വെറുതെ പ്രാർത്ഥിച്ചത് മിച്ചം
കോലിപ്പട വെറും കൈയോടെ നാട്ടിലെത്തി ...
പ്രാർത്ഥന ജീവിതത്തിൽ അവശ്യം വേണ്ട ഒന്നു തന്നെയാണ്. ഏകാഗ്രതയോടെ പ്രാർത്ഥിക്കുമ്പോൾ മനസ്സിനു കിട്ടുന്ന സുഖവും, ഉന്മേഷവും, ഉൽസാഹവും ഒന്നു വേറെയാണ്. ഏതെങ്കിലും കാരണങ്ങൾക്കായോ കാര്യസാധ്യത്തിനായോ പ്രാർത്ഥിച്ച് ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞാൽ അതിൽ പരം സന്തോഷം മറ്റൊന്തുണ്ട് ? സാക്ഷാൽ സർവശക്തനായ ദൈവത്തോട് നന്ദി പറയുവാൻ വാക്കുകളുണ്ടാകില്ല.
എല്ലാ പ്രാർത്ഥനകളും ദൈവത്തിന് നേടിത്തരുവാൻ ബുദ്ധിമുട്ടുതന്നെയാണ്. നാലുകോടിയോളം വരുന്ന അഫ്ഗാൻകാർക്കായി നൂറുകോടിയിലേറെ ഇന്ത്യക്കാർ ഉള്ളുരുകി പ്രാർത്ഥിച്ചു നോക്കി. എങ്ങനെ നേർച്ചകൾ നേരാതിരിക്കും ഞായറാഴ്ച 20 : 20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ട് മൽസരത്തിൽ ന്യൂസിലാന്റിനെ അഫ്ഗാനിസ്ഥാൻ തോൽപിക്കുവാൻ സകല ദൈവങ്ങളേയും വിളിക്കണമെന്നായിരുന്നു മാധ്യമങ്ങൾ കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളോട് ആവശ്യപ്പെട്ടത്. ഭൂലോകത്തെ സകല ദൈവങ്ങളും കനിഞ്ഞില്ല. അവർക്ക് അതിനു കഴിയുമായിരുന്നില്ല. കെയിൻ വില്യംസണിനെപ്പോലെ തികഞ്ഞ മാന്യനായ ഒരു നായകന്റെ കീഴിൽ മികച്ച ഫോമിൽ, അതിരറ്റ ആത്മവിശ്വാസത്തോടെ ഈ ലോകകപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമിനെ ഇന്ത്യക്കാരുടെ സ്വാർത്ഥ താൽപര്യത്തിനായി തോൽപിക്കുവാൻ ദൈവം പ്രത്യേക ഓഫറൊന്നും നൽകിയില്ല. കണക്കു കൂട്ടിയതെല്ലാം വിഫലമായി. ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ സ്‌കോട്ട്‌ലൻഡിനെതിരെ വിജയത്തിനു ശേഷം പറഞ്ഞത് പോലെ ഇന്ത്യൻ ടീം ബാഗ് പാക്ക് ചെയ്‌ത് വെറുംകൈയ്യോടെ നാട്ടിലേക്കു മടങ്ങി.
