ജീവിതത്തിനും തടവറയ്ക്കും
വിടയേകി ഫാ.സ്റ്റാന്‍ സ്വാമി;
ജാമ്യത്തിനു കാത്തുനിന്നില്ല
ചികിത്സ വൈകിയതിന്റെ പരിണാമമാകാം മരണമെന്ന് സീനിയര്‍ അഭിഭാഷകന്‍ മിഹിര്‍ ദേശായി.മരണത്തില്‍ ഞെട്ടി കോടതി .
ആദിവാസി ദ്രോഹത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലില്‍ അടയ്ക്കപ്പെട്ട ശേഷം ആശുപത്രിയിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി (84) അന്തരിച്ചു. യു എന്‍ പ്രതിനിധിയുള്‍പ്പെടെ ലോകവ്യാപകമായി മനുഷ്യ സ്‌നേഹികള്‍ അദ്ദേഹത്തിന്റെ ജാമ്യത്തിനു വേണ്ടി അഭിപ്രായമുയര്‍ത്തുന്നതിനിടെ് ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി എല്‍ഗാര്‍ പരിഷത് കേസില്‍ ഉള്‍പ്പെട്ട ഫാ.സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കാടി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.മരണത്തില്‍ കോടതി ഞെട്ടല്‍ പ്രകടമാക്കി. ചികിത്സ നല്‍കാന്‍ വൈകിയതിന്റെ പരിണാമമാകാം മരണമെന്ന് സീനിയര്‍ അഭിഭാഷകന്‍ മിഹിര്‍ ദേശായി അറിയിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ മുതല്‍ തലോജ ജയിലിലാണ് അദ്ദേഹം. പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച ഫാ. സ്റ്റാന്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടില്‍നിന്ന് അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു.
പിറന്നാള്‍ ജയിലില്‍
സര്‍ക്കാരുകളും വനം മാഫിയയും കൈകോര്‍ത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ഈശോ സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലുണ്ടായിരുന്നു. മനുഷ്യത്വ നിഷേധത്തിന്റെ വ്യവസായവത്കരണത്തിന് ഭരണകൂടം നഗ്‌നമായി ഒത്താശ ചെയ്യുന്നതിനു സജീവ രക്തസാക്ഷിത്വം വഹിച്ച് തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ജയിലിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് 84 ാം പിറന്നാള്‍ കൊണ്ടാടിയത്.
1937 ഏപ്രില്‍ 26ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ച ഫാ. സ്റ്റാന്‍ സ്വാമി ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ചതിലൂടെയാണ് കോര്‍പ്പറേറ്റുകളുടെയും ഭരണകൂടത്തിന്റെയും ശത്രുത പിടിച്ചുപറ്റി ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന കുറ്റം പേറി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്.ഈ ജെസ്യൂട്ട് വൈദികന്‍ താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിന് തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ലെങ്കിലും കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.
പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാലുള്ള കൈ വിറയല്‍ മൂലം ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നാ വശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാതെ കോടതി കേസ് നീട്ടിക്കൊണ്ടുപോയി മനുഷ്യത്വരഹിതമായ സമീപനം ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.വൈദികന്റെ അറസ്റ്റിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമായാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റിനെ പൊതുവേ നോക്കിക്കണ്ടത്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചു.അദ്ദേഹത്തിന്റെ നിരപരാധിത്വം അംഗീകരിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങളിലും ധര്‍ണ്ണ നടന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും അവഗണിച്ചാണ് ജാമ്യാപേക്ഷ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിയത്.ഫാ. സ്റ്റാന്‍ സ്വാമിക്ക് പ്രായാധിക്യത്തിന്റെയും പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെയും ആകുലതകള്‍ മറികടക്കാന്‍ സഹായമേകിയത് സഹ തടവുകാരാണ്. 'എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും തലോജ ജയിലില്‍ മനുഷ്യത്വം നുരഞ്ഞു പൊന്തുന്നുണ്ട്'- സഹവാസികളില്‍ നിന്ന് തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന ശുശ്രൂഷകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെ.
