ലൈഡ് വാഹനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന തന്ത്രപരമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനമായ അവാംഗാര്‍ഡ് മിസൈല്‍ ആണ് റഷ്യന്‍ കലവറയിലെ അതിശക്തന്‍. അന്തരീക്ഷത്തിലെ ഇടതൂര്‍ന്ന പാളികളില്‍ ശബ്ദത്തിന്റെ 20 ഇരട്ടി വേഗതയില്‍ പറക്കാന്‍ ഇതിനു കഴിയും. ഇതിനേക്കാള്‍ മാരക ശേഷിയുള്ള സിര്‍ക്കോണ്‍ എന്ന ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം റഷ്യ പൂര്‍ത്തിയാക്കിയതായാണ്് റിപ്പോര്‍ട്ടുകള്‍.
ബാബു കദളിക്കാട്
Video Courtesy : THE SUN
Comments