പെൻസിൽവാനിയ: സഹനത്തിന്റെ മൂർദ്ധന്യാവസ്ഥയിലും വിശുദ്ധിയുടെയും പ്രാര്‍ത്ഥനയുടെയും മാതൃകയായി ജീവിച്ച് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കൗമാരക്കാരി മരിയ മിഡിൽട്ടന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാൻ യു.എസ്. കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (USCCB) തീരുമാനം. ബാൾട്ടിമോറിൽ നടന്ന ബിഷപ്പുമാരുടെ വാർഷിക പ്ലീനറി സമ്മേളനത്തിലാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. 2020-ൽ അന്തരിച്ച മരിയ മിഡിൽട്ടന്റെ ജീവിതവും വിശ്വാസവും ധീരമായ സഹനവുമെല്ലാം സഭ ഔദ്യോഗികമായി പരിശോധിക്കുന്ന രൂപതാതല ഘട്ടത്തിലേക്കാണ് ഇതോടെ കടന്നിരിക്കുന്നത്.
വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരിൽ നിരവധി ചെറുപ്പക്കാർ ഉണ്ടായിരുന്നത് സഭയ്ക്ക് ചരിത്രത്തിലുടനീളം ലഭിച്ച ഒരു അനുഗ്രഹമാണെന്നും വിശുദ്ധ ജോവാൻ ഓഫ് ആർക്ക് മുതല്‍ വിശുദ്ധ കാർളോ അക്യൂട്ടിസ് വരെ ഇത് നീളുകയാണെന്നും കാനോനിക്കൽ കാര്യങ്ങൾക്കും സഭാ ഭരണത്തിനുമുള്ള സമിതിയുടെ ചെയർമാനായ ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തിൽ, നമ്മുടെ നാട്ടിൽ ജീവിച്ച മരിയ മിഡിൽട്ടൺ എന്ന യുവതിയെ വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിക്കപ്പെടുന്നതിനുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Comments