റാഞ്ചിയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചുപോന്ന സഹ ജെസ്യൂട്ട് വൈദികനും ഗോത്രാവകാശ പ്രവര്‍ത്തകനും ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ നിന്ന് എഴുതിയ കത്തിന്റെ ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. രണ്ട് തടവുകാര്‍ക്കൊപ്പം താന്‍ ഏകദേശം 13 അടി , 8 അടി സെല്ലിലാണു കഴിയുന്നത്. ഒരു ചെറിയ കുളിമുറിയും ഇന്ത്യന്‍ കമ്മോഡുള്ള ടോയ്ലറ്റും ആണ് ഇവിടെയുള്ളത്. ഭാഗ്യവശാല്‍, തനിക്ക് ഒരു വെസ്റ്റേണ്‍ കമ്മോഡ് കസേര ലഭ്യമാണ്. വൈകുന്നേരം 5.30 മുതല്‍ 06.00 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 03.00 വരെയും രണ്ട് തടവുകാരുമായി സെല്ലില്‍ തന്നെ പൂട്ടിയിരിക്കുകയാണ്. മാവോയിസ്റ്റ് മുദ്ര കുത്തപ്പെട്ട് തന്നെ അറസ്റ്റിലായിട്ടുള്ള വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ മറ്റൊരു സെല്ലിലാണ്.പകല്‍ സമയത്ത് സെല്ലുകളും ബാരക്കുകളും തുറക്കുമ്പോള്‍ തങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നു.വരവരറാവുവിന് ജാമ്യം ലഭിച്ചിരുന്നു. 80 കാരനാണ് തെലുങ്ക് സാഹിത്യകാരന്‍ കൂടിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വരവര റാവു. മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയ ഗോണ്‍സാല്‍വസിന് 63 വയസുണ്ട്. കാര്‍ട്ടൂണിസ്റ്റും അഭിഭാഷകനുമാണ് 40 പിന്നിട്ട ഫെരേര. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാന്‍ അരുണ്‍ സഹായിക്കുന്നുണ്ടെന്ന് ഫാ. സ്റ്റാന്‍ സ്വാമി കത്തില്‍ പറഞ്ഞിരുന്നു. കുളിക്കാന്‍ സഹായിക്കുന്നത് വെര്‍നോണ്‍. രണ്ട് തടവുകാര്‍ അത്താഴസമയത്ത്, തന്റെ വസ്ത്രങ്ങള്‍ കഴുകുന്നതിനും, കാല്‍മുട്ടില്‍ മസാജ് ചെയ്യുന്നതിനും സഹായിക്കുന്നു. അവര്‍ വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 'നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഇവിടത്തെ അന്തേവാസികളെയും സഹപ്രവര്‍ത്തകരെയും ഓര്‍മ്മിക്കുക.'-അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധിക്കപ്പെട്ട സി.പി.ഐ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിക്ക് പുറമേ അറസ്റ്റിലായിട്ടുള്ള 16 പേരില്‍ എഴുത്തുകാര്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
പാര്‍ക്കിന്‍സണ്‍ രോഗം, പ്രായാധിക്യം
പാര്‍ക്കിന്‍സണ്‍ രോഗിയായ ഈ വൃദ്ധപുരോഹിതനെ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമെന്തായിരുന്നു? അതും കോവിഡ് മഹാമാരി മനുഷ്യരാശിയെ വിഴുങ്ങുന്ന ഭീകര കാലത്ത്! ഇദ്ദേഹം ചെയ്ത തെറ്റ് എന്താണ്? ആയുധക്കള്ളക്കടത്തു നടത്തിയോ? രാജ്യത്തിനെതിരായി ചാരപ്പണി നടത്തിയോ? അതോ ക്വിന്റല്‍ കണക്കിനു സ്വര്‍ണം കള്ളക്കടത്തു നടത്തിയോ? ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തുകുറ്റമാണ് ഇദ്ദേഹം ചെയ്തത്?
മാവോയിസ്റ്റുകളുമായുള്ള ബന്ധമാണ് എന്‍.ഐ.എ. സംശയിച്ചത്. തീവ്രവാദപ്രവര്‍ത്തന പരിചയമോ പാരമ്പര്യമോ ആരും അദ്ദേഹത്തിനുമേല്‍ ഇതിനുമുന്‍പ് ആരോപിച്ചിട്ടില്ല. അങ്ങനെ ഒരാശയത്തോട് ആഭിമുഖ്യമുണ്ടെങ്കില്‍ എണ്‍പത്തിമൂന്നാം വയസ്സില്‍ വേണ്ടല്ലോ? മാത്രമല്ല തനിക്കു മാവോയിസ്റ്റ് ആശയങ്ങളോടുപോലും ആഭിമുഖ്യമില്ലെന്ന് അദ്ദേഹം ചോദ്യം ചെയ്യലിനിടയില്‍ ഉറപ്പിച്ചു പറഞ്ഞതുമാണ്. പ്രസക്തമാകുന്ന നിരവധി ചോദ്യങ്ങളുണ്ട്. നൂറു ശതമാനം സംശുദ്ധമായ സേവനപാരമ്പര്യമുള്ള ഒരു സഭയില്‍പെട്ട വൈദികനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ശരിയായ തെളിവെടുപ്പു നടത്തിയില്ല.
അഞ്ഞൂറു വര്‍ഷക്കാലത്തിലേറെ പഴക്കമുള്ള ജസ്യൂട്ട് സഭയിലെ വൈദികനാണ് ഫാ. സ്റ്റാന്‍ സ്വാമി.തിരുച്ചിറപ്പള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1957ല്‍ ഈശോസഭയുടെ ജംഷഡ്പൂര്‍ പ്രോവിന്‍സില്‍ ചേര്‍ന്നു. പിന്നീട് ഫിലിപ്പിന്‍സിലെ
മനില യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എം.എ. ബിരുദം നേടി. അതിനുശേഷം ബല്‍ജിയത്തിലെ ലുവെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും സാമൂഹികശാസ്ത്രത്തില്‍ ഗവേഷണം നടത്തി. 1975 മുതല്‍ പതിനഞ്ചുവര്‍ഷത്തോളം ബാംഗ്‌ളൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇസ്റ്റിറ്റിയൂട്ടില്‍ ട്രെയിനറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1990ല്‍ ആണ് ജാര്‍ക്കണ്ഡിലെത്തുന്നത്.
സാമൂഹികസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും ജെസ്യൂട്ട് പുരോഹിതരുടെ നിസ്തുല സേവനം ലോകം ആദരിക്കുന്നു. അതിപ്രശസ്തമായ 'ലയോള' സ്ഥാപനങ്ങളെല്ലാം ജസ്യൂട്ട് സഭയുടെ ആഭിമുഖ്യത്തിലുള്ളതാണ്. ഇങ്ങനെ വിദ്യാഭ്യാസരംഗത്തും സേവനരംഗത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് സഭയിലെ വയോധികളായ ഒരു പുരോഹിതന്‍ എങ്ങനെ ദേശവിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു? ഇതിനുപിന്നിലെ
യഥാര്‍ത്ഥ വസ്തുതകള്‍ മറവിലാണെന്ന് ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് , ഫാ. ദേവസി പോള്‍ (സുപ്പീരിയര്‍ ലുമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി ) എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫാ. സ്്റ്റാന്റെ പ്രവര്‍ത്തനമണ്ഡലം, ജീവിതസാഹചര്യം, സ്വഭാവ സവിശേഷത തുടങ്ങിയവ അവഗണിക്കപ്പെട്ടു. സേവനവും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും മാത്രം മുഖമുദ്രയാക്കിയ ജെസ്യൂട്ട് സഭയിലെ വൈദികനാണദ്ദേഹം. സ്വകാര്യതാത്പര്യങ്ങളില്ലാത്ത സേവനമനോഭാവമാണ് സഭയ്ക്കുള്ളത്. ആറു പതിറ്റാണ്ടിലേറെക്കാലമായി ഈ സഭയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ പ്രവര്‍ത്തനരീതി സഭ തിരിച്ചറിഞ്ഞില്ലെന്നു ലോകത്തെ ബോധിപ്പിക്കാന്‍ ഒരു ഏജന്‍സിക്കുമാകില്ല. എന്തെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നങ്കില്‍ സഭ തന്നെ നടപടി എടുക്കില്ലേ? എന്നാല്‍ സഭയിലെ എല്ലാവര്‍ക്കും അദ്ദേഹത്തോടു സ്‌നേഹവും ബഹുമാനവുമേ ഉള്ളൂ എന്നതു നിസ്സാര കാര്യമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതുതന്നെയാണ് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതും. കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ജാര്‍ക്കണ്ഡ്് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ.സ്റ്റാന്‍ സ്വാമി. അദ്ദേഹം എന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അതു മനസ്സിലാക്കി നടപടി എടുക്കുമായിരുന്നു.യാതൊരു വിധ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹത്തെ തുണയ്ക്കുമായിരുന്നില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി തനിക്കു യാതൊരുബന്ധവുമില്ലെന്നും നക്‌സലൈറ്റ് പ്രത്യയശാസ്ത്രത്തെ താന്‍ അനുകൂലിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതുമാണ്.
അറസ്റ്റിനു പിന്നില്‍ വലിയൊരു അജണ്ട ഉണ്ടെന്ന് സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ഒരു വലിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ വെറും കരുക്കള്‍ മാത്രമാണ്. കളിക്കുന്നത് മറ്റു ചിലരാണ്. അനീതിക്കെതിരെ പോരാടുന്ന ഫാ. സ്റ്റാന്‍ സ്വാമിയോടു പലര്‍ക്കും ശത്രുത ഉണ്ടാകുക സ്വാഭാവികം. ആദിവാസി മേഖലയില്‍ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വിഭാഗമാണിവര്‍. അവരെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നത് ചില ലോബികള്‍ക്ക് സഹിക്കില്ല. കാരണം അവര്‍ എന്നും നിരക്ഷരരും നിരാലംബരുമായി ഇരിക്കേണ്ടത് ഈ ലോബികളുടെ ആവശ്യമാണ്.
കോര്‍പ്പറേറ്റുകളെ അലോസരപ്പെടുത്തി
ജാര്‍ക്കണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചി, വികസന താല്‍പര്യങ്ങളുള്ള നഗരമാണ്. 2000ല്‍ ജാര്‍ഖണ്ഡ് സംസ്ഥാനം സ്ഥാപിതമായതു മുതല്‍, അതിന്റെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരത്തിന്റെ സ്വഭാവത്തില്‍ പതിയെ രൂപമാറ്റം സംഭവിച്ചു. രാജ്യത്തെ ധാതു സ്രോതസിന്റെ 40 ശതമാനത്തിലധികം ഇവിടെയാണ്. എന്നാല്‍, സംസ്ഥാനത്തെ 39.1 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. അതോടൊപ്പം അഞ്ചു വയസ്സില്‍ താഴെയുള്ള 19.6 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു. ഘടനാപരമായിത്തന്നെ ഉള്‍പ്രദേശങ്ങള്‍ അധികമായുള്ള സംസ്ഥാനത്ത്, 24 ശതമാനം ആളുകള്‍ മാത്രമാണ് നഗരങ്ങളില്‍ ജീവിക്കുന്നത്.
