പ്രത്യാശയുടെ വെളിച്ചമെത്തിക്കാൻ കർമ്മപദ്ധി വേണം: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശരി
കൊച്ചി : കോവിഡ് മഹാമാരിയും പ്രളയക്കെടുതികളും മൂലം വലയുന്നവരിലേക്ക് പ്രത്യാശയുടെ വെളിച്ചമെത്തിക്കുവാൻ എല്ലാ കൂട്ടായ്മകൾക്കും കഴിയണമെന്ന് കെ.സി.ബി.സി. ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. കെ.സി.ബി.സി മീഡിയാ കമ്മീഷനും, കെ.സി.ബി.സി ഫാമിലി കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച 'കോവിഡിനപ്പുറവും ജീവിതമുണ്ട്' എന്ന വെബിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
2018-ൽ ഉണ്ടായ മഹാപ്രളയം മനുഷ്യരിലുള്ള പരസ്പര സ്‌നേഹത്തിന്റെ ഹൃദയ വാതായനങ്ങൾ തുറക്കാനിടയാക്കി. കോവിഡ് മഹാമാരിയാകട്ടെ, നമ്മളെ കുടുംബങ്ങളിൽ അടച്ചിട്ടുവെങ്കിലും സാമൂഹികാകലത്തിന്റെ സാങ്കേതികത്വം സാമൂഹികബന്ധങ്ങളുടെ ഊർജ്ജം നഷ്ടമാക്കി. എന്നാൽ, അപരൻ സ്‌നേഹിക്കപ്പെടേണ്ടവനും ശുശ്രൂഷിക്കപ്പെടേണ്ടവനുമാണെന്ന സന്ദേശം മനുഷ്യഹൃദയങ്ങളിൽ സന്നിവേശിപ്പിക്കാൻ കോവിഡിനു കഴിഞ്ഞു. കേരളം നേരിടുന്ന ഭൗതികവും മാനസികവുമായ വെല്ലുവിളികൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള കർമ്മപദ്ധതികൾ ഈ വെബിനാറിലൂടെ രൂപപ്പെടുത്താൻ കഴിയട്ടെയെന്ന് ബിഷപ്പ് ആശംസിച്ചു. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, ഡോ. എം.എസ്. സുനിൽ, എം.പി. ജോസഫ് ഐ.എ.എസ്, ഫാ. ചിൽട്ടൻ ജോർജ് ഫെർണാണ്ടസ്, അഡ്വ. ചാർളി പോൾ, ഡോ. അഞ്ജു മനീഷ്, ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു. മീഡിയ കമ്മീഷൻ സെക്രട്ടറി ഡോ. എബ്രഹാം ഇരിമ്പിനിക്കൽ സ്വാഗതവും ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സിമേതി നന്ദിയും പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ട സെമിനാറിൽ നൂറോളം പേർ പങ്കെടുത്തു.
Comments