Foto

ഈ സങ്കടങ്ങൾ വെറും കടലാസുകൾ! 

ഈ സങ്കടങ്ങൾ വെറും കടലാസുകൾ! 

ഫാ. ജോഷി മയ്യാറ്റിൽ 

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ ജീവിതവേദനകൾ കൊച്ചിയിൽ കുന്നുകൂട്ടി വച്ചിട്ടുണ്ട്. ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയുക്തമായ ജെ.ബി. കോശി കമ്മീഷൻ്റെ കൊച്ചിയിലെ ഓഫീസിൽ കുന്നുകൂടിയിരിക്കുന്ന ഏഴു ലക്ഷത്തോളം നിവേദനങ്ങളിൽ ഒരു ലക്ഷം നിവേദനങ്ങൾ ഇനിയും തരംതിരിക്കാനുണ്ടത്രേ! 

ഇത്രയധികം നിവേദനങ്ങൾ എത്തിയത് എന്തുകൊണ്ടെന്നു ചിന്തിച്ചാൽത്തന്നെ ക്രൈസ്തവരുടെ നീറുന്ന പ്രശ്നങ്ങൾ തിരിച്ചറിയാൻ ആർക്കും കഴിയും! പക്ഷേ, അവ മനസ്സിലാക്കാനും പരിഹരിക്കാനും ഈ സർക്കാരിന് ആത്മാർത്ഥതയുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. ഭരണഘടനാവിരുദ്ധവും അനീതിപരവുമായ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ ന്യായമായ വിധിക്കെതിരേ സുപ്രീം കോടതിയിൽ കേസു നടത്തുന്ന പിണറായി സർക്കാരിൽ നിന്ന് ക്രൈസ്തവർക്ക് നീതി പ്രതീക്ഷിക്കാനാകുമോ? മുസ്ലീംപ്രീണനം സ്ഥിരാഭ്യാസമാക്കി മാറ്റിയിട്ടുള്ള ഇടതു-വലതുമുന്നണികളിൽ നിന്ന് ക്രൈസ്തവർക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന മോശപ്പെട്ട ധ്വനി ക്രൈസ്തവരുടെ സ്വന്തം അനുഭവത്തിൽനിന്നും തല്പരകക്ഷികളിൽനിന്നും ഉയരുമ്പോൾ ഇക്കാര്യത്തിലുള്ള ആത്മാർത്ഥത തെളിയിക്കാൻ നിലവിലുള്ള സർക്കാരിനു ബാധ്യതയുണ്ട്. 

പാലൊളി കമ്മിറ്റിയിൽ ഇടതുസർക്കാരിൻ്റെ ഉത്സാഹം 

2006 നവംബർ 16ന് പാർലിമെൻ്റിൽ സമർപ്പിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ കേരളത്തിൽ അച്ചുതാനന്ദൻ സർക്കാർ മറ്റേതു സംസ്ഥാനത്തെയും പിന്നിലാക്കിക്കൊണ്ട്  2007 ഒക്ടോബർ 15നു തന്നെ ഒരു പതിനൊന്നംഗ സമിതിയെ മുസ്ലീം ന്യൂനപക്ഷത്തിൻ്റെ പിന്നാക്കാവസ്ഥ പഠിക്കാനായി നിയമിക്കുകയായിരുന്നു. ശ്രീ. പാലൊളി മുഹമ്മദുകുട്ടിയെ കൂടാതെ, ശ്രീ. T.K. ഹംസ, K.E. ഇസ്മായിൽ, AA അസീസ്, K.T. ജലീൽ, T.K. വിൽസൺ, ഫസൽ ഗഫൂർ, O. അബ്ദുറഹ്മാൻ, ഹുസൈൻ രണ്ടത്താണി, C. അഹമ്മദുകുഞ്ഞ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവരായിരുന്നു അംഗങ്ങൾ. 

398 പ്രതിനിധികളിൽ നിന്ന് 4000 നിർദേശങ്ങൾ ശേഖരിച്ച ഇവർ വെറും നാലു മാസം കൊണ്ട് സർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു; കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി 21-ാം തീയതി. അതിനുള്ള ആളും അർത്ഥവും സർക്കാർ ഔദാര്യത്തോടെ നല്കി എന്നർത്ഥം. 