ആദിവാസികളുടെ താല്‍പര്യങ്ങള്‍ ഇതുവരെ കണക്കിലെടുക്കാത്ത സംസ്ഥാനത്ത്, അസ്ഥിരവും അഴിമതി നിറഞ്ഞതുമായ നിരവധി സര്‍ക്കാരുകള്‍ ഭരണം നടത്തി. എന്നാല്‍, കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ 2014 മുതല്‍ ആദിവാസികളോടുള്ള വര്‍ധിച്ച ചൂഷണവും വ്യവസായവത്കരണത്തോടുള്ള താല്‍പര്യവും, സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത തീരുമാനങ്ങള്‍ക്ക് വഴിവെച്ചതായാണ് ആരോപണം.
അരികുവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് വേണ്ടിയുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാര്‍ക്കണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങി. കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ സംസ്ഥാനത്തിന്റെ യഥാര്‍ഥ വികസനത്തിനാവശ്യമായ പല പദ്ധതികളും ആവിഷ്‌കരിക്കപ്പെടാന്‍ വഴി തെളിഞ്ഞു. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലയ്ക്ക്, പല ഗവണ്‍മെന്റ് പോളിസികള്‍ക്കുമെതിരെ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്‍ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഒരു വിഭാഗം സാമൂഹിക പ്രവര്‍ത്തകര്‍ ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ കാണാം: 'ഭൂനിയമങ്ങളും കുടിയേറ്റ നിയമങ്ങളും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ഉറക്കെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഫാ.സ്റ്റാന്‍. വനാവകാശ നിയമം, പെസ തുടങ്ങിയ നിയമങ്ങളുടെ കടുത്ത സംരക്ഷകനുമായിരുന്നു. സൗമ്യതയും സത്യസന്ധതയും സാമൂഹിക ബോധവുമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് നമുക്കറിയാം. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടും നമുക്ക് വലിയ ബഹുമാനമുണ്ട്'.
2017ല്‍ റാഞ്ചിയില്‍ വെച്ചു നടന്ന ഒരു നിക്ഷേപക സംഗമത്തിന്റെ ഭാഗമായി, മൂന്ന് ലക്ഷം കോടി വരുന്ന 209ഓളം പദ്ധതികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം മാത്രം ഒപ്പിട്ടത്. ഭൂമിയില്‍ അവകാശം സ്ഥാപിക്കപ്പെടുകയും കൈയ്യൂക്ക് കൊണ്ടോ കളവിലൂടെയോ, നിയമപരമായോ അല്ലാതെയോ ധാതുക്കള്‍ കവര്‍ന്നെടുക്കപ്പെടുന്നതുമാണ് പെട്ടെന്നുള്ള വ്യവസായവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസാരങ്ങള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കും പകരം കായബലം കൊണ്ട് ജനങ്ങളെ നേരിടുകയും, തത്ഫലമായി കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇല്ലാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമാവുകയും ചെയ്യുന്നു. 'ഭൂമിയുടെ ഉടമകള്‍ അതിലുള്ള ധാതുക്കളുടെയും ഉടമകളാണ്' എന്ന സുപ്രീംകോടതി ഉത്തരവില്‍ ഇങ്ങനെ പറയുന്നു: എല്ലാ ധാതുക്കളുടെയും അവകാശം സ്റ്റേറ്റിനാണ് എന്ന നിയമത്തില്‍ കഴമ്പില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. മറിച്ച്, മണ്ണിന്റെയും/ധാതുക്കളുടെയും അവകാശം, നിയമപ്രകാരം ആ ഭൂമി നഷ്ടമാകുന്നതു വരെ ഭൂവുടമയ്ക്ക് തന്നെയാണ്. എന്നിട്ടും ഗവണ്‍മെന്റ് ഒപ്പിട്ട പദ്ധതികളെ തുടര്‍ന്ന് ആദിവാസികളുടെ കൈവശമുണ്ടായിരുന്ന, ഖനികളാല്‍ സമ്പന്നമായ ഭൂപ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടമാവാന്‍ തുടങ്ങി. രാജ്യത്തെ 219 ഖനികളില്‍ 214 എണ്ണവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നും, അവ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നും പിഴയടയ്ക്കണമെന്നും സുപ്രീം കോടതി വിധിച്ചു. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിയമവിരുദ്ധ ഖനികള്‍ നിയമവിധേയമാക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിച്ചു.
