Foto

ഫാ. സ്റ്റാന്‍ സ്വാമിയോട് നിയമവും പോലീസും അനീതി കാട്ടിയെന്ന് ജൂലിയോ റെബേറോ

ഫാ. സ്റ്റാന്‍ സ്വാമിയോട്
നിയമവും പോലീസും
അനീതി കാട്ടിയെന്ന്
ജൂലിയോ റെബേറോ

യുഎപിഎ ഭേദഗതി ഭരണഘടനയെ പരീക്ഷിക്കുകയല്ലേയെന്ന് ജുഡീഷ്യറി വേറിട്ട കണ്ണോടെ നോക്കിക്കാണണം.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ദയനീയ മരണത്തിനു വഴിതെളിച്ചതില്‍ തന്റെ പഴയ സഹപ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ജൂലിയോ എഫ് റെബേറോ. ഇന്ത്യാ ടുഡേ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള സംവാദ വേളയിലാണ് സര്‍വാദരണിയനായ റെബേറോ തന്റെ മുന്‍ സഹപ്രവര്‍ത്തകരും 'ഇത്തരത്തിലുള്ള അനീതിയുടെ ഭാഗമായി' മാറിയതില്‍ ആശ്ചര്യം പ്രകടമാക്കിയത്.
 
ചോദ്യം: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടുള്ള അങ്ങയുടെ ആദ്യ പ്രതികരണം എന്താണ്?

റെബേറോ: അദ്ദേഹം മരിച്ചതില്‍ എനിക്ക് അതിശയമില്ല. കടുത്ത രോഗിയായിരുന്നു അദ്ദേഹം. ജുഡീഷ്യറി ഇടപെടേണ്ടിയിരുന്നു. അവര്‍ അങ്ങനെ ചെയ്യാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. 2019 ലെ  യുഎപിഎ ഭേദഗതിയെ ജുഡീഷ്യറി വേറിട്ട കണ്ണോടെ നോക്കിക്കാണണം. അത് ഭരണഘടനയെ പരീക്ഷിക്കുകയല്ലേ എന്ന് നോക്കണം. മറ്റൊരു രാജ്യവും ആളുകളെ ഇത്രയും കാലം വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല.ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെട്ട കേസില്‍ എല്ലാ തെളിവുകളും സംയോജിപ്പിച്ച് കമ്പ്യൂട്ടറില്‍ ഇട്ടുവെന്ന ഒരു തോന്നല്‍ ഉണ്ട്. അത് പൂര്‍ണ്ണമായും അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യം എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.

ചോദ്യം: ജാമ്യം നിഷേധിച്ചത് ഒരു ഭാഗം മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നു; പാര്‍ക്കിന്‍സണ്‍സ് ബാധിച്ച 84 വയസ്സുകാരന് ആഴ്ചകളോളം സ്‌ട്രോയും സിപ്പറും പോലും അവര്‍ നിഷേധിച്ചു. എന്‍ഐഎയുടെ മഹാരാഷ്ട്ര പോലീസിന്റെ പങ്കിനെക്കുറിച്ച്?

റെബേറോ: ഞാന്‍ ജുഡീഷ്യറിയെയാണ് പരാമര്‍ശിച്ചത്, കാരണം അതില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ മറ്റ് ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടത് അവര്‍ ചെയ്യും. അതാണ് നിര്‍ഭാഗ്യം. അല്പം സ്വതന്ത്രമായിരുന്ന കേന്ദ്ര ഏജന്‍സികളും അധഃപതിച്ചതായി തോന്നുന്നു. ഇത് ശരിക്കും ഭയമുളവാക്കുന്നതാണ്. എനിക്ക് രാജ്യത്തെക്കുറിച്ച് ആശങ്കയുണ്ട്.

ചോദ്യം: നിയമവും പ്രശ്‌നത്തിന്റെ ഭാഗമല്ലേ? അധികാരികള്‍  യുഎപിഎയെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന ചര്‍ച്ച ഫാ. സ്റ്റാന്‍  സ്വാമിയുടെ ദാരുണമായ കേസിലൂടെ വീണ്ടും തുറക്കപ്പെടുമോ?

റെബേറോ: അത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് സംഭവിക്കുമോയെന്ന സംശയവുമെനിക്കുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് അവര്‍ക്കു വളരെയധികം വിഷമമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാണെങ്കിലും ആഭ്യന്തര വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധമേയല്ല. അതാണ് പ്രശ്‌നം. ഇത്തരത്തിലുള്ള അനീതി എല്ലായിടത്തും  നേരിടേണ്ടി വരാം. ഇത്് എന്നെ ശരിക്കും വ്യാകുലപ്പെടുത്തുന്നു. എന്റെ പഴയ പോലീസ് സഹപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അനീതിയുടെ ഭാഗമായതെങ്ങനെയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അക്കാര്യത്തില്‍  കൂടുതലായി ഒന്നും പറയുന്നില്ല.ഫാ. സ്റ്റാന്‍ സ്വാമിയുടേത് ഒരു ബലിദാനമാണ്.

ചോദ്യം: എന്താണ് ഈ സംഭവത്തില്‍ നിന്നു രാജ്യത്തിനുള്ള പാഠം?

റെബേറോ: യുഎപിഎ നിയമം പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഞാന്‍ മൂന്നര വര്‍ഷമാണ് പഞ്ചാബില്‍ തീവ്രവാദത്തിനെതിരെ പോരാടിയത്. പക്ഷേ, ഭീകരതയെക്കുറിച്ചുള്ള പുതിയ നിര്‍വചനം എനിക്ക് പോലും മനസ്സിലാകുന്നില്ല. ഇത് പരിഹാസ്യമാണ്. നാം ലജ്ജിക്കണം.

'ഫാ. സ്റ്റാന്റെ അറസ്റ്റ് വളരെ വേദനാജനകമായിരുന്നു. ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ്. ഫാ. സ്റ്റാന്റെ കേസ് വാദം കേള്‍ക്കാന്‍ പോലും വന്നില്ല. കേസ് ഏറ്റെടുക്കാനും സത്യം വരാനും ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സത്യം ഉടന്‍ പുറത്തുവരുമെന്നും എല്ലാ ക്രിമിനല്‍ ഗൂഢാലോചനകളില്‍ നിന്നും അദ്ദേഹന്റെ പേര് മായ്ക്കപ്പെടുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.'- ബോംബെ അതിരൂപതാധ്യക്ഷനായ  കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.'ഭരണകൂടം മോശമായി പെരുമാറിയതിനാല്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന' ആളാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ദീര്‍ഘകാല സഹപ്രവര്‍ത്തകനായിരുന്ന ഫാ. ഫ്രേസര്‍ മസ്‌കരാനസ് ചൂണ്ടിക്കാട്ടി. ദരിദ്രര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി ജീവിതം മുഴുവന്‍ നീക്കിവച്ച ഒരു വ്യക്തിക്ക് തന്റെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ഒരു വലിയ ദുരന്തവും ദുഃഖവുമാണ്-അദ്ദേഹം പറഞ്ഞു.

ബാബുകദളിക്കാട്

Foto

Comments

leave a reply

Related News