Foto

2024 സിനഡിനുള്ള ഒരുക്കങ്ങള്‍

സി.റ്റാനിയ, വത്തിക്കാൻ

മെത്രാന്മാരുടെ സിനഡിന്റെ 16ാമത് സാധാരണ പൊതുയോഗത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ നടന്നു കൊണ്ടിരിക്കുകയാണ്.സെപംതംബര്‍ 30 ന് രണ്ടു ദിവസത്തെ ധ്യാനത്തോടെ സിനഡു സമ്മേളനം ആരംഭിക്കും. 2023 ഒക്ടോബറില്‍ നടന്ന ആദ്യ സമ്മേളനം പല പ്രത്യേകതകളാല്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരുന്നു. അത്മായര്‍ക്ക് ആദ്യമായി തുല്യപ്രാധാന്യവും വോട്ടവകാശവും ലഭിച്ചതും  മാര്‍പാപ്പ മുതല്‍ കര്‍ദിനാള്‍മാരും മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും വൈദികരും സന്ന്യസ്തരും അല്‍മായരുമടക്കം എല്ലാവരും ഒരു പോലെ വട്ടമേശയ്ക്കു ചുറ്റുമിരുന്ന് സഭാവിഷയങ്ങളെക്കുറിച്ച് ചര്‍ച് ചെയ്തതൊക്കെ അദ്ഭുതത്തോടെയാണ് നാം കണ്ടത്. ഇതുവരെയുള്ള സിനഡു സമ്മേളനങ്ങളിൽ പ്രത്യേകം പ്രത്യേകം സഭാവിഷയങ്ങളാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഈ സിനഡു സമ്മേളനം സിനഡിനെക്കുറിച്ചു തന്നെയാണ് അതായത്, സിനഡാലിറ്റി അഥവാ സഭ ഒരുമിച്ചു മുന്നേറുന്നതെങ്ങനെ എന്നാണ് പഠിക്കാന്‍ ശ്രമിച്ചത്.
ആഗോള സഭയിലാകമാനം നടത്തിയ ചര്‍ച്ചകളുടേയും കൂടിയാലോചനകളുടേയും ഫലമായി ലഭിച്ച ഒരുപാട് ആശയങ്ങളോടും നിര്‍ദേശങ്ങളോടും കൂടിയാണ് 2023ലെ സിനഡു സമ്മേളനം ആരംഭിച്ചത്. സഭാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച ആ സമ്മേളനം ദൈവജനത്തിനുള്ള ഒരു കത്തും (https://shorturl.at/rGgWL) സിനഡു സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ സംക്ഷിപ്ത രേഖയും  (https://shorturl.at/fIpWd) പ്രകാശനം ചെയ്തുകൊണ്ടാണ് സമാപിച്ചത്.

