ബാബു കദളിക്കാട്
ഉദ്യാനത്തിലൂടെ 99 ാം വയസില്‍ 100 ചുവടു നടന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട
ജീവകാരുണ്യത്തിന് 12 മില്യണ്‍ പൗണ്ട് സമാഹരിച്ചു നല്‍കിയ ലോകമഹായുദ്ധ വീരന്‍
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള ധനസമാഹരണ യജ്ഞത്തിലൂടെ അതുല്യ ചരിത്രം കുറിച്ച ശേഷം ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചത് ബ്രിട്ടന്റെ മാത്രമല്ല ലോകത്തിന്റെയാകെ സ്‌നേഹാദരമാര്‍ജിച്ച്. തന്റെ വീട്ടിലെ ഉദ്യാനത്തിലൂടെ നടന്ന് എന്‍എച്ച്എസ് ചാരിറ്റികള്‍ക്കായി ഏകദേശം 33 മില്യണ്‍ ഡോളര്‍ സ്വരൂപിച്ച് രാജ്യത്തിന്റെ ഹൃദയം കവര്‍ന്നയാളാണ് ലോകമഹായുദ്ധത്തിലെ വീര നായകന്‍ കൂടിയായ ക്യാപ്റ്റന്‍. കോവിഡ് ബാധിതനായിരുന്നു 100 വയസുള്ള അദ്ദേഹം. ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ക്യാപ്റ്റന്‍ സര്‍ ടോമിന് എലിസബത്ത് രാജ്ഞി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹം രാജ്യത്തിനും ലോകമെമ്പാടുമുള്ള മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കിയ വ്യക്തിത്വമായിരുന്നുവെന്ന് രാജ്ഞി അനുസ്മരിച്ചു. ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ പൂന്തോട്ടത്തില്‍ 100 ലാപ്‌സ് നടക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് കഴിഞ്ഞ ഏപ്രിലില്‍ എന്‍എച്ച്എസ് ചാരിറ്റീസ് ടുഗെദറിനായി 1,000 പൗണ്ട് സമാഹരിക്കാന്‍ ഉദ്യമിച്ചത്. പക്ഷേ, സംഭാവനകള്‍ പ്രവഹിച്ചതോടെ ആകെ തുക 12 മില്യണ്‍ കവിഞ്ഞു.'നാളെ ഒരു നല്ല ദിവസമായിരിക്കും' എന്ന ക്യാപ്റ്റന്റെ സ്ഥിര വചനം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.
ജൂലൈയില്‍ വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അദ്ദേഹത്തെ രാജ്ഞി ആദരിച്ചിരുന്നു.അവസാന മണിക്കൂറുകളില്‍ പിതാവിനോടൊപ്പം ചിരിയും കണ്ണീരും പങ്കിട്ടതായി ക്യാപ്റ്റന്റെ പെണ്‍മക്കളായ ഹന്നാ ഇന്‍ഗ്രാം-മൂര്‍, ലൂസി ടീക്സീറ എന്നിവര്‍ ട്വീറ്റ് ചെയ്തു. ആ ജീവിതത്തിന്റെ അവസാന വര്‍ഷം ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചത്. ന്യുമോണിയ ബാധിച്ചപ്പോള്‍ നില്‍കിയിരുന്ന മറ്റ് മരുന്നുകള്‍ കാരണം പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
'ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു വീരനായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇരുണ്ട നാളുകളില്‍ അദ്ദേഹം സ്വാതന്ത്ര്യത്തിനായി പോരാടി. കോവിഡ് പ്രതിസന്ധിയില്‍ അദ്ദേഹം നമ്മെയെല്ലാം ഒന്നിപ്പിച്ചു, ആശ്വസിപ്പിച്ചു, മനുഷ്യചൈതന്യത്തിന്റെ വിജയം ആവിഷ്‌കരിച്ചു'-പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.'അദ്ദേഹം ഒരു ദേശീയ പ്രചോദനം മാത്രമല്ല, ലോകത്തിനു മുന്നില്‍ പ്രതീക്ഷയുടെ ദീപസ്തംഭവുമായി മാറി. നമ്മളുടെ ചിന്തകള്‍ മകള്‍ ഹന്നയോടും കുടുംബത്തോടും ഒപ്പമാകണം.' അദ്ദേഹത്തോടുള്ള ആദരസൂചകമായി 10 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലുള്ള പതാക താഴ്ത്തിക്കെട്ടി.
അമേരിക്കയും ക്യാപ്റ്റര്‍ മൂറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 'ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ഓര്‍മയില്‍ ഞങ്ങള്‍ ബ്രിട്ടനോടും ലോകത്തോടും ചേരുന്നു.' വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഇത് അവിശ്വസനീയമാംവിധം ദു:ഖകരമായ വാര്‍ത്തയാണെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ട്വീറ്റ് ചെയ്തു. ദേശീയ പ്രതിസന്ധിയുടെ സമയത്ത് ക്യാപ്റ്റന്‍ ടോം മൂര്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്കു പ്രതീക്ഷയുടെ വിളക്കായിരുന്നു. ബ്രിട്ടന് ഒരു നായകനെ നഷ്ടമായി.' മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെ കായിക ലോകത്തെ പ്രമുഖര്‍ ക്യാപ്റ്റന്‍ മൂറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Comments