ഈ സാഹചര്യത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമി സംസ്ഥാനത്തെ ആദിവാസികള്‍ക്കു വേണ്ടി ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.96ല്‍ യുറേനിയം കോര്‍പറേഷന്‍ ഇന്‍ഡ്യ ലിമിറ്റഡിനെതിരെ, 'ജാര്‍ഖണ്ഡ് ഓര്‍ഗനൈസേഷന്‍ എഗന്‍സ്റ്റ് യുറേനിയം റേഡിയേഷന്‍ (ജെ.ഒ.എ.ആര്‍)' എന്ന പേരില്‍ നടത്തപ്പെട്ട ക്യാമ്പയിനില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ടെയ്ലിംഗ് ഡാമിന്റെ നിര്‍മാണം നിര്‍ത്താന്‍ ആ ക്യാമ്പയിന് സാധിച്ചു. ഡാം നിര്‍മിക്കപ്പെട്ടിരുന്നെങ്കില്‍, ജഡുഗോദയിലെ ചാട്ടികൊച പ്രദേശത്തെ ആദിവാസികളുടെ കിടപ്പാടം നഷ്ടമാവുന്നതിന് അത് കാരണമാകുമായിരുന്നു. ഇത്തരം വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചതിന് ശേഷം, അദ്ദേഹം ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ തുടങ്ങിയ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ആളുകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ആദിവാസികള്‍ സാക്ഷരരും വിവേചനശേഷിയുള്ളവരുമായിക്കഴിഞ്ഞാല്‍ അവരെ ചൂഷണം ചെയ്യാന്‍ കഴിയില്ലെന്നത് കോര്‍പ്പറേറ്റ് ബുദ്ധിയെ അലോസരപ്പെടുത്തുക സ്വാഭാവികം.
രഹസ്യ അജണ്ടകള്‍
2010ല്‍, നക്സല്‍ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഗോത്രവര്‍ഗക്കാരായ യുവാക്കളെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്നത് തുറന്നുകാട്ടിക്കൊണ്ട്, 'ജയില്‍ മേന്‍ ബന്ദ് ഖൈദിയോന്‍ കാ സച്ച്' എന്ന പുസ്തകം ഫാ. സ്റ്റാന്‍ സ്വാമി പ്രസിദ്ധീകരിച്ചു. 97 ശതമാനം കേസുകളിലും അറസ്റ്റു ചെയ്യപ്പെടുന്ന യുവാക്കളുടെ കുടുംബ വരുമാനം 5000 രൂപയില്‍ താഴെയാണെന്നും, അവര്‍ക്ക് തങ്ങളുടെ കേസ് വാദിക്കാന്‍ അഭിഭാഷകരെ പോലും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും പുസ്തകത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടു കൂടി ഫാ. സ്റ്റാന്‍ ഭരണകൂടത്തിന്റെ റഡാറില്‍ അകപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട 3000 പേരില്‍ 98 ശതമാനം ആളുകളുടെയും കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നും, അവര്‍ക്ക് നക്സല്‍ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്. അവരില്‍ പലരും വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഫാ. സ്റ്റാന്‍ യുവാക്കളുടെ ജാമ്യത്തിനു വേണ്ടിയും കേസ് വാദിക്കാനുള്ള വക്കീലുമാരെ ഏര്‍പ്പെടുത്താനുമായി വലിയൊരു സംഖ്യ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചില രഹസ്യ അജണ്ടകളും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും അവര്‍ക്കു സാമാന്യനീതി നിഷേധിക്കാനുമുള്ള ചില നീക്കങ്ങള്‍ കുറെക്കാലമായി ശക്തമാണ്. ഈ സംഭവവും അതിനോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. നമ്മുടെ പല ദേശീയ നയങ്ങളും അതിലേക്കാണു വിരല്‍ചൂണ്ടുന്നത്. സാമൂഹിക,സാംസ്‌കാരിക,വിദ്യാഭ്യാസമേഖലയിലെ മതന്യൂനപക്ഷങ്ങളുടെ ഇടപെടലില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ട്. ഇന്ത്യയുടെ മതേതര സ്വഭാവം തന്നെ നഷ്ടപ്പെടുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു- അവര്‍ ചൂണ്ടിക്കാട്ടുന്നു.ഫാ. സ്റ്റാന്‍സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശത്തിനായി നിലകൊള്ളുന്നവര്‍ക്കെതിരെയുള്ള ആക്രമണം കൂടിയാണെന്നു പറയേണ്ടിവരും. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ ദയാബായിയുടെ വാക്കുകള്‍ തന്നെ ഉദാഹരണം. ഫാ. സ്റ്റാന്‍ സ്വാമിയെ നാല്പതു കൊല്ലങ്ങളായി അടുത്തറിയുന്ന ദയാബായി 'ജീവിക്കുന്ന വിശുദ്ധന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഈശോ സഭയെ സംബന്ധിച്ചിടത്തോളം സാമൂഹികസേവനം പ്രേഷിതപ്രവര്‍ത്തനം തന്നെയാണ്. അതു സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും സമൂഹത്തിനറിയാം. മിഷനറിമാര്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരക്കണമെന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആഹ്വാനം ചെയ്തിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഭയപ്പെടുത്തിയും ആക്രമണം അഴിച്ചുവിട്ടും ഒരു സമൂഹത്തെ നിശബ്ദമാക്കാനാവില്ല. ഭരണകൂട ഭീകരതകൊണ്ട് ജനങ്ങളെ കീഴ്‌പ്പെടുത്താനും കഴിയില്ല. ഇക്കാര്യത്തില്‍ നിരവധി സാക്ഷ്യപ്പെടുത്തലുകള്‍ ചരിത്രത്തിലുണ്ട്. ഭരണവര്‍ഗം അതു തിരിച്ചറിഞ്ഞില്ലെങ്കില്‍ കാലം അതിനു മറുപടിനല്‍കുമെന്ന് ഈശോ സഭാ വൈദികര്‍ പറയുന്നു. ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത് കേസുമായി ഫാ. സ്റ്റാന്‍ സ്വാമിയെ ബന്ധപ്പെടുത്താന്‍ ബാലിശമായ തെളിവുകളാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഹിന്ദുത്വ ഭരണകൂട ഭാഷ്യങ്ങള്‍ക്കപ്പുറമാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ - സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പുറത്തിറക്കിയ ജീവിതരേഖയില്‍ വിശദീകരിച്ചു.
