കേരളം ഒരിക്കൽക്കൂടി നിയമസഭാ ഇലക്ഷനെ നേരിടാൻ ഒരുങ്ങുകയാണ്. രാഷ്ട്രീയമായും സാമൂഹികമായും ഏറെ കലുഷിതമായ ഒരു സാഹചര്യത്തിലാണ് ഒരു നിർണ്ണായകമായ ഇലക്ഷൻ കാലം വന്നെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. കോവിഡ് മുതൽ പാലാരിവട്ടം പാലം വരെയുള്ള പലതും ഇലക്ഷൻ ക്യാംപെയ്‌നിങ്ങുകളെ സ്വാധീനിക്കും എന്നുറപ്പ്. അഴിമതി കഥകളും വർഗീയ പ്രചരണങ്ങളും മുമ്പത്തേക്കാളധികമായി ഇലക്ഷനെ സ്വാധീനിച്ചേക്കാം. പൊതുസമൂഹം പതിവിലേറെ ആശയക്കുഴപ്പങ്ങളിലാണ് എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പുകാലത്തിന്റെ മറ്റൊരു പ്രത്യേകത. മുഖ്യധാരാ മാധ്യമങ്ങൾ ചർച്ചചെയ്യാൻ മടിച്ച പല വിഷയങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ട ഒരു കാലമാണ് കടന്നുപോകുന്നത്. ചിന്താശേഷിയുള്ള സാധാരണക്കാർ ഒട്ടേറെ വാസ്തവങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു എന്നുള്ളത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തീർച്ച. രാഷ്ട്രീയപ്പാർട്ടികൾക്ക് അതീതമായി അനേകർ ഉയർന്നു ചിന്തിക്കുന്നു എന്നതിനാലാണ് മറ്റു പല ബദൽ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് അതിശയകരമായ സ്വീകാര്യത നമുക്കിടയിൽ ലഭിക്കുന്നത്. ഇത്തരത്തിൽ കണ്മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങി നിൽക്കുന്ന ഒരു വലിയ വിഭാഗത്തിന് തിരിച്ചറിവുകൾ നൽകുമെന്ന് പ്രത്യാശിക്കാം.
ഈ തെരഞ്ഞെടുപ്പുകാലത്ത് സാധാരണക്കാരുടെ പക്ഷത്ത് നിന്നു ചിന്തിച്ചാൽ രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകമായി പരിഗണിക്കേണ്ട വിഷയങ്ങൾ പലതുണ്ട്. അത്തരം ചില വിഷയങ്ങളെങ്കിലും വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടാതെ പോയേക്കാം എന്ന ഭീഷണിയുള്ളവയാണ്. സാധാരണക്കാരുടെ ഇന്നത്തെ യഥാർത്ഥ പ്രശ്നങ്ങളായ പലതും ചർച്ച ചെയ്യപ്പെടാൻ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും വേദിയൊരുക്കാറില്ല. കടൽത്തീര ജനതയും, മലയോരമേഖലകളിലെ കർഷകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉദാഹരണമാണ്. സർക്കാരിന്റെ കാര്യഗൗരവത്തോടെയുള്ള ഇടപെടലുകൾ ആവശ്യമുണ്ടായിട്ടും അതുണ്ടാവാത്ത വിവിധ വിഷയങ്ങൾ ഈ തെരഞ്ഞെടുപ്പുകാലത്ത് ചോദ്യചിഹ്നങ്ങളായി നിൽക്കുന്നുണ്ട്. അത്തരം വിഷയങ്ങൾ ഇനിയെങ്കിലും ഏറ്റെടുക്കാൻ തയ്യാറുള്ള ചങ്കൂറ്റമുള്ള ജനപ്രതിനിധികളെയാണ് ഈ കാലഘട്ടത്തിൽ കേരളത്തിനാവശ്യം.
അസമത്വവും അനീതിയും അവഗണനകളും സാമുദായികവും സാമൂഹികവുമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ മതേതര നിലപാടുകളുള്ള ഭരണകർത്താക്കളെ നമുക്കാവശ്യമുണ്ട്. ഏതെങ്കിലും ചില വിഭാഗങ്ങളുടെ മാത്രം പിന്തുണ തേടുകയും മറ്റുചിലരെ മാറ്റി നിർത്തുകയും ചെയ്യുന്ന, സ്ഥാപിത താൽപ്പര്യങ്ങളോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതികൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. പിന്നാക്ക സമുദായങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കേണ്ട പരിഗണകളും ആനുകൂല്യങ്ങളും പക്ഷഭേദമില്ലാതെയും മുഖംനോക്കാതെയും നൽകാൻ ഭരണകൂടത്തിന് കഴിയാത്ത ദുരവസ്ഥ ഇന്നുണ്ട്. 80: 20 അനുപാതത്തിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം അതിന് ഉദാഹരണമാണ്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങളുടെ എൺപത് ശതമാനവും അനുവദിക്കുമ്പോൾ മറ്റെല്ലാ വിഭാഗങ്ങൾക്കും കൂടി ഇരുപത് ശതമാനം നൽകുന്ന നയം ജനാധിപത്യ വിരുദ്ധം മാത്രമല്ല തികഞ്ഞ അനീതിയുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ ഗുരുതരമായ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് അവർക്കുള്ള പ്രത്യേക പദ്ധതികളും ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിലെ നീതിനിഷേധങ്ങളുടെ കഥകൾ മാത്രമാണ് അനേകർക്ക് പറയാനുള്ളത്. കൊച്ചിയിലെ മൂലമ്പിള്ളി കുടിയിറക്ക് വിഷയത്തിൽ ഇനിയും നീതിനിഷ്‌ഠമായ സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് ഉദാഹരണം മാത്രം.
സാധാരണ കർഷകരും പാവപ്പെട്ട തൊഴിലാളികളുമായവരാണ് കേരളത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർതന്നെയാണ് തെരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമായ വിഭാഗവും. ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ ആവേശത്തോടെ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നുപോലും അവരുടെ അടിസ്ഥാനപരമായ ആശങ്കളെ സ്പർശിക്കുന്നില്ല എന്നതാണ് വാസ്തവം. പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടെ പുറത്തിറങ്ങിയിട്ടുള്ള കരടുവിജ്ഞാപനങ്ങളെല്ലാം സാധാരണക്കാരായ ദശലക്ഷക്കണക്കിന് പേരെ അത്യധികം ആശങ്കകളിൽ അകപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ആ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മാധ്യമങ്ങളോ രാഷ്ട്രീയപ്പാർട്ടികളോ ഭരണകൂടമോ ശ്രമിച്ചിട്ടില്ല എന്നുള്ളത് ദുഃഖകരമാണ്. പുതിയ കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും ആശങ്കകളും വരുംഭാവിയിലെങ്കിലും ഏറ്റെടുക്കപ്പെടേണ്ടതുണ്ട്.
തീരദേശ മേഖലകളും മൽസ്യബന്ധനമേഖലയിലെ തൊഴിലാളികളും മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അനുഭാവപൂർണമായ ഒരു സമീപനം ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ചെല്ലാനം, വലിയതുറ തുടങ്ങിയ മേഖലകളിലെ കടലാക്രമണം ചെറുക്കാൻ ബാധ്യസ്ഥരായ സർക്കാർ, ഇനിയും ശരിയായ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിവിധ സർക്കാർ പദ്ധതികകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന വലിയ പ്രത്യാഘാതങ്ങൾ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ഭാവിയിൽ ഇരുൾവീഴ്ത്തിക്കൊണ്ടിരിക്കുന്നു. അവരുടെ പ്രശ്നങ്ങളെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് അകന്നു നിൽക്കുന്ന ശൈലിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. പുതിയ പദ്ധതികളും വ്യവസായങ്ങളും വിഭാവനം ചെയ്യുമ്പോൾ സാധാരണക്കാരായ മനുഷ്യരുടെ പരിമിതമായ വരുമാനമാർഗ്ഗങ്ങളെയും ചുറ്റുപാടുകളെയും ബാധിക്കുന്നതാവരുത് എന്നുള്ളത് നയമായി സ്വീകരിക്കാൻ ഇനിയുള്ള സർക്കാരുകൾക്ക് കഴിയണം. മൽസ്യബന്ധന മേഖലയിൽ വിവിധ രീതിയിൽ തൊഴിൽ കണ്ടെത്തുന്ന സാധാരണക്കാരായ സകലരും ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന നാളുകളാണിത്. അവർക്കിടയിലേക്ക് കടന്നുവരുന്ന സ്ഥാനാർത്ഥികൾ അവരുടെ ഭാവിയെക്കുറിച്ച് കരുതലുള്ളവരായിരിക്കട്ടെ.
സാമ്പത്തിക ഉന്നമനത്തിനുള്ള വലിയ സാധ്യതകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് മാറിവരുന്ന സർക്കാരുകൾ അവലംബിച്ചുവരുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ, ലോട്ടറി, മദ്യം തുടങ്ങിയവയിൽനിന്നാണ് സംസ്ഥാനത്തിന്റെ മുഖ്യവരുമാനം എന്നുള്ളത് അപമാനകരമായ ഒരു യാഥാർത്ഥ്യമാണ്. സാധാരണക്കാരുടെ അത്യാവശ്യങ്ങളെയും ബലഹീനതകളെയും പണമാക്കി മാറ്റി ചെലവുകഴിയുന്ന പതിവ് രീതികൾക്ക് മാറ്റം ആവശ്യമാണ്. കൃഷിയിലെ ആധുനികവൽക്കരണവും കർഷകർക്കുള്ള ശാസ്ത്രീയ പിന്തുണയും, ടൂറിസം രംഗത്തെ അനന്ത സാധ്യതകളുടെ പ്രയോജനപ്പെടുത്തൽ, പുതിയ സംരംഭങ്ങൾക്കുള്ള പ്രോത്സാഹനവും ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പും തുടങ്ങിയവയിലൂടെ മാത്രമേ കേരളത്തിന് സ്ഥായിയായ വികസനം സാധ്യമാകൂ. ഈ തിരിച്ചറിവാണ് ഈ കാലഘട്ടത്തിലെ ജനപ്രതിനിധികൾക്ക് ആവശ്യം.
രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി ദേശത്തിന്റെയും സമൂഹങ്ങളുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പൊതുജനം നിർബ്ബന്ധിതരായിരിക്കുന്ന ഒരു കാലമാണിത്. ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം ചേർന്ന് നിന്നില്ലെങ്കിൽ ഫലമുണ്ടോ എന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ, മുന്നണികളുടെ നയങ്ങളും രീതികളും താൽപ്പര്യങ്ങളും പക്ഷപാതപരവും അനാരോഗ്യകരവുമായി മാറുമ്പോൾ കൂടുതൽ മെച്ചപ്പെട്ട കാഴ്ചപ്പാടുള്ളവരെ പിന്തുണയ്‌ക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറുന്നു. അടിസ്ഥാനപരമായി കേരളസമൂഹം സവിശേഷ ശ്രദ്ധയാഗ്രഹിക്കുന്ന മേൽപ്പറഞ്ഞ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിവുള്ളവരെ കണ്ടെത്തി നിയമസഭയിലേക്കയയ്ക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക എന്നതിൽക്കവിഞ്ഞ് മറ്റൊരു തത്വശാസ്ത്രത്തിനും ഈ ഇലക്ഷൻകാലത്ത് പ്രസക്തിയുണ്ടെന്ന് കരുതാൻ വയ്യ.
എഡിറ്റോറിയൽ
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.
Comments