Foto

പ്രത്യാശയുടെ കുരിശുമരങ്ങൾ

പ്രത്യാശയുടെ കുരിശുമരങ്ങൾ

    ഞാൻ സെബാസ്റ്റ്യൻ... 2017 ഒക്ടോബറിലെ വസന്തകാലരാവുകളിൽ അസ്വസ്ഥനായിരുന്നു ഞാനാകെ... പകലുകൾ ചുരുങ്ങിയും രാത്രി വളരെ ദൈർഘ്യമേറിയും വിസ്തൃതമായ സായംകാലങ്ങൾ എന്നിൽ നിക്ഷേപിച്ചതാകട്ടെ അഗാധമായ ശൂന്യതയും .. മിഴിപൂട്ടി നിദ്രയ്ക്കൊരുങ്ങുമെങ്കിലും പുലർക്കാലം കടന്നെത്തുവാൻ നാഴികകൾ ഏറെ വൈകുന്നതുപോലെയും...
    വളരെയേറെ മാനസികവ്യഥയിലും  നിശബ്ദതയിൽപ്പോലും അടങ്ങാത്ത മനസ്സിന്റെ നൊടുവീർപ്പിലും ഉഴറുന്ന സമയം... പാരവശ്യവും, നിഴൽപ്പോലെ മങ്ങാത്ത ചോദ്യശരങ്ങളും, മനസ്സിൽ നിറയ്ക്കുന്ന ഭയാനകതകൾ വേറെയും..  ദൈവീകമായ സാന്ത്വനങ്ങൾപ്പോലും അന്യമായ  ദിനരാത്രങ്ങൾ...  ആ  നിർവ്വികാരതയുടെ ഏകാന്തതയിൽ ഞാൻ കുത്തിക്കുറിക്കുവാൻ തുടങ്ങി... നിറങ്ങൾ ചാലിച്ചല്ലെങ്കിലും, ഈശോയെപ്പറ്റി, അവിടുത്തെ പ്രിയശിഷ്യൻ പത്രോസിനെപ്പറ്റി,  ഒറ്റുകാരൻ യൂദാസിനെപ്പറ്റി... മൂന്ന്  ചെറിയ ഖണ്ഡികയിൽമാത്രം ഒതുങ്ങിയ വാക്യശകലങ്ങൾ... അതായിരുന്നു എല്ലാറ്റിന്റെയും തുടക്കം... ഇടനെഞ്ചിലെ കനലുകളൊക്കേയും മറകൂടാതെ  പ്രതിഫലിച്ച അക്ഷരകൂട്ടങ്ങളായിരുന്നു അവയെല്ലാം ... ആ വസന്തകാലം എനിക്കു സമ്മാനിച്ച പ്രതീക്ഷയുടെ നിറപുഞ്ചിരി വിടർത്തിയ രചനാആവിഷ്ക്കാരം...
    ഞാനത് എന്റെ സുഹൃത്ത് അബ്രാമിനെ കാണിച്ചു, അവനും പറഞ്ഞു, “നമ്മുക്കിത് പൂർത്തിയാക്കണം, കൂടുതൽ വിപുലമായിത്തന്നെ എഴുതിത്തീർക്കണം, കാരണം, ഇത് നിന്റെ മാത്രം അവസ്ഥയല്ല, മറിച്ച്, എന്റെയും എല്ലാവരുടെയും ജീവിതമാണ്.” അങ്ങനെ ഞങ്ങൾ തുടങ്ങി, നാലുവർഷക്കാലം നീണ്ടു ആ എഴുത്തിന്റെ യാത്ര.. അനുഭവങ്ങൾ ഒന്നൊഴിയാതെ നിരചേർന്ന അറിവിന്റെ ഇടങ്ങളിലൂടെ... ആ സഞ്ചാരപഥം പര്യവസാനിച്ചതാകട്ടെ; “പ്രത്യാശയുടെ കുരിശുമരങ്ങൾ” എന്ന കൃതിയുടെ ജനനത്തിലും.
    ഇത് വായിക്കുന്ന നിങ്ങളുടെ ജീവിതത്തിലും, ഈ നിമിഷത്തിൽപ്പോലും ഒരു പക്ഷെ, വേദനയും കണ്ണുനീരും ഇടകലർന്ന മുഖങ്ങൾ തെളിഞ്ഞു നിന്നേക്കാം, ഉത്തരമില്ലാതെ ഭയാനകതകൾ മനസ്സിനെ അലട്ടുന്നുമുണ്ടാവാം... സ്നേഹിതരെ, നിങ്ങളുടെ പ്രതിസന്ധികൾക്ക് പ്രതിവിധി പകരുവാൻ ഞങ്ങളുടെ കൈകൾ അശക്തങ്ങളെങ്കിലും, ഒരു കാര്യം ഉറപ്പു തരുവാൻ സാധിക്കും- താങ്കൾ തനിച്ചല്ല ഈ യാത്രയിൽ... എന്ന യാഥാർത്ഥ്യം'' അനേകായിരങ്ങൾ നമ്മുക്കു മുന്നേ ഇതേ വഴിയിടങ്ങളിലൂടെ വിജയകരമായി കടന്നു പോയിട്ടുണ്ട് എന്ന സത്യം... ഇതുപോലെ, ജീവിതം ജീവിച്ച്, പാതിവഴിയിൽ നിശ്ചലമാകാതെ കടന്നുപോയവരുടെ വഴിത്താരകൾ കടം ചേർത്തതാണ് “പ്രത്യാശയുടെ കുരിശുമരങ്ങൾ…”
