Foto

പ്രത്യാശയുടെ തിരിവെട്ടവുമായി ക്രിസ്മസ്: ബിഷപ് പോളി കണ്ണൂക്കാടന്‍

മനുഷ്യരായ നമുക്കുവേണ്ടിയും ഭൂമി മുഴുവന്റെയും രക്ഷയ്ക്കുവേണ്ടിയും ദൈവപുത്രന്‍ സ്വര്‍ഗത്തില്‍നിന്നും പ്രപഞ്ചത്തിലേയ്ക്ക് ഇറങ്ങി മനുഷ്യരൂപം പ്രാപിച്ചതിന്റെ ഓര്‍മയാണ് ക്രിസ്മസ്. ചുറ്റിലും ഇരുള്‍ പടരുന്ന, തികച്ചും നിസ്സഹായമായ, പ്രതീക്ഷകള്‍ അസ്തമിക്കുന്ന ഒരു പ്രത്യേക കാലത്തിലാണ് നാം ഈ വര്‍ഷം ക്രിസ്മസ് ആചരിക്കാന്‍ ഒരുങ്ങുന്നത്. കോവിഡ്-19 സകലവിധ നിയന്ത്രണങ്ങളും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. ലോകത്ത് ഇതിനോടകം ഏകദേശം 8 കോടി മനുഷ്യരെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. മാത്രമല്ല, 15 ലക്ഷത്തില്‍ അധികം പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്നത് നമ്മുടെ ഭീതി വര്‍ധിപ്പിക്കുന്നുമുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇത്തരം പ്രതിസന്ധികളുടെ മധ്യെയാണ് ദൈവപുത്രന്റെ മനുഷ്യാവതാരത്തിനു പ്രസക്തിയേറുന്നത്. പ്രതികൂല ദശാസന്ധികളില്‍, ദുര്‍ഘടഘട്ടങ്ങളില്‍, മുന്‍പിലെ സകല വഴികളും അടഞ്ഞുവെന്നു കരുതുന്ന സങ്കട കാലങ്ങളില്‍ മനുഷ്യരുടെ പാതകളില്‍ തെളിഞ്ഞുയരുന്ന അരുണോദയത്തിന്റെ പേരാണ് യേശുക്രിസ്തു.


ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മപ്പെടുത്തുന്നതുപോലെ 'പ്രത്യാശയുടെ ഉത്സവമാണ് ക്രിസ്മസ്'. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നിടത്ത് രക്ഷകന്‍ സൂര്യതേജസ്സായി ഉദിച്ചുയരും എന്നത് തീര്‍ച്ചയാണ്. കാരണം, 'സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത' (ലൂക്കാ 2:10) നല്‍കാനാണ് ദൈവം മനുഷ്യനായത്. 'അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു' (മത്തായി 4:16) എന്നു തന്നെയാണ് സുവിശേഷം നമ്മെ അറിയിക്കുന്ന പ്രത്യാശയുടെ സന്ദേശം. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചുവെന്നും അവരുടെ കണ്ണുനീര്‍ തുടച്ചുമാറ്റിയെന്നും മനുഷ്യകുലത്തിനു 'സമാധാനം' നല്‍കിയെന്നുമുള്ള വിശുദ്ധഗ്രന്ഥ പാഠം നമ്മുടെ തുടര്‍ജീവിതവഴികളില്‍ വെളിച്ചമാകട്ടെ.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വളരെ പ്രത്യേകമായി ഭാരതത്തിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അത്ര നിസ്സാരമായി അവഗണിക്കാനാവില്ല. മതതീവ്രവാദത്തിന്റെ അന്ധതയില്‍ നിരപരാധരുടെ രക്തം തന്നെയാണ് ഭൂമിയില്‍ ചിതറിക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം. അപരനെ ശത്രുവായി പരിഗണിക്കാനല്ല; മറിച്ച്, ദൈവമായി കരുതി ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. എങ്കിലും പലപ്പോഴും ഇതിനു വിപരീതമായ സംഗതികളാണ് നമ്മുടെ ചുറ്റിലും അരങ്ങേറുന്നത്. 'ഏവരും സോദരര്‍' എന്നു തന്നെയാണ് കത്തോലിക്കാ സഭ മുറുകെപ്പിടിക്കുന്ന വിശ്വാസവും പ്രഘോഷിക്കുന്ന സുവിശേഷവും. ആരെയും നിന്റെ സ്‌നേഹവലയത്തില്‍ നിന്നും ഒഴിവാക്കാനല്ല; എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തണച്ചു ഒരുമയോടെ മുന്നേറാനാണ് നാം ഇനി പരിശ്രമിക്കേണ്ടത്. 'വിഭാഗീയതയുടെ മതില്‍ക്കെട്ടുകള്‍ പണിയാനല്ല, നിസ്വാര്‍ഥ സ്‌നേഹത്തിന്റെ പാലങ്ങള്‍ സൃഷ്ടിക്കാനാണ്' നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കാം.