ജെ.ബി. കോശി കമ്മീഷനും ഇടതുസർക്കാരിൻ്റെ  ചിറ്റമ്മനയവും 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ പക്ഷപാതപരമായ പ്രവർത്തനങ്ങളിൽ ക്രൈസ്തവ സമുദായത്തിനുള്ള അതൃപ്തിയും അമർഷവും പ്രകടമാകുകയും ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ നിരന്തരമായ മുറവിളികൾ സർക്കാരിന് അവഗണിക്കാൻ കഴിയാതെവരുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ വർഷം നവംബറിലാണ് ക്രൈസ്തവരുടെ  ജീവിതാവസ്ഥകൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിൽ മുൻ ഡിജിപി ജെയ്ക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരടങ്ങുന്ന ഒരു ക്രൈസ്തവന്യൂനപക്ഷ പഠനകമ്മീഷനെ നിയോഗിച്ചത്. ഇടതുസർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുന്നതിൽ ആ തീരുമാനം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നത് പട്ടാപ്പകൽപോലെ വ്യക്തമാണ്. പക്ഷേ, ടേംസ് ഓഫ് റഫറൻസ് പുറപ്പെടുവിക്കാതെ കമ്മീഷൻ്റെ പ്രവർത്തനം സർക്കാർ പിടിച്ചുവച്ചപ്പോൾ സമിതിയുടെ ടേംസ് ഓഫ് റഫറൻസ് അറിയിക്കാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിർദേശമുണ്ടായി. അതിനെത്തുടർന്ന്, 2021 ജനുവരി മാസത്തിലാണ് സർക്കാർ ക്രിസ്ത്യൻ സമുദായാംഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനുള്ള സമിതിയുടെ ടേംസ് ഓഫ് റഫറൻസ് വ്യക്തമാക്കിയത്. കമ്മീഷൻ അംഗങ്ങളെയും സെക്രട്ടറിയെയും തീരുമാനിച്ച് ആറുമാസം കഴിഞ്ഞിട്ടും ഓഫീസ് സജ്ജമാക്കാനോ ജീവനക്കാരെ നിയമിക്കാനോ സർക്കാർ സന്നദ്ധമായില്ല. സ്റ്റെനോഗ്രാഫറെയോ ടൈപ്പിസ്റ്റിനെയോ ക്ലാർക്കിനെയോ കിട്ടാതെ ഏറെനാൾ മുരടിച്ചുനിന്ന കമ്മീഷൻ, പിന്നീട് പ്രവർത്തനനിരതമായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രാരാബ്ധങ്ങളുടെ നൂലാമാലകളിൽ ഇഴയുകയാണ്. കമ്മീഷൻ അംഗങ്ങൾക്ക് ഇതുവരെ പ്രതിഫലം അനുവദിച്ചിട്ടില്ലത്രേ! ഓഫീസ്ജീവനക്കാർക്കും ശമ്പളം നല്കാൻ തീരുമാനമായിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിവേദനങ്ങൾ തരംതിരിക്കുന്ന കഠിനശ്രമത്തിൽ സഹായിക്കാനായി സന്മനസ്സോടെ ചെന്ന സന്നദ്ധസേവകർക്ക് ഒരു ചായപോലും നല്കാൻ ഓഫീസിലുള്ളവർക്കു കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, വളരെ പരിതാപകരമാണ് അവിടത്തെ അവസ്ഥ. 

ക്രൈസ്തവരുടെ ഗുരുതരമായ ജീവിതപ്രശ്നങ്ങൾ സർക്കാർ ഇത്രയ്ക്കു നിസ്സാരവത്കരിക്കുന്നത് തികച്ചും ഖേദകരവും അപലപനീയവുമാണ് എന്നേ ഇപ്പോൾ പറയുന്നുള്ളൂ.

Comments

  • 11-11-2021 12:16 PM

    Disgraceful condition. Where we (Christians)have experienced justice in the hands of Communist/ Materialists. Totally blind in front of truth. Those who are agaist the Word of God are the children of antiChrist. What else.? They will come to their knees, rest in the hands of the creator.Never believe this community. Let God settle as it is written.

leave a reply