    രക്ഷകനായ യേശുവിന്റെ പീഢാസഹനങ്ങൾക്ക് മുന്നോടിയായ രണ്ടു രാത്രികളിൽ, കുറേ മനുഷ്യാത്മാക്കളുടെ ജീവിതവഴിയിൽ അരങ്ങേറിയ സംഭവപരമ്പരകളെ കാലത്തിന്റെ അതിർവരമ്പുകളില്ലാതെ പറഞ്ഞുവെച്ച കഥാഗതി... വളരെ നാടകീയമായ അവതരണശൈലിയിലൂടെ ഹൃദ്യമായ വായനയുടെ വർണ്ണലോകമാണ് പ്രത്യാശയുടെ കുരിശുമരങ്ങൾ ആസ്വാദകർക്ക് സമ്മാനിക്കുന്നത്... ഉദ്ദ്യോഗജനകവും ജീവിതഗന്ധിയുമായ കഥാമുഹൂർത്തങ്ങൾ ജീവസുറ്റതാക്കുന്ന അദ്ധ്യായങ്ങൾ അകത്താളുകളെ ചലനാത്മകമാക്കുന്നു.. അനിർവ്വാചകരായ വായനക്കാരന്റെ ഭാവനാമുകുളങ്ങളിൽ കഥാപാത്രങ്ങളുടെ താളാത്മക സഞ്ചാരം, പുത്തൻ ആവിഷ്ക്കാരങ്ങൾ നിറയ്ക്കുമെന്നതും തീർച്ച...
    സംഭവ പരമ്പരകളുടെ സങ്കീർണതകളും കഥാപാത്രവിവരണങ്ങളും ഇടകലർന്ന രചനാആവിഷ്ക്കാരം, സ്വപ്നങ്ങൾക്കും, ജീവജാലങ്ങൾക്കും, എന്തിനേറെ പ്രകൃതിയുടെ മനോഹാരിതകൾപ്പോലും ഭാവനയുടെ വർണ്ണച്ചിറക് സമ്മാനിച്ചിരിക്കുന്നു...ഈ സർഗ്ഗസൃഷ്ടിയുടെ വരികളിലെല്ലാം തന്നെ മനുഷ്യമനസ്സിന്റെ പല വ്യാപാരങ്ങളും സംഘർഷ സമ്മേളനങ്ങളും ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്നതും ഹൃദ്യമായിരിക്കുന്നു... വളരെ ശാന്തമായൊരു വായനാനുഭവം, അതുമാത്രമാണ് ഈ കാവ്യാത്മകതയുടെ ഉദ്ദേശലക്ഷ്യവും... 
    ജീവിതയാത്രയുടെ മധുരിമയിൽ പലപ്പോഴും ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന അതിഥികളാണ് ദുഃഖ-ദുരിതസംമിശ്രങ്ങൾ. അവയൊക്കെയും മനുഷ്യജീവിതത്തിൽ ഉയർത്തുന്ന നിസ്സാരതയും പ്രതിബന്ധങ്ങളും അങ്ങേയറ്റം വേദനാജനകവും നിരാശജനകവുമാണ്. ജീവിതത്തിന്റെ ക്ഷണികതയും നിസ്സഹായതയും ഊട്ടിയുറപ്പിക്കുന്ന ഈ സംഭവങ്ങൾ ജീവിതയാത്രയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്, പ്രതികൂലമായി ബാധിക്കുന്നുണ്ട്.. ഈ നെടുവീർപ്പുകൾക്കൊന്നും ശാശ്വതമായ പരിഹാരമോ പ്രതിവിധികളോ ഇല്ലായെങ്കിലും, അവയേയും തരണം ചെയ്ത് മുന്നോട്ട് നീങ്ങുവാൻ പ്രചോദിപ്പിക്കുന്ന പ്രേരകശക്തിയാണ് “പ്രത്യാശയുടെ ഈ നുറുങ്ങുവെട്ടങ്ങൾ…” 
    ഇരുളിന്റെ ഭയാനകതകൾക്കുമപ്പുറവും ഉദയരാശ്മികൾ വിടരുമെന്ന പ്രത്യാശ, മരണത്തിന്റെ നിസ്സഹായതയിലും പുതുജനനം കാണാമെന്ന പ്രത്യാശ, തേരാതെ പെയ്യുന്ന കണ്ണുനീരിലും മായാതെ വിടരുന്ന പുഞ്ചിരിയുടെ പ്രത്യാശ... അതെ, പ്രത്യാശയുടെ ഈ പുതുനാമ്പുകൾ പ്രകൃതിയിൽപ്പോലും പരിലസിച്ചു നിൽക്കുന്നതുപോലെ...