ഫാ.സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിന്റെ വാര്‍ത്ത കേട്ട് റാഞ്ചി നിവാസികള്‍ സ്തബ്ധരായിരുന്നു. മഹാരാഷ്ട്ര, ജാര്‍ക്കണ്ഡ് പോലീസ് സംഘം സംയുക്തമായി 'ബഗയ്ച ക്യാമ്പസില്‍' രാവിലെ ആറു മണിക്ക് എത്തുകയും മണിക്കൂറുകളോളം റെയ്ഡ് നടത്തുകയും ചെയ്തു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മൊബൈല്‍, ലാപ്ടോപ്പ്, കുറച്ച് ഓഡിയോ കാസറ്റുകള്‍, സി.ഡികള്‍, ലൈംഗിക ഹിംസയ്ക്കും ഭരണകൂട അടിച്ചമര്‍ത്തലിനുമെതിരെ സ്ത്രീകള്‍ നയിക്കുന്ന 'പതല്‍ഗുഡി മൂവ്മെന്റിന്റെ' പത്രക്കുറിപ്പുകള്‍ എന്നിവ പോലീസ് കണ്ടുകെട്ടി. തനിക്കെതിരായ കേസുകളെ കുറിച്ച് ഫാ. സ്റ്റാനെ അവര്‍ അറിയിച്ചിരുന്നില്ല. പോലീസ് എല്ലാ കാര്യങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
ഫാ. സ്റ്റാനുള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരും, ചിന്തകരുമായ 20 പേര്‍ക്കെതിരെ ജാര്‍ക്കണ്ഡ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകള്‍ക്കകമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്. കുന്തിയിലെ പതല്‍ഗുഡി മൂവ്മെന്റിനെ കുറിച്ചുള്ള അവരുടെ ഫെയ്സ്ബുക് പോസ്റ്റുകളാണ് പോലീസ് അറസ്റ്റിന് തെളിവായി നിരത്തിയത്. സുപ്രീം കോടതി 2015ല്‍ പിന്‍വലിച്ച 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിന്റെ 66എ വകുപ്പും അവര്‍ക്കെതിരായി ചാര്‍ത്തിയിരുന്നു!
ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ നിര്‍ദേശിക്കാനായി ആദിവാസികള്‍ മാത്രം അംഗങ്ങളായ 'ട്രൈബല്‍ അഡൈ്വസറി കൗണ്‍സില്‍' രൂപീകരിക്കണമെന്ന ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെ ഫാ. സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തു. ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടായിട്ടും ഒരൊറ്റ ഗവര്‍ണര്‍ (ഈ കൗണ്‍സിലുകളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍) പോലും ആദിവാസികളിലേക്ക് എത്തിപ്പെടാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. 1996ലെ (പട്ടിക വര്‍ഗ പ്രദേശങ്ങളിലെ) പഞ്ചായത്ത് നിയമം (പെസ) എങ്ങനെയാണ് 'വ്യവസ്ഥാപിതമായി അവഗണിക്കപ്പെട്ടതെന്നും', ഒന്‍പത് സംസ്ഥാനങ്ങളിലും നടപ്പിലാക്കാതെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസി സമുദായങ്ങള്‍ക്ക് ഗ്രാമസഭകളിലൂടെയുള്ള സ്വയംഭരണത്തിന്റേതായ വലിയ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യമുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ഈ നിയമമാണ്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അദ്ദേഹം നിരന്തരം ആദിവാസികളെ സംഘടിപ്പിക്കുകയും സമരം നടത്തുകയും ചെയ്തു. പിന്നീടത് 2017ലെ പതല്‍ഗുഡി പ്രസ്ഥാനമായി രൂപം പ്രാപിച്ചു. പെസ നടപ്പില്‍ വരുത്തുന്നതിനെ വ്യവസ്ഥാപിതമായി തടഞ്ഞുനിര്‍ത്തിയ സ്റ്റേറ്റ് ഗവണ്‍മെന്റുകളെ തുറന്നുകാട്ടുന്നതില്‍ പതല്‍ഗുഡി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതല്‍ഗുഡി പ്രസ്ഥാനത്തെ കുറിച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: ''പതല്‍ഗുഡി വിഷയത്തില്‍ എന്തിന് ആദിവാസികള്‍ ഇത് ചെയ്യുന്നു എന്ന ചോദ്യം ഞാന്‍ ചോദിച്ചു. സഹിഷ്ണുതയുടെ പേരുപറഞ്ഞ് അവര്‍ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അവരുടെ ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന വിലപിടിച്ച ധാതുക്കള്‍ പുറത്തുള്ള വ്യവസായികളെയും കച്ചവടക്കാരെയും സമ്പന്നരാക്കുന്നു. അതേസമയം അത് ആദിവാസികളെ ദരിദ്രരാക്കുകയും പട്ടിണി മരണങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു''.
അസ്വസ്ഥത വിതറിയ ചോദ്യങ്ങള്‍
തങ്ങളുടെ ഭൂമിയിലെ ഖനനത്തിനു മേലുള്ള കൈകാര്യ കര്‍തൃത്വവും അതുമൂലം സ്വയംപര്യാപ്തതയും ആദിവാസികള്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന സുപ്രീംകോടതിയുടെ 1997ലെ 'സമാത വിധി' നടപ്പിലാക്കുന്നതിലെ സര്‍ക്കാരിന്റെ മൗനത്തെയും ഫാ. സ്റ്റാന്‍ ചോദ്യം ചെയ്തു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവയുടെ ഫലമായി ദേശീയ-അന്തര്‍ദേശീയ കുത്തകകള്‍ രാജ്യത്ത് വിഹരിക്കുകയും, പ്രത്യേകിച്ച് മധ്യ ഇന്ത്യയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഖനനത്തിനായി നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. ഇതുകൂടാതെ, 2006ലെ ഫോറസ്റ്റ് റൈറ്റ് ആക്റ്റ് (എഫ്.ആര്‍.എ) നടപ്പില്‍ വരുത്തുന്നതിലെ അപാകതകള്‍ക്കെതിരെയും അദ്ദേഹം ചോദ്യമുയര്‍ത്തി. ഇതൊക്കെ യഥാര്‍ത്ഥത്തില്‍ അദാനി പോലുള്ള വന്‍ ശത്രുക്കളെ സൃഷ്ടിക്കാന്‍ ഇടയാക്കി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്വേഷണത്തില്‍, 2006നും 2011നും ഇടയ്ക്ക് പട്ടയം ലഭിക്കാന്‍ മാത്രമായി ഏകദേശം 30 ലക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 11 ലക്ഷം അപേക്ഷകര്‍ക്ക് പട്ടയം നല്‍കുകയും 14 ലക്ഷം അപേക്ഷകള്‍ തള്ളിക്കളയുകയും അഞ്ചു ലക്ഷം ഇപ്പോഴും തീര്‍പ്പാകാതെ നില്‍ക്കുകയും ചെയ്യുന്നു. അതോടൊപ്പം, വ്യവസായ ആവശ്യത്തിനായി വനപ്രദേശം കൈയടക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമസഭകളെ മറികടന്നു പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ഈയടുത്ത്, 2013ലെ ലാന്റ് അക്വിസിഷന്‍ ആക്റ്റ് ഭേദഗതി ചെയ്ത സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ആദിവാസികളുടെ 'മരണമണി' എന്നാണ് ആ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പരിസ്ഥിതി, സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്ന 'സാമൂഹിക ഫല നിര്‍ണയത്തിന്റെ' നിര്‍ദേശങ്ങളെ അത് ലംഘിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഏതൊരു കൃഷിഭൂമിയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഗവണ്‍മെന്റിന് അനുവാദം നല്‍കാന്‍ കഴിയുമെന്നത് മഹാക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളെ ഇല്ലാതാക്കാനുള്ള ഏറ്റവും പുതിയ നയമായ 'ലാന്‍ഡ് ബാങ്കിനെയും' ചോദ്യം ചെയ്തു.