2007 ൽ മഹേന്ദ്ര സിങ്ങ് ധോണിയുടെ നേതൃത്വത്തിൽ കന്നി ലോകകപ്പിൽ വിജയികളായ ഇന്ത്യയ്ക്കു ട്വന്റി 20 ലോക കപ്പിലെ 2014 എഡിഷനിൽ മാത്രമാണ് വീണ്ടും ഫൈനൽ കളിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. 2009, 2010, 2012, 2021 വർഷങ്ങളിൽ സെമിഫൈനൽ കാണാതെ മടങ്ങിയിട്ടുള്ള ഇന്ത്യൻ ടീം 2016 ൽ സെമിയിലാണ് പുറത്തായത്. 2012 നു ശേഷം ഐസിസി ടൂർണമെന്റുകളിൽ ആദ്യമായാണ് ഇന്ത്യ സെമിഫൈനൽ കളിക്കുവാൻ അർഹത നേടാതെ മടങ്ങിയത്. ഐ സി സിയുടെ വെള്ള പന്തുകൾ ഉപയോഗിക്കുന്ന ചാംപ്യൻ ഷിപ്പുകളിൽ ഒരു കിരീടം ഇന്ത്യയ്ക്കു കിട്ടാക്കനിയായി തുടരുന്നു. ട്വന്റി 20 യിലും ഏക ദിനത്തിലുമായി നാലു ഐസിസി ടൂർണമെന്റിലാണ് ടെസ്റ്റ് പരമ്പരകളിൽ മികച്ച പെർഫോമൻസ് റിക്കാർഡുള്ള കോലി തന്റെ നായകത്വത്തിൽ അന്തിമ വിജയം കൈവരിക്കുവാൻ കഴിയാതെ മടങ്ങിയത്. വിരാട് കോലി 2017 ലെ ചാംപ്യൻസ് ട്രോഫിയിലാണ് ഇന്ത്യയെ ആദ്യമായി ഒരു ടൂർണമെന്റിൽ നയിച്ചത്. ഫൈനലിൽ പാക്കിസ്ഥാനോട് കോലിയുടെ ടീം പരാജയം ഏറ്റുവാങ്ങി. രണ്ട് വർഷം മുൻപ് 2019 ൽ ഇംഗ്ലണ്ടിൽ ഏകദിന ലോക കപ്പിൽ ന്യൂസിലാന്റാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന് സെമിഫെനലിൽ വിരാമമിട്ടത്. ഇക്കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിലും കെയിൻ വില്യംസണിന്റെ ന്യൂസിലാന്റിനോടാണ് സമസ്ത മേഖലകളിലും കഴിവു തെളിയിച്ച താരനിബിഡമായ കോലിയുടെ ടീം ദയനീയമായി കീഴടങ്ങിയത്.
ദുബായിൽ അവസാന ഗ്രൂപ്പ് മൽസരത്തിൽ നമീബിയക്കെതിരെ ഒമ്പതു വിക്കറ്റിന് വിജയിക്കുക വഴി മുഖ്യ പരിശീലകരായ രവി ശാസ്ത്രിയുടെ സപ്പോർട്ടിങ്ങ് ടീമിന് അർഹിച്ച ഒരു വിടവാങ്ങൽ വിജയം നൽകി എന്ന് സമാധാനിക്കാം. പക്ഷെ പാക്കിസ്ഥാനും, ന്യുസിലാന്റിനുമെതിരെ ഇന്ത്യൻ ടീമിന്റെ നിലവാരമില്ലാത്ത പ്രകടനമുയർത്തുന്ന ചോദ്യങ്ങൾക്ക് അവസാന മുന്നു മൽസരങ്ങളിലെ വിജയങ്ങൾ മറുപടി നൽകുന്നില്ല. ആറുമാസക്കാലമായി ഐപിഎലും, പിന്നീടുള്ള ട്വന്റി 20 ലോക കപ്പും, ബയോബബിൾ ജീവിതവും ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല തങ്ങളേയും ശാരിരീകവും, മാനസികവുമായി തളർത്തി എന്ന് രവി ശാസ്ത്രിയുടെ ഏറ്റുപറച്ചിൽ ഗൗരവമായി എടുക്കേണ്ട ഒന്നു തന്നെയാണ്. ശാസ്ത്രിക്കു മുൻപു തന്നെ നായകൻ കോലിയും, ബൗളിങ്ങിന്റെ കുന്ത മുനയായ ജസ്പ്രീത് ബുമ്രയും സമാന ചിന്തകൾ പങ്കുവച്ചിരുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ് വ്യാപനമാണ് ഐപിