Foto

‘എനിക്ക് വൈദികനാകണം’; പാപ്പയുടെ ബലിയര്‍പ്പണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് അർജന്റീനിയൻ യുവാവ്

ബ്യൂണസ് അയേഴ്‌സ്: ലെയോ പതിനാലാമൻ പാപ്പയുടെ അർജന്റീന സന്ദർശനം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുമ്പോൾ, പത്തൊൻപതുകാരന്റെ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. പാപ്പയെ നേരിൽ കണ്ടതിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ലാ പ്ലാറ്റ സ്വദേശിയായ ബെഞ്ചമിൻ വാസിംഗർ. തനിക്ക് ഒരു കത്തോലിക്കാ വൈദികനാകണമെന്നും അടുത്ത വർഷം സെമിനാരിയിൽ ചേരുമെന്നുമാണ് ഈ പത്തൊൻപതുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത് 

ബ്യൂണസ് അയേഴ്‌സിലെ 'മോനുമെന്റോ എ ലോസ് എസ്പാനിയോൾസ്' സ്മാരകത്തിന് സമീപം ലെയോ പാപ്പ മുഖ്യകാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് ഏതാണ്ട് 25 ലക്ഷത്തോളം വിശ്വാസികളാണ്. ജനസമുദ്രത്തിനിടയിൽ തോളിൽ അര്‍ജന്റീനിയന്‍ പതാകയും കഴുത്തിൽ ജപമാലയും ധരിച്ച് നിന്ന ബെഞ്ചമിനെ സമീപിച്ച 'C5N' വാർത്താ ചാനൽ പ്രതിനിധിയോട് സംസാരിക്കവേയാണ് തന്റെ മനസ്സില്‍ പെട്ടെന്ന് ആഴ്ന്നിറങ്ങിയ ഭാവി സ്വപ്നം ബെഞ്ചമിൻ പങ്കുവെച്ചത്.

“ലെയോ പാപ്പ ഇവിടെയെത്തി, എനിക്ക് ഒരു വൈദികനാകണം. എനിക്ക് പൗരോഹിത്യം സ്വീകരിക്കണം, അടുത്ത വർഷം തന്നെ സെമിനാരിയിൽ ചേരാനാണ് ആഗ്രഹം. ഞാൻ പൂർണ്ണഹൃദയത്തോടെ സന്തോഷവാനാണ്,” ബെഞ്ചമിൻ പുഞ്ചിരിയോടെ പറഞ്ഞു. സ്വന്തം തീരുമാനത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ദൈവവിളി തിരിച്ചറിയാൻ യുവതലമുറ മടിക്കരുതെന്ന സന്ദേശവും ബെഞ്ചമിൻ മാധ്യമങ്ങളോട് പങ്കുവെച്ചു. “പൗരോഹിത്യ വിളികൾക്കായി പ്രാർത്ഥിക്കുക, ആ ദൈവവിളിക്ക് കാതോർക്കാനും പരീക്ഷിക്കാനും ആരും ഭയപ്പെടരുത്". വിശ്വാസികളെയും മാധ്യമപ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബെഞ്ചമിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Comments

leave a reply

Related News