ഭൂമിക്കുവേണ്ടിയും നീതിക്കുവേണ്ടിയും ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഏതു കാലത്തും അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ഉപായമാണ്. നമ്മുടെ രാജ്യത്തും അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നുതന്നെയാണ് സമകാലീന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരാന്‍ നേതൃത്വം നല്‍കുന്നവരുടെ നിഴലിനെപ്പോലും ചിലര്‍ ഭയക്കുന്നുണ്ട് എന്നത് വാസ്തവമാണ്. വന്‍കിട മാഫിയകളുടെയും കോര്‍പറേറ്റുകളുടെയും വര്‍ഗീയവാദികളുടെയും ചട്ടുകങ്ങളായി ഭരണാധികാരികള്‍ മാറുന്നുവെന്നു നാം തിരിച്ചറിയണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ നീതിയും ന്യായവും സത്യവും മുറുകെപ്പിടിക്കുന്ന, സമൂഹത്തിന്റെ നിര്‍മിതിയില്‍ കാര്യക്ഷമമായ പങ്കു നിര്‍വഹിക്കുന്ന, വികസനങ്ങള്‍ക്കും ക്ഷേമത്തിനും തുല്യപങ്കാളിത്തത്തിനും വില കല്‍പ്പിക്കുന്ന നല്ല നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടാന്‍ നമുക്ക് ആഗ്രഹിക്കാം. അതിനായി ഒറ്റക്കെട്ടായി പരിശ്രമിക്കാം.
ഒരു വര്‍ഷത്തിലെ അവസാനത്തെ പടിയിലേക്ക് നാം കാലുകുത്തുകയാണ്. 2020 അത്ര ശുഭകരമായ ഒരു കാലമായിരുന്നില്ല എന്നു നമുക്കറിയാം. എന്തായാലും പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തിനായി നമുക്കു കാതോര്‍ക്കാം. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത നമുക്ക് ആശ്വാസം പ്രദാനം ചെയ്യുന്നുണ്ട്. ഇരുപത്തിയഞ്ചു നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ തീക്ഷ്ണമായ പ്രാര്‍ഥനയും ത്യാഗപ്രവര്‍ത്തികളും നമുക്കു മുഖമുദ്രയാക്കാം. അനാവശ്യമായ ആര്‍ഭാടങ്ങളെയും ധൂര്‍ത്തിനെയും പരമാവധി ഒഴിവാക്കി ലാളിത്യത്തിന്റെയും ചെലവു ചുരുക്കലിന്റെയും പുതിയ പാഠങ്ങള്‍ നമുക്കു ശീലമാക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ വീട്ടകങ്ങളിലേക്ക് കാലെടുത്തു വയ്ക്കാതിരിക്കാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്കു നമുക്കു മടങ്ങാം. അനുദിന ജീവിതത്തിന് ആവശ്യമായത് നമ്മുടെ ഭവനങ്ങളോടു ചേര്‍ന്ന ഇടങ്ങളില്‍ കൃഷി ചെയ്ത് കണ്ടെത്താനും വിസ്തൃതമായ തരിശുനിലങ്ങളെ ഉപയോഗപ്പെടുത്തി വിഷരഹിതമായ ഭക്ഷണവസ്തുക്കളെ നമ്മുടെ നാട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കാനും എല്ലാ തൊഴിലുകളെയും ആദരിക്കാനും നമുക്കു കൂട്ടായി യത്‌നിക്കാം. പുതിയ വര്‍ഷം പുതിയ സംസ്‌കാരത്തിലേക്കുള്ള ചുവടുവെപ്പുകള്‍ ആകട്ടെ.
ഏവര്‍ക്കും ആഗതമാകുന്ന ക്രിസ്മസിന്റെയും പുത്തനാണ്ടിന്റെയും അനുഗ്രഹവും
ആശംസകളും സ്‌നേഹപൂര്‍വം നേരുന്നു.

ഡിസംബര്‍ 24 വ്യാഴാഴ്ച രാത്രി 11.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 25 വെള്ളിയാഴ്ച ഇരിങ്ങാലക്കുട സബ് ജയിലില്‍ രാവിലെ 10.30 ന് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ബിഷപ് പങ്കെടുത്ത് സന്ദേശം നല്‍കുന്നതാണ്

Comments

leave a reply

Related News