2024 സിനഡും സമാന്തര പഠന സമിതികളും


2023 ഒക്ടോബറില്‍ നടന്ന ആദ്യ സിനഡു സമ്മേളനം അംഗീകരിച്ച സംക്ഷിപ്ത രേഖ തന്നെയായിരിക്കും 2024ല്‍ സമ്മേളനത്തിന്‍റെ കേന്ദ്രബിന്ദു. എന്നാല്‍ synthesis report ലെ എല്ലാ വിഷയങ്ങളും പഠിക്കാന്‍ ഒരു മാസത്തെ സിനഡു സമ്മേളനം മതിയാവുകയില്ല. അതുകൊണ്ട്, കൂടുതല്‍ ഗഹനീയമായ, നീണ്ട പഠനം ആവശ്യമുള്ള വിഷയങ്ങള്‍ വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിദഗ്ദരുടെ പഠന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വത്തിക്കാന്‍ കാര്യാലയങ്ങളിലെ മേലധികാരികളും പ്രാദേശിക സഭാപ്രതിനിധികളും അടങ്ങിയ ഈ സംഘങ്ങള്‍ സിനഡിന്‍റെ പൊതുകാര്യാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സിനഡു സമ്മേളനത്തില്‍ ഈ പഠന സമിതികളുടെ ആദ്യ റിപ്പോര്‍ട്ട് സിനഡംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും.
പൗരസ്ത്യസഭകളും ലത്തീന്‍ സഭയും തമ്മിലുള്ള കൂട്ടായ്മ, ദരിദ്രരോടുള്ള സഭയുടെ പ്രതിബദ്ധത, ഡിജിറ്റല്‍ മിഷൻ, വൈദിക പരിശീലന പരിഷ്കരണം, ചില പ്രത്യേക ശുശ്രൂഷാ മേഖലകളെ സംബന്ധിച്ച ദൈവശാസ്ത്ര, കാനോനിക വിശകലനം, മെത്രാന്മാരും സന്ന്യസ്ത സഭകളും തമ്മിലുള്ള കൂട്ടായ്മ, മെത്രാന്‍മാരുടെ വ്യക്തിത്വവും ശുശ്രൂഷയും (മെത്രാന്‍മാരുടെ തിരഞ്ഞെടുപ്പ്, ഭരണാധികാരം, ആദ് ലിമിന സന്ദര്‍ശത്തിന്‍റെ രീതികള്‍), പേപ്പല്‍ പ്രതിനിധികളുടെ ശുശ്രൂഷ, പ്രശ്നസങ്കീര്‍ണ്ണമായ ദൈവശാസ്ത്ര, അജപാലന, ധാര്‍മ്മിക പ്രശ്നങ്ങളെ സംബന്ധിച്ച് സംയുക്ത തീരുമാനങ്ങളെടുക്കാന്‍ വേണ്ട സിനഡൽ രീതികളും ദൈവശാസ്ത്രപരമായ മാനദണ്ഡങ്ങളും, സഭൈക്യ രംഗത്തെ ഫലങ്ങള്‍ എന്നീ വിഷയങ്ങളാണ് വിദഗ്ദസമിതികള്‍ക്ക് നല്‍കിയിരിക്കുന്നത്. (https://shorturl.at/Zducl) വിദഗ്ധ സമിതികളുടെ പഠത്തിനു കീഴിലായതുകൊണ്ടു തന്നെ, സിനഡു സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചാവിധേയമാകില്ല.

