കൊറിയന്‍ പട്ടാളത്തിലെ
ക്യാപ്റ്റന്‍ സ്ഥാനം വിട്ട
ഡാനിയല്‍ ബേ ഇനി
യേശുസൈന്യത്തില്‍
സ്‌പെയിനില്‍ നിഷ്പാദുക കര്‍മ്മലീത്താ സഭയിലെ വൈദികപട്ടം
സ്വീകരിച്ചത് ജനറല്‍ പദവിയില്‍ എത്താനുള്ള മോഹമുപേക്ഷിച്ച്
ദക്ഷിണ കൊറിയന്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ സ്ഥാനമുപേക്ഷിച്ച് നിഷ്പാദുക കര്‍മ്മലീത്താ സഭയിലെ വൈദിക വിദ്യാര്‍ത്ഥിയായി മാറിയ ഫ്രേ ഡാനിയല്‍ ബേ 12 വര്‍ഷത്തെ പഠനവും പരിശീലനവും പൂര്‍ത്തിയാക്കി തിരുപ്പട്ടം സ്വീകരിച്ചു. സ്‌പെയിനിലെ കാര്‍ട്ടാജെന രൂപതയിലുള്ള ന്യൂസ്ട്ര സെനോറ ഡെല്‍ കാര്‍മെന്‍ ഡി കാരവാക്ക ഡി ലാ ക്രൂസ് കാരവാക്കാ കോണ്‍വെന്റില്‍ നടന്ന ശുശ്രൂഷാച്ചടങ്ങില്‍ സാന്താക്രൂസ് ഡി ലാ സിയറ (ബൊളീവിയ) മുന്‍ സഹായ മെത്രാപ്പോലീത്ത ബ്രൗളിയോ സീസ് ഗാര്‍സിയയാണ് നാല്‍പ്പത്തിയാറുകാരനായ അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തത്.
സുഖലോലുപതയുടെ വാഗ്ദാനത്തില്‍ ദൈവത്തെ നിരാകരിക്കുന്ന ലോകത്ത് ദക്ഷിണ കൊറിയന്‍ സൈനികന്‍ യേശുവിനായി ജീവിതം നീക്കിവയ്ക്കാന്‍ തീരുമാനിച്ചത് സന്തോഷകരമായ അതുല്യ സംഭവമാണെന്ന് തിരുവചന ശുശ്രൂഷയ്ക്കിടെ മെത്രാപ്പോലീത്ത പറഞ്ഞു. മുന്‍പ് കൊറിയന്‍ സൈനികനായിരുന്ന താന്‍ ഇപ്പോള്‍ യേശുവിന്റെ സൈനികനാണെന്ന് ഫാ. ഡാനിയല്‍ സ്വയം വിശേഷിപ്പിക്കുന്നു. തന്റെ മുത്തശ്ശിയുടെ ദൈവവിശ്വാസ ദൃഢതയാണ് പട്ടാളത്തില്‍ നിന്ന് യേശുമാര്‍ഗ്ഗത്തിലേക്കുള്ള ഈ വ്യതിചലനത്തിന്റെ മുഖ്യ ഹേതുവെന്ന് ദക്ഷിണ കൊറിയയിലെ കത്തോലിക്കാ കുടുംബാംഗമായ അദ്ദേഹം പറഞ്ഞു.
പത്തു വര്‍ഷക്കാലം സൈനിക സേവനം ചെയ്ത് ജനറല്‍ പദവിയില്‍ എത്താനുള്ള മോഹവുമായി മുന്നേറുന്നതിനിടെയാണ് ഡാനിയല്‍ ദൈവവിളി തിരിച്ചറിഞ്ഞത്. ചെറുപ്പത്തിലേ പുരോഹിതനാകാനുള്ള താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും അതു മനസിലൊളിപ്പിക്കുകയായിരുന്നു. പിതാവിനെപ്പോലെ എഞ്ചിനീയറും വാസ്തുശില്പിയുമാകുന്നതിനു പകരം അമ്മാവന്മാരെയും മറ്റ് പൂര്‍വ്വികരെയും അനുകരിച്ചാണ് സൈനികനായത്. പക്ഷേ, ഉത്തമ ക്രിസ്ത്യാനിയായിത്തന്നെ ജീവിതം തുടര്‍ന്നു. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള ആഗ്രഹം നടന്നില്ല. പക്ഷേ, ദൈവവുമായുള്ള അടുപ്പം എപ്പോഴും അനുഭവിച്ചു. ബുദ്ധമതക്കാരണ് കൊറിയയില്‍ ഭൂരിപക്ഷവും. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്കു പിന്നിലായാണ് കത്തോലിക്കാ ന്യൂനപക്ഷം. പക്ഷേ, തന്റെ കുടുംബം മുഴുവന്‍ യേശുവില്‍ വിശ്വസിച്ചു. കൂടാതെ, പിതാവ് വര്‍ഷങ്ങളായി അത്മായ കർമ്മലീത്താ സമൂഹാംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
സൈനികവൃത്തിക്കിടെ ദൈവത്തിന്റെ സ്വരം ഒരു ദിവസം കേട്ടതായി ഡാനിയല്‍ പറയുന്നു. അതിങ്ങനെയായിരുന്നു:'ഡാനിയല്‍, നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഒരു ജനറല്‍ ആയി ജീവിതത്തില്‍ വിജയിക്കുകയെന്നത് ഏറ്റവും പ്രധാനമാണോ? അല്ല. അതെല്ലാം ലോകത്തില്‍ തന്നെ അപ്രത്യക്ഷമാകും. നീ എനിക്കായി പ്രവര്‍ത്തിക്കണം. ഭയപ്പെടേണ്ട, ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും.' മൂന്നു വര്‍ഷം കൂടി കഴിഞ്ഞ് ഡാനിയല്‍ സൈനിക സേവനം മതിയാക്കി യൂറോപ്പിലെ നിരവധി കത്തോലിക്കാ രാജ്യങ്ങളിലൂടെ രണ്ടുമാസം ഒറ്റയ്ക്ക് യാത്ര ചെയ്തു. ഇതിനിടെ പരിചയപ്പെട്ട സ്പാനിഷ് ഡൊമിനിക്കന്‍ വൈദികന്റെ സഹായത്തോടെ സ്‌പെയിനില്‍ എത്തി. ആദ്യം ഭാഷ പഠിച്ചു.2019 നവംബര്‍ 14ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു.'എല്ലാക്കാലത്തും ദൈവം എന്നെ അത്ഭുതപ്പെടുത്തി. പൗരോഹിത്യത്തിലേക്ക് എന്നെ വിളിച്ചതിന് നന്ദി. എനിക്ക് വേണ്ടതെല്ലാം അവിടുന്ന് ധാരാളമായി നല്‍കും'-ഫാ. ഡാനിയല്‍ പറയുന്നു.'നിസ്സാര വ്യക്തിയായ എന്നെ ദൈവം വിളിക്കുകയായിരുന്നു. എന്റെ ശേഷിയുടെ അഭാവത്താല്‍ ഇവിടേക്കുള്ള വഴിയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ദൈവത്തിന്റെയും സമൂഹത്തിലെ എന്റെ സഹോദരങ്ങളുടെയും സഹായത്തോടെ ഞാന്‍ രക്ഷപ്പെടുകയായിരുന്നു.'
ബാബു കദളിക്കാട്
Comments
ANTONY SANJU P M
thats jesus mission