Foto

ഇന്നത്തെ ലോകത്തിന് ആവശ്യം ഫ്രാൻസിസ്കൻ സമാധാന പാതയെന്ന് കർദ്ദിനാൾ സൂപ്പി

വത്തിക്കാന്‍ സിറ്റി: ചെന്നായ്ക്കളുടെ ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധ ഫ്രാൻസിസ് അസ്സീസി നമ്മെ പഠിപ്പിക്കുന്നത് നിരായുധീകരണം ആണെന്നും ഇന്നത്തെ ലോകത്തിന് ആവശ്യം ഫ്രാൻസിസ്കൻ സമാധാന പാതയാണെന്നും ഇറ്റലിയിലെ മെത്രാൻ സമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി. വിശുദ്ധ ഫ്രാൻസിസ് അസ്സീസി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതിന്റെ എണ്ണൂറാം വാർഷിക ദിനത്തില്‍ അസ്സീസിയിൽ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനം സൃഷ്ടിക്കുവാനുള്ള ശില്പികളാകാനുള്ള വിളിയാണ് നമുക്കുള്ളതെന്നും കർദ്ദിനാൾ മത്തെയോ സൂപ്പി പറഞ്ഞു.

എട്ടു നൂറ്റാണ്ടുകൾക്കു മുൻപ് വിശുദ്ധ ഫ്രാൻസിസ് മുന്നോട്ടുവച്ച സമാധാനത്തിന്റെ സുവിശേഷസന്ദേശം, നിരന്തരമായ യുദ്ധങ്ങളും, അക്രമങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിനുമുന്നിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആളുകളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുന്ന യുദ്ധഭ്രാന്തിന് മുന്നിൽ, സമാധാനത്തിന്റെ ചിന്തകൾ എല്ലാവരിലേക്കും കടന്നുവരുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ഉണ്ടാകൂ. എല്ലാറ്റിലും, എല്ലാവരിലും ക്രിസ്തുവിനെ കണ്ട വിശുദ്ധ ഫ്രാൻസിസ്, ശത്രുവിലും ദൈവത്തെ കാണുവാൻ നമ്മെ പഠിപ്പിക്കുന്നു എന്ന് ഓർമ്മപ്പെടുത്തിയ കർദ്ദിനാൾ, പാവങ്ങളുടെ പക്ഷം ചേർന്ന് സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിലും വിശുദ്ധൻ നമുക്ക് മാതൃകയാണെന്ന് അനുസ്മരിച്ചു.

യുദ്ധം അനിവാര്യമല്ലെന്നും, സമാധാനത്തിന്റെ സന്ദേശമാണ് നമ്മിൽനിന്ന് വരേണ്ടതെന്നുമാണ് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. സംവാദങ്ങൾക്ക് പകരം ആയുധങ്ങളിലൂടെ സമാധാനം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്ന വിഘടനവാദികളുടെ ഉദ്ബോധനങ്ങൾ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കാനേ ഉപകരിക്കൂ. അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനം സൃഷ്ടിക്കുന്നവരാകാനാണ് വിശുദ്ധ ഫ്രാൻസിസ് നമ്മെ ആഹ്വാനം ചെയ്യുന്നത്.

ചെന്നായ്ക്കളെയുൾപ്പെടെ സഹോദരാ എന്ന് വിളിക്കുകയും, സ്നേഹത്താൽ തിന്മയെ നിരായുധമാക്കുകയും ചെയ്യുന്ന ഫ്രാൻസിസിന്റെ ഈ ജൂബിലി വർഷാവസാനത്തിൽ, ദൈവത്തിന്റെ ഭവനമായ സഭയെ പടുത്തുയർത്തുന്നതിനും, യേശുവിന്റെ നുകം ഏറ്റെടുക്കുന്നതിനും ഏവരെയും ക്ഷണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ക്ടോബർ 4 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെ അനുസ്മരിച്ചിരുന്നു.

Comments

leave a reply

Related News