ഫാ. സ്റ്റാന്‍ വെറും കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റക്കാരനല്ലെന്നുമുള്ള 2018ലെ ബോംബെ ഹൈക്കോടതിക്ക് മുമ്പാകെയുള്ള ബോധ്യപ്പെടുത്തലിനെ വകവെക്കാതെയാണ്ഫാ. സ്റ്റാനെ റാഞ്ചിയിലെ വീട്ടില്‍ നിന്നും എന്‍.ഐ.എ അറസ്റ്റു ചെയ്തത്. 2020 ജൂലൈ 27, 28, 29, 30, ആഗസ്റ്റ് ആറ് എന്നീ തിയതികളില്‍ നടന്ന 15 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ അദ്ദേഹം പൂര്‍ണമായും സഹകരിച്ചതു വകവെക്കാതെയാണ് ഇത് നടന്നത്. അറസ്റ്റിന് രണ്ടു ദിവസം മുന്‍പ്, ഫാ. സ്റ്റാന്‍ ഒരു പ്രസ്താവനയിറക്കി. അത് ഇങ്ങനെ്: 'അഞ്ചു ദിവസങ്ങളിലായി പതിനഞ്ചു മണിക്കൂറോളം എന്‍.ഐ.എ എന്നെ ചോദ്യംചെയ്തു. എന്റെ ബയോഡാറ്റയ്ക്കും മറ്റു ചില ഡാറ്റകള്‍ക്കും പുറമേ, എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായി നേരത്തെ പദ്ധതിയിട്ടത് പ്രകാരം എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ എന്റെ കംപ്യൂട്ടറില്‍ നിന്നും എടുത്തുകൊണ്ടുപോയി. ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നും, അതെല്ലാം ആരോ ഞാന്‍ അറിയാതെ എന്റെ കംപ്യൂട്ടറില്‍ കയറ്റിവെച്ചതാണെന്നും ഞാന്‍ അവരോട് പറഞ്ഞു. ആരോപണങ്ങളെല്ലാം ഞാന്‍ തള്ളിക്കളഞ്ഞു. ഞാന്‍ കുറ്റാരോപിതനായ ഭീമ-കൊറേഗാവ് കേസുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെയാണ് ഇപ്പോഴത്തെ എന്‍.ഐ.എ അന്വേഷണം മുന്നോട്ടുപോവുന്നത്. ആ കേസില്‍ രണ്ടു വട്ടം (2018 ആഗസ്റ്റ് 28, 2019 ജൂണ്‍ 12) അവര്‍ റെയ്ഡ് നടത്തിയതുമാണ്. എന്നാല്‍, മറ്റു ചില കാര്യങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒന്ന്, വ്യക്തിപരമായി ഞാന്‍ തീവ്ര ഇടതു ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നു. രണ്ട്, ഞാന്‍ വഴി ബഗിച്ചയും മാവോയിസ്റ്റുകളുമായി ബന്ധമുള്ള സ്ഥാപനമാണ്. ഈ രണ്ട് ആരോപണങ്ങളും ഞാന്‍ ശക്തമായി നിരാകരിക്കുന്നു. ആറാഴ്ചത്തെ നിശബ്ദതക്ക് ശേഷം, മുംബൈയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാവാന്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ അവരെ താഴെപ്പറയുന്ന കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഒന്ന്, ഇപ്പോള്‍ തന്നെ പതിനഞ്ചു മണിക്കൂറോളം എന്നെ ചോദ്യംചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയും എന്തിനാണ് ചോദ്യംചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.രണ്ട്, എന്റെ പ്രായവും രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗവും കണക്കിലെടുത്താല്‍ ഒരു ദീര്‍ഘദൂര യാത്രക്ക് പറ്റിയ അവസ്ഥയിലല്ല ഞാനുള്ളത്. അതിനുപുറമേ, 65നു മുകളില്‍ പ്രായമായ വൃദ്ധര്‍ ലോക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.മൂന്ന്, അന്വേഷണ ഏജന്‍സിക്ക് ഇനിയും ചോദ്യംചെയ്യല്‍ ആവശ്യമാണെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചെയ്യാവുന്നതാണ്. 'മനുഷ്യത്വം' അതിജീവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഞാന്‍/നമ്മള്‍ അതിന്റെ അനന്തരഫലം അഭിമുഖീകരിക്കാന്‍ തയ്യാറാണ്. ഈ കാലയളവില്‍ എനിക്കായി നിലകൊണ്ട ആളുകളോട് നന്ദി അറിയിക്കുന്നു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയിട്ടും ഫലമുണ്ടായിട്ടില്ല. പൗരാവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷെല്‍ ബാച്ച്‌ലറ്റ് പ്രസ്താവനയില്‍ പറഞ്ഞു.വിഷയം ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്നതാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നുമൊക്കെയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.സിബിസിഐ നല്‍കിയ നിവേദനവും കേന്ദ്ര സര്‍ക്കാര്‍ അനുകൂല
മായി പരിഗണിച്ചില്ല.
എന്‍.ഐ.എ തടവിലാക്കിയ മലയാളി റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറന്‍സിക് സ്ഥാപനം കണ്ടെത്തിയതിനു പിന്നാലെ, തന്റെ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ച് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിനു മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിരുന്നു. ഫാ. സ്റ്റാന്‍ സ്വാമിയും റോണ വില്‍സനെപ്പോലെ ഹാക്കിംഗ് കുരുക്കില്‍ അകപ്പെട്ടെന്ന നിഗമനമാണുള്ളത്. എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതിനു വഴി തെളിച്ച് ലാപ്‌ടോപ്പില്‍ നിന്നെടുത്ത ചില ഫയലുകള്‍ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തെന്നും മൂന്നു തവണ ഫാ. സ്റ്റാന്‍ സ്വാമി മൊഴി നല്‍കിയിരുന്നു. ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എന്‍.ഐ എ കോടതിയെ അറിയിച്ചത്.
ബാബു കദളിക്കാട്
Comments