Foto

വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.

വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ വെച്ചായിരിക്കും റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്നത്. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍,കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍  വചനപ്രഘോഷണം നടത്തും.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്  കാര്‍ഡിനല്‍ ക്ലിമ്മിസ് കാതോലിക്ക ബാവ , സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറി ലോസ് ഹെര്‍ണാന്‍ഡസ് എന്നിവര്‍ പങ്കെടുക്കും.

മോണ്‍. ആന്റണി വാലുങ്കല്‍ എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലൈ 26ന് ഭൂജാതനായി. 1984 ജൂണ്‍ 17ന് വൈദികപരിശീലനത്തിനായി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 11-ന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍നിന്നും അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 

തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യനാളുകളില്‍ പൊറ്റക്കുഴി, വാടേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്ത ഡോ. ആന്റണി വാലുങ്കല്‍ പിന്നീട് വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനിഹോം സെമിനാരി ഡയറക്ടര്‍ എന്നീ നിലകളില്‍ നിസ്തുലമായി സേവനം അനുഷ്ഠിച്ചു.കര്‍ത്തേടം സെന്റ് ജോര്‍ജ്ജ് ഇടവകയുടെ വികാരിയായി സേവനം ചെയ്യുന്ന കാലയളവില്‍ അദ്ദേഹം ഇടവകദൈവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമായ  പങ്കുവഹിച്ചു. വീണ്ടും വൈദികപരിശീലന നിയോഗം സ്വീകരിച്ച ഡോ. വാലുങ്കല്‍ ജോണ്‍പോള്‍ ഭവന്‍ സെമിനാരിയുടെ ഡയറക്ടറായി മൂന്നുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി അയക്കപ്പെട്ട അദ്ദേഹം ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റിയില്‍ നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും പിന്നീട് ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ആലുവ കാര്‍മ്മല്‍ഗിരി സെമിനാരി സ്പിരിച്ച്വല്‍ ഡയറക്ടര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ നിയമിതനായ അദ്ദേഹം വൈദികവിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായിരുന്നു. ഇക്കാലയളവില്‍ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലനശുശ്രൂഷയും അദ്ദേഹം നിര്‍വ്വഹിച്ചു.2021 ഫെബ്രുവരി 4ന് വല്ലാര്‍പാടം ബസിലിക്ക റെക്ടറായി ചുമതലയേറ്റ ഡോ. ആന്റണി വാലുങ്കല്‍ വല്ലാര്‍പാടം തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സമുന്നതമായ വളര്‍ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ചുവരവെയാണ് അതിരൂപതാ സഹായമെത്രാനായി നിയമിതനായത്.

Fr Yesudas Pazhampilly
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

|Archdiocese of Verapoly

Comments

leave a reply

Related News