2024 സിനഡിലെ ചര്‍ച്ചാവിഷയങ്ങള്‍

2023 ഒക്ടോബറില്‍ നടന്ന ആദ്യ സിനഡു സമ്മേളനം അംഗീകരിച്ച സംക്ഷിപ്ത രേഖ തന്നെയായിരിക്കും ഈ സമ്മേളനത്തിന്‍റെ കേന്ദ്രബിന്ദു.
“How to be a synodal Church in mission?” സഭയുടെ പ്രേഷിത ദൗത്യത്തില്‍ ഒരുമിച്ച് എങ്ങനെ മുന്നേറാം, എന്നതാണ് ഇത്തവണ സിനഡു സമ്മേളനത്തിന്‍റെ മുന്നിലുള്ള ഏക ചോദ്യം (https://shorturl.at/y31Ju) . അതിനായി 2021ല്‍ മുതല്‍ നടക്കുന്ന സിനഡല്‍ യാത്രയിലെ  എല്ലാ പഠനങ്ങളുടേയും ചര്‍ച്ചകളുടേയും ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടാം Instrumentum laboris (https://tinyurl.com/48b4sp4j)  എന്ന പ്രവര്‍ത്തന മാര്‍ഗരേഖ. Instrumentum laboris ന്‍റെ ഘടനയ്ക്ക് അനുയോജ്യമായാണ് സിനഡു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ സിനഡാലിറ്റിയുടെ അടിത്തറ ആണ് പരിഗണിക്കുക അതിന്‍റെ ദൈവശാസ്ത്രപരമായ, വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ, കാനോനിക, അജപാലനപരവും, ബൈബിൾ അടിസ്ഥാനമാക്കിയിട്ടുള്ള അടിസ്ഥാനങ്ങള്‍. തുടര്‍ന്ന സിനഡാലിറ്റി എങ്ങനെ കൂടുതലായി പ്രായോഗികമാക്കാം അഥവാ നമുക്ക് എങ്ങനെ ഒരുമിച്ച് മുന്നേറാം എന്ന ചോദ്യമാണുള്ളത്. മൂന്ന് മേഖലകളാണ് ഈ ഭാഗത്തുള്ളത്, ബന്ധങ്ങള്‍, പാതകള്‍, ഇടങ്ങള്‍.ഒരുമിച്ചു നടക്കാനും മുന്നേറാനും ആദ്യമായി പരിഗണിക്കേണ്ടത് ബന്ധങ്ങളാണല്ലോ, അതില്‍ സഭാംഗങ്ങള്‍ തമ്മിലും സഭകൾ തമ്മിലുമുള്ള ബന്ധങ്ങളുണ്ട്, സഭ മേലധ്യക്ഷന്മാര്‍ക്കിടയിലെ ഐക്യം, മേലധ്യക്ഷന്മാരും അല്മായരും തമ്മിലുള്ള കൂട്ടായ്മ, സഭയും ലോകവും തമ്മിലുള്ള ബന്ധം അങ്ങനെ പരിഗണിക്കപ്പെടുന്ന ബന്ധങ്ങളുടെ ഒരു ശൃംഖലതന്നെയുണ്ട്.
ഒരുമിച്ചു മുന്നേറാന്‍ എന്തു മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നതിനെ കുറിച്ച് രണ്ടാമത് ചര്‍ച്ച നടക്കും. സമഗ്രപരിശീലന പാതകളാണ് ഈ ഭാഗത്തെ ആദ്യ ചര്‍ച്ചാവിഷയം. സഭയുടെ പ്രേഷിത രംഗത്ത് എങ്ങനെ ഒരുമിച്ച് തീരുമാനങ്ങളെടുക്കാം, സഭാ തീരുമാനങ്ങളുടേയും നടപടികളുടേയും സുതാര്യത, ഉത്തരവാദിത്വബോധം, സഭാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ഇതൊക്കെയാണ് മറ്റു വിഷയങ്ങള്‍.
മൂന്നാമതായി ഏതൊക്കെ മേഖലകളിലാണ് സിനഡാലിറ്റി അഥവാ കൂട്ടായ്മ ശക്തിപെടുത്തേണ്ടതെന്ന് സിനഡംഗങ്ങള്‍ ചര്‍ച്ച ചെയ്യും. സഭാംഗങ്ങളുടേയും പ്രാദേശിക സഭകളുടേയും കൂട്ടായ്മ എങ്ങനെ വര്‍ദ്ധിപ്പിക്കാം, സഭൈക്യം, സഭാ കൂട്ടായ്മയില്‍ റോമാ മെത്രാന്‍റെ ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളാണ് ഈ ഭാഗത്ത് പരിഗണിക്കുന്നത്.ഒടുവില്‍ സഭാകൂട്ടായ്മ സമകാലിക സമൂഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും സിനഡ് അംഗങ്ങള്‍ വിശകലനം ചെയ്യും. സിനഡു സമ്മേളനത്തിന്‍റെ രീതിരണ്ടു ദിവസം ധ്യാനിച്ചൊരുങ്ങിയ ശേഷമായിരിക്കും സിനഡ് അംഗങ്ങള്‍ സമ്മേളനം ആരംഭിക്കുക. ഇത്തവണ ധ്യാനം സമാപിക്കുന്നത്, മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന പ്രത്യേക പ്രായശ്ചിത്ത പരിഹാര ശുശ്രൂഷയോടെയാണ്. രണ്ടാം തിയതി ബുധനാഴ്‌ച സാഘോഷ ദിവ്യബലിയോടെ സിനഡു സമ്മേളനം ആരംഭിക്കും. സഭാജീവിതത്തിലെ എല്ലാമേഖലകളിലും സിനഡാലിറ്റി എങ്ങനെ പ്രാവര്‍ത്തികമാക്കാം, അഥവാ പ്രേഷിത ശുശ്രൂഷയില്‍ നമുക്ക് എങ്ങനെ ഒരുമിച്ചു മുന്നേറാം എന്ന ഒരൊറ്റ വിഷയമാണ് സമ്മേളനം 5 ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്യുക.ഓരോ ഘട്ടത്തിലും ഒരു പൊതു വിഷയാവതരണം, ഭാഷാടിസ്ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പ് ചര്‍ച്ചകള്‍, ഗ്രൂപ്പ് റിപ്പോര്‍ട്ടുകളുടെ അവതരണം പൊതുചര്‍ച്ച, റിപ്പോര്‍ട്ട് സമര്‍പ്പണം എന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.ഭാഷാടിസ്ഥാനത്തില്‍ പത്തോ പന്ത്രണ്ട് പേരടങ്ങുന്ന 36 ചെറിയ ഗ്രൂപ്പുകളും conversation in the Spirit, ആത്മാവിലുള്ള സംഭാഷണം എന്ന രീതിയാണ് ചര്‍ച്ചയ്ക്ക് അവംലംബിക്കുക. കര്‍ദിനാള്‍മാരും, മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായിരുമെല്ലാം ഇടകലര്‍ന്ന ഗ്രൂപ്പുകളാണ് വട്ടമേശയ്ക്കു ചുറ്റുമുണ്ടാവുക. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ എല്ലാവര്‍ക്കും തുല്യസമയമാണ് സംസാരിക്കാന്‍ ലഭിക്കുന്നത്.അവസാന ദിവസങ്ങളില്‍ സിനഡു സമ്മേളനം സമാപനരേഖയുടെ പണിപ്പുരയിലായിരിക്കും. സിനഡില്‍ നടന്ന ചർച്ചകളുടെയെല്ലാം ഫലമായി ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദേശങ്ങളുമടങ്ങുന്ന സമാപന രേഖയുടെ അവതരണം, അതിന്മേലുള്ള അവസാനവട്ട ചര്‍ച്ചകളും തിരുത്തലുകളും എന്നിവയ്ക്കു ശേഷമാകും അവസാന ദിവസം വോട്ടെടുപ്പ് നടത്തി സമാപന രേഖ അംഗീകരിക്കുന്നത്. ജനറല്‍ സെക്രട്ടറിയേറ്റ് വഴി മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കുന്ന ഈ രേഖ പരസ്യപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം സമാപിക്കുക.
ഇത്തവണ സിനഡു സമ്മേളനത്തിനിടയില്‍ ചില പ്രത്യേക ദൈവശാസ്ത്രചര്‍ച്ചാ വേദികളും സഭൈക്യ പ്രാര്‍ത്ഥനാ യോഗങ്ങളും നടക്കുമെന്ന പ്രത്യേകതയുമുണ്ട്. രണ്ടു വ്യത്യസ്ത ദിവസങ്ങളിലായി നടക്കുന്ന 4 ദൈവശാസ്ത്ര വേദികളില്‍ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

സിനഡിലെ കേരളസാന്നിദ്ധ്യം 


സിനഡില്‍ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങളും ടൈം ടേബിളും നിയമാവലികളും കഴിഞ്ഞ ദിവസം വത്തിക്കാന്‍ വാർത്താ കാര്യാലയം പ്രകാശനം ചെയ്തു. (Link: https://shorturl.at/g8JfO)  സീറോ മലങ്കര സഭയുടെ തലവന്‍ കര്‍ദിനാള്‍ ബസേലീയൂസ് മാര്‍ ക്ലീമീസ്, സീറോമലബാര്‍സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സഭയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായി തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍പാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രതിനിധിസംഘാംഗമായി (CCBI) കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലക്സ് വടക്കും തല, സഹോദര സഭകളെ പ്രതിനിധീകരിച്ച് സീറോ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി അതിരൂപതാധ്യക്ഷന്‍ ഗീവര്‍ഗ്ഗീസ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്താ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സിനഡ് അംഗങ്ങള്‍ഇവര്‍ക്കു പുറമേ, മെത്രാന്മാരല്ലാത്ത സഭാ പ്രതിനിധികളുടെ ഗണത്തില്‍ ആസ്ട്രേലിയന്‍ മേഖലയുടെ പ്രതിനിധി സംഘാംഗമായി ഫാ.സിജീഷ് പുല്ലേങ്കുന്നല്‍ ഏബ്രഹാം, മിഡില്‍ ഈസ്റ്റ് മേഖലയുടെ പ്രതിനിധി സംഘാംഗമായി ശ്രീ മാത്യൂ തോമസ്, മെത്രാന്‍മാര്‍ക്കു വേണ്ടിയുള്ള സിനഡിന്‍റെ കാര്യാലയത്തിലെ അംഗമെന്ന നിലയില്‍ സി.റ്റാനിയാ ജോര്‍ജ്ജ് M.Id  എന്നിവരും സിനഡിലെ മലയാള സാന്നിദ്ധ്യമാണ്. കൂടാതെ സിനഡ് സമ്മേളനത്തിന്‍റെ സഹായക സംഘത്തിലും മലയാളികളായ വൈദികരും വൈദിക വിദ്യാര്‍ത്ഥികളുമുണ്ട്. 


സിനഡിനു ശേഷം?