    പലപ്പോഴും, പലരും ചോദിക്കാറുണ്ട്, “എന്താണീ പുസ്ത രചനയിലൂടെ നിങ്ങൾ നേടാൻ ഉദ്ദേശിച്ചത്...? നിങ്ങളുടെ വിലയേറിയ സമയനഷ്ടത്തേക്കാൾ വലുതായതെന്തെങ്കിലും ഈ കഥാരചനയിൽ വിലമതിക്കാനാവുമോ...?” 
    ഞങ്ങളീ പ്രപഞ്ചത്തിന്റെ വെറുമൊരു കോണിലാണെങ്കിലും, വില നൽകിയാൽപ്പോലും ലഭിക്കാത്ത വളരെ സാദ്ധ്യതകൾ ഈ ആവിഷ്ക്കാരത്തിലൂടെ നേടി എന്നതാണ് വസ്തുത.. ഈ തൂലിക സൗഹൃദത്തിലൂടെ പരസ്പരം താങ്ങായി മാറുകയായിരുന്നു എബ്രാമും സെബാസ്റ്റ്യനും… ജീവിതാനുഭവങ്ങളെ കഥാഗതിയുടെ നടവഴിയിലൂടെയും സംഭാഷണശകലങ്ങളെ ജീവസുറ്റ നിരീക്ഷണങ്ങളിലൂടെയും പുനരാവിഷ്ക്കരിച്ച രചനാസൗഹൃദം... പർവ്വതീകരിക്കപ്പെട്ട പല ബുദ്ധിമുട്ടുകൾക്കും വേദനകൾക്കും അർഥതലങ്ങൾ തരുന്നവയായിരുന്നു ഈ പരകായപ്രവേശനങ്ങൾ...
    ഒരിക്കൽ ഞങ്ങൾ കോടികൾ കടബാധ്യതയുള്ള ഞങ്ങളുടെ ജേഷ്ഠനോട് ചോദിച്ചു: “ചേട്ടന് എങ്ങനെയാണു ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലും പ്രത്യാശയോടെ പുഞ്ചിരിക്കുവാൻ കഴിയുന്നത് എന്ന്...?” വളരെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ മറുപടി...ഉന്നതമായ വൈജ്ഞാനിക കണ്ടെത്തലുകളേക്കാൾ ഹൃദയരക്തം വിയർപ്പുത്തുള്ളികളിൽ ഇഴചേർന്ന പ്രതിവാചകം:
    “ഓരോരുത്തർക്കും ഓരോ കുരിശുകൾ നല്കപ്പെട്ടിട്ടുണ്ട്. എന്റെ കുരിശു ചുമക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്... അത് മറ്റാർക്കും ചുമക്കുവാനാവില്ല.   ആ കുരിശു ഞാൻ സന്തോഷത്തോടെ വഹിക്കുമ്പോൾ, ജീവിതം സമാധാനമുള്ളതായി തീരും. ദൈവം എടുക്കുവാൻ പറ്റുന്ന കുരിശ് എനിക്ക് തന്നു... ആ ദൈവം എന്നെ സഹായിക്കുകയും ചെയ്യും, പിന്നെ ഞാൻ എന്തിന് ആകുലപ്പെടണം...?പക്ഷെ,എപ്പോൾ ഞാൻ എന്റെ കുരിശു ഉപേഷിക്കുന്നുവോ അപ്പോൾ എന്റെ പരാജയവും ആരംഭിക്കും…”
    പ്രിയ വായനക്കാരെ, ഈ പുസ്തകത്തിന് പരിമിതികൾ ഒത്തിരിയേറെ കണ്ടെന്ന് വരാം, പക്ഷെ ഒരു കാര്യം ഞങ്ങൾ ഉറപ്പു തരുന്നു; ഇത് വായിക്കുന്നത് ഒരു നഷ്ടമായി നിങ്ങൾക്ക് തോന്നുകയില്ല... കൂടാതെ, നിങ്ങൾ നിങ്ങളെത്തന്നെ പല കഥാപാത്രങ്ങളിലൂടെ കാണുകയും ചെയ്യും... കാരണം, ഇതൊരു ഭാവനാസൃഷ്ടിയേക്കാളും ഞങ്ങളുടെ ജീവിതം തന്നെയാണ്… 
                                    - എബ്രാം സെബാസ്റ്റ്യൻ 

