ബാബു കദളിക്കാട്
മാവോയിസ്റ്റ് അജണ്ട നടപ്പാക്കുകയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നും ജാമ്യാപേക്ഷ നിരസിക്കണമെന്നും വാദം. ഭീമ കൊറേഗാവ് അക്രമക്കേസിലെ പ്രതിയെന്നാരോപിച്ച തടവിലാക്കപ്പെട്ടിട്ടുള്ള വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിക്കാന്‍ എന്‍ഐഎ ചതുരുപായങ്ങളും പുറത്തെടുക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ അജണ്ട നടപ്പാക്കുകയായിരുന്നു അദ്ദേഹമെന്ന് ആരോപിച്ചുകൊണ്ട് ജാമ്യാപേക്ഷ നിരസിക്കണമെന്ന് പ്രത്യേക കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു.
വിസ്താപന്‍ വിരോധി ജന്‍ വികാസ് ആന്ദോളന്‍, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തീക്ഷ്ണമായി പിന്തുണച്ചിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നും സിപിഐയുടെ (മാവോയിസ്റ്റ്) മുന്നണി സംഘടനകളാണവയെന്നും അന്വേഷണത്തിനിടെ വ്യക്തമായതായി കേന്ദ്ര ഏജന്‍സിക്ക് വേണ്ടി തുടര്‍ച്ചയായ നാലാം ദിവസവും വാദിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടി കോടതിയില്‍ പറഞ്ഞു.മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന ഫയലുകള്‍ ഇല്ലാതാക്കി ഫാ. സ്റ്റാന്‍ സ്വാമി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്‍ഐഎ ആ ഫയലുകള്‍ കണ്ടെടുത്തെന്നും അഭിഭാഷകന്‍ അറിയിച്ചു. ഫയലുകള്‍ ഇല്ലാതാക്കുന്നതിലൂടെ നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് ഷെട്ടി ആരോപിച്ചു.
'ഗോത്ര സമുദായത്തിന്റെ ആശങ്കകള്‍ ഉന്നയിക്കുന്നുവെന്ന വ്യാജേന ഫാ. സ്റ്റാന്‍ സ്വാമിയും ഇതര പ്രതികളും യഥാര്‍ത്ഥത്തില്‍ അജണ്ട നിറവേറ്റുകയായിരുന്നുവെന്നാണ് എന്‍ഐഎ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹിക കാരണങ്ങളുടെ പേരു പറഞ്ഞ് മാവോയിസ്റ്റ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഫാ. സ്റ്റാന്‍ സ്വാമിയും കൂട്ടുപ്രതികളും പ്രവര്‍ത്തിക്കുന്നു.'-ഷെട്ടിയുടെ വാക്കുകള്‍. വലിയൊരു തുക ഫാ. സ്വാമി കൈപ്പറ്റിയിരുന്നെന്നും അതു പലര്‍ക്കായി വിതരണം ചെയ്‌തെന്നും അ്ക്കാര്യങ്ങള്‍ ഏജന്‍സിക്ക് അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് എന്‍ഐഎ കൊണ്ടുവന്നിട്ടുള്ള മറ്റൊരു വാദം.ഇതിനിയെ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കമത്രേ.
അതേ സമയം, ഏതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തില്‍ താന്‍ പങ്കെടുത്തതായി തെളിയിക്കാന്‍ എന്‍ഐഎക്കു കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫാ. സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷ നല്‍കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരിപ്പിച്ചുവെന്ന് സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും അപേക്ഷയില്‍ പറയുന്നു. അതിനാല്‍, യുഎപിഎയുടെ സെക്ഷന്‍ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) പ്രയോഗിക്കാന്‍ കഴിയില്ല. ഇതിനുപോദ്ബലകമായ തെളിവുകള്‍ ഒന്നും പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയിട്ടില്ല; ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കാനും കഴിഞ്ഞിട്ടില്ല. അതിനാല്‍, യുഎപിഎയുടെ സെക്ഷന്‍ 16 (തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ശിക്ഷ), 20 (തീവ്രവാദ സംഘത്തിലോ സംഘടനയിലോ അംഗമായതിന് ശിക്ഷ), 39 (ഒരു തീവ്രവാദ സംഘടനയ്ക്ക് നല്‍കിയ പിന്തുണയുമായി ബന്ധപ്പെട്ട കുറ്റം) തനിക്കു ബാധകമല്ല.
തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 83 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ 9 ന് റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിരിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) നിരവധി വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഫാ. സ്വാമി പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ വിഷമിക്കുന്നതായി ജാമ്യാപേക്ഷയില്‍ പറയുന്നു. കേള്‍വിശക്തി നഷ്ടപ്പെട്ട നിലയിലുമാണ്. ഒപ്പം ലംബര്‍ സ്‌പോണ്ടിലോസിസ് ബാധിതനുമാണ്.
Comments