സിനഡിനു ശേഷം എന്ത് സംഭവിക്കും, തീരുമാനിക്കും എന്ന ചോദ്യങ്ങൾ ഉയർന്നു കേൾക്കാറുള്ളതാണ്. മനസിലാക്കേണ്ടത്, ഒരു deliberative നിയമനിര്‍മ്മാണ സമിതിയല്ല, മറിച്ച് ആലോചനാസമിതിയാണ് consultative സിനഡ് എന്നതാണ്.  കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം സിനഡിന്‍റെ സമാപന രേഖ പാപ്പായ്ക്ക് സമര്‍പ്പിക്കപ്പെടും. അദ്ദേഹമാണ് വീണ്ടും കൂടിയാലോചനകൾക്കു ശേഷം ഔദ്യോഗിക രേഖ സിനഡാന്തര അപ്പസ്തോലിക പ്രബോധനം apostolic exhortation പുറപ്പെടുവിപ്പിക്കുക. ഇത്തവണയും അങ്ങനെ നടന്നേക്കാം.
സിനിഡാലിറ്റി സിനഡ് സഭയില്‍ എന്തു മാറ്റങ്ങൾ കൊണ്ടുവരും എന്നതിനേക്കാൾ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് വിശകലനം ചെയ്യുന്നതാകും കൂടുതൽ ഉചിതം. കാരണം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ സമ്മേളനത്തിൽ മാർപാപ്പ മുതൽ അൽമായനായ ഒരു കോളേജ് വിദ്യാർത്ഥിക്ക് വരെ ഒരുമിച്ച് ചുറ്റുമിരുന്ന് സംസാരിക്കാനും തങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും നിർദ്ദേശങ്ങളും ആശയങ്ങളും സമർപ്പിക്കാനും ചർച്ച ചെയ്യാനും ഒരു അവസരം ഉണ്ടാകുന്നു എന്നതാണ് മഹത്തായ കാര്യം. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രക്രിയ സഭയുടെ പല മേലകളിൽ നവീകരണത്തിന് വഴി തെളിച്ചിട്ടുണ്ട്. നിരവധി രൂപതകളിൽ, ഇടവകകളിൽ ഈ കൂടിയാലോചനകളിന്മേൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വിശ്വാസികൾക്ക് പരസ്പരം  ശ്രവിക്കാനും പരസ്പരം ഉൾക്കൊള്ളാനുള്ള ശേഷി വിപുലപ്പെട്ടതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാസ്റ്ററല്‍ കൗണ്‍സിലുകള്‍ക്ക് ഊര്‍ജ്ജസ്വലതവന്നു. പത്ത് പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് പഠിക്കാനായി പുതിയ സമിതികൾ രൂപീകരിച്ചിരിക്കുന്നതും വലിയ ചുവടുവയ്പ്പാണ്. ഈ പഠനസമിതികൾ വത്തിക്കാൻ കേന്ദ്രീകൃതമല്ല വത്തിക്കാൻ മേലധികാരികളും പ്രാദേശി സഭയിലെ അംഗങ്ങളും ചേർന്നുള്ള ഒരു കൂട്ടായ്മയുടെ സമിതിയാണെന്നതും ശ്രദ്ധേയമാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങൾ ഇതിനകം തന്നെ ഈ സിഡാലിറ്റിയിലൂടെ വന്നു കഴിഞ്ഞിട്ടുണ്ട് . സമ്മേളനത്തിൽ സന്നിഹിതരാകുന്നവര്‍ മാത്രമല്ല ഓരോ സഭാംഗവും ഒരുമിച്ചുള്ള ഈ മുന്നേറ്റത്തിൽ ഭാഗഭാക്കാണ്; ഓരോരുത്തരും അവിഭാജ്യ ഘടകമാണ്. മാർപാപ്പ പറയുന്നതുപോലെ പരിശുദ്ധാത്മാവാണ് synodal journeyയുടെ നായകന്‍. സിനഡു സമ്മേളനവും സഭയെത്തന്നെയും പരിശുദ്ധാത്മാവാണ് നയിക്കുന്നത്. അതുകൊണ്ടു തന്നെനമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും ഈ പ്രക്രിയയില്‍ അനിവാര്യമാണ്. സഭാ ജീവിതത്തിലെ നമ്മുടെ കൂട്ടുത്തരവാദിത്വം പ്രാർത്ഥനയിലൂടെ നിറവേറ്റുവാൻ നമുക്ക് കഴിയണം. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയും അതില്‍ നടക്കുന്ന ചർച്ചകൾക്ക് വേണ്ടിയും ഓരോരുത്തരും പ്രത്യേകം പ്രാർത്ഥിക്കണം. അങ്ങനെ നമ്മുടെ ഗാഢമായ പ്രാർത്ഥനയുടെ പിന്തുണയോടെ ഈ സഭാ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.
 

Comments

leave a reply

Related News