Foto

ജോർദാനിലെ ക്രൈസ്തവ ദേവാലയത്തിനു നേരെ തീവ്രവാദി ആക്രമണം: 7 പേര്‍ക്കു ദാരുണാന്ത്യം

അൽ-മുശൈർഫെഹ് (ജോർദാൻ): തെക്കൻ ജോർദാനിലെ കരക് ഗവർണറേറ്റിലുള്ള ക്രൈസ്തവ ദേവാലയത്തിൽ സംസ്കാര ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായി ജോർദാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹമൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തിലാണ് അക്രമികൾ തുരുതുരെ വെടിയുതിർത്തത്. തീവ്രവാദ സ്വഭാവമുള്ള ഭീകരാക്രമണമാണിതെന്ന് ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അബ്ദുള്ള അൽ-മാഇത വ്യക്തമാക്കി.

പരിക്കേറ്റ ഭൂരിഭാഗം പേരും ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രി മാസിൻ അൽ ഫറായെ സ്ഥിരീകരിച്ചു. എന്നാൽ ഇവർക്ക് രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏതെങ്കിലും ഭീകര സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ദേവാലയത്തിന്റെ സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ജോർദാൻ ഔദ്യോഗിക ചാനലായ അൽ-മംലക പുറത്തുവിട്ടു. മൂന്ന് അക്രമികൾ റോഡരികിലെ മരങ്ങൾക്കും മതിലുകൾക്കും പിന്നിൽ ഒളിച്ചുനിന്ന് പള്ളിക്ക് നേരെ വെടിയുതിർക്കുന്നതും തുടർന്ന് പ്രവേശന കവാടത്തിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സാധാരണഗതിയിൽ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം സമാധാനപരമായി നിലനിൽക്കുന്ന ജോർദാനിൽ, ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണ്. യേശുവിന്റെ ജ്ഞാനസ്നാനത്തിന് രണ്ടായിരം വര്‍ഷം തികയുന്ന 2033-ലെ മഹാജൂബിലിയ്ക്കായി ജോര്‍ദാന്‍ തയാറെടുക്കുന്നതിനിടെയാണ് ആക്രമണം അരങ്ങേറിയത്. 

Comments

leave a reply

Related News