കഥാകൃത്തുക്കളെ പറ്റി ഒരു വാക്ക്:
    എബ്രാം സെബാസ്റ്റ്യൻ എന്ന തൂലിക നാമം രണ്ടു വ്യക്തികളെ ഉൾകൊള്ളുന്ന ചുരുക്കെഴുത്താണ്... ഡെന്നിസ് ചാക്കോ എന്ന് വിളിപ്പേരുള്ള എബ്രാം ഇടുക്കി ഭൂമിയാംകുളം സ്വദേശിയാണ്. മൂന്ന് കുട്ടികളുടെ പിതാവായ അദ്ദേഹം തന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും കൂടെ കൃഷി കാര്യങ്ങളൊക്കൊ യായി തുടരുന്നു. 
    ഫാ. മനു മാത്യു എന്ന് വിളിപ്പേരുള്ള സെബാസ്റ്റ്യൻ ഒരു യുവവൈദീകനാണ്. ഇടുക്കി മരിയാപുരം സ്വദേശിയായ അച്ചൻ, അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയിൽ മിഷണറി വൈദീകനായി സേവനം ചെയ്യുന്നു. അദ്ദേഹം രൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുന്നു. 
    എബ്രാമും സെബാസ്റ്റ്യനും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. നാടകഎഴുത്തുകളും ഭക്തിഗാന രചനയുമായി സമാരംഭിച്ച ഈ തൂലിക സൗഹൃദം ഇന്ന് അനവധി കലാസൃഷ്ടികളുടെ പിറവിക്കും കാരണമായിരിക്കുന്നു... കോവിഡ് മഹാമാരിയുടെ തീവ്രതയിൽ വിശുദ്ധവാരത്തോടനുബന്ധിച്ചു റിലീസ് ചെയ്ത “കുരിശിന്റെ വഴിയിലൂടെ രക്ഷകന്റെ പിന്നാലെ” സോഷ്യൽ മീഡിയാ ഫ്ലാറ്റ് ഫോമുകളിൽ വളരെ ജനപ്രീതിയുള്ള പ്രോഗ്രാമായി തുടരുന്നു…സ്കിറ്റുകൾ, കവിതാരചന, തിരക്കഥാരചന എന്നിവയിലും ഈ രചനാ സൗഹൃദം വളരെ ദൂരം പിന്നിട്ടിരിക്കുന്നു.. തണൽ പബ്ലിക്കേഷൻ എന്ന പ്രസദ്ധീകരണ സംരംഭവും അവരുടെ സ്വന്തമായ ചുവടുവെയ്പ്പുമാണ്. നിസ്തുലമായ ആ വ്യക്തിബന്ധവും കൂട്ടായ ആവിഷ്ക്കാരശ്രമങ്ങളും  എബ്രാം സെബാസ്റ്റ്യൻ എന്ന തൂലികനാമത്തിൽ പ്രശോഭിതമാകട്ടെ എന്ന് ആശംസിക്കുന്നു...

Foto

Comments

leave a reply