പാപ്പായുടെ ചരിത്രപരമായ ഇറാക്ക് യാത്രയുടെ ഏറ്റവും
അപകടം പിടിച്ച ഘട്ടമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഴിച്ചുവിട്ട ക്രൂര താണ്ഡവത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ഇറാക്കിലെ ക്രിസ്ത്യാനികളെ ആശ്വാസത്തിന്റേയും പ്രതീക്ഷയുടെയും പുതിയ ജീവിത പാതയിലേക്കാനയിച്ചുകൊണ്ട് കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ അര്‍ബിലിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പേരുടെ പങ്കാളിത്തത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യ ബലിയര്‍പ്പിച്ചു. കോവിഡ് -19 'സൂപ്പര്‍ സ്‌പ്രെഡറായി' മാറുമെന്ന ഭയപ്പാടിനിടയിലും ജനക്കൂട്ടം ആവേശത്തിന്റെയും ഭക്തിയുടെയും വന്‍ ജ്വാലകളുയര്‍ത്തി.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് 2014 മുതല്‍ നടത്തിയ ആക്രമണം ഉള്‍പ്പെടെ, വര്‍ഷങ്ങളായി നിരന്തര പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട ഒട്ടേറെ ക്രിസ്ത്യാനികളുടെ അഭയസ്ഥാനമാണ് അര്‍ബില്‍. പൗരസ്ത്യ ആരാധനാ ക്രമത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മ്മികനായുള്ള ദിവ്യബലി. ജാലകമില്ലാത്ത വെള്ള 'പോപ്പ്-മൊബൈല്‍' സ്റ്റേഡിയത്തിലേക്കെത്തിയതോടെ 84 വയസുള്ള പാപ്പ ആവേശ ഭരിതനായി. ഫ്രാന്‍സോ ഹരിരി സ്റ്റേഡിയത്തില്‍ വെളുത്ത കസേരകളില്‍ സാമൂഹിക അകലം പാലിച്ചിരുന്ന ആയിരങ്ങള്‍ 'വിവാ ഇല്‍ പാപ്പ ' ഗീതികള്‍ മുഴക്കി. 20 വര്‍ഷം മുമ്പ് തീവ്രവാദികളാല്‍ വധിക്കപ്പെട്ട ഇറാഖി ക്രിസ്ത്യന്‍ രാഷ്ട്രീയ നേതാവാണു ഫ്രാന്‍സോ ഹരിരി.
പാപ്പായുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൊപ്പികളും കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതിനായി മുഖംമൂടികളും ധരിച്ചിരുന്നു സദസ്യര്‍. കോവിഡിന്റെ രണ്ടാമത്തെ തരംഗം ആരംഭിച്ച ശേഷം ഇറാക്കില്‍ പ്രതിദിനം 5,000 പുതിയ അണുബാധകളാണുണ്ടാകുന്നത്. ' വ്യവസ്ഥകളുടെ ആധിക്യമുള്ളതിനാല്‍ ഇത് ഒരു പ്രത്യേക യാത്രയാണ് ' - വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. എങ്കിലും ഈ ജനതയോടുള്ള പാപ്പായുടെ സ്‌നേഹത്തിന്റെ ബഹിര്‍ സ്ഫുരണമാണീ സന്ദര്‍ശനം. 2003 ലെ യുഎസ് ആക്രമണത്തിന് മുമ്പ് 1.5 ദശലക്ഷമായിരുന്നു ഇറാക്കിലെ ക്രിസ്ത്യന്‍ ജനസംഖ്യ. ഇപ്പോള്‍ 400,000 ല്‍ താഴെയായി ചുരുങ്ങി.
പാപ്പായുടെ ചരിത്രപരമായ ഇറാക്ക് യാത്രയുടെ ഏറ്റവും അപകടം പിടിച്ച ഘട്ടമെന്നാണ് വടക്കന്‍ ഇറാക്കിന്റെ ഭാഗമായ കുര്‍ദിസ്ഥാന്‍ മേഖലയിലെ സന്ദര്‍ശനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് മാരകമായ റോക്കറ്റ് ആക്രമണം നഗരത്തെ ലക്ഷ്യമിട്ട് നടന്നിരുന്നു. 2014 ല്‍ ഐഎസ് വടക്കന്‍ പ്രവിശ്യയായ നീനെവേയില്‍ താണ്ഡവം നടത്തവേ പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ നാടുകടത്തപ്പെട്ടവരെയും യുദ്ധത്തില്‍ ഇരകളായവരെയും കാണുന്നതിനു വന്നെത്താനുള്ള തന്റെ സന്നദ്ധ അന്നേ പ്രകടിപ്പിച്ചിരുന്നു. വിപരീത സാഹചര്യങ്ങള്‍ക്കിടയിലും ആ വാഗ്ദാനം പാപ്പ നിറവേറ്റി.
ബാബു കദളിക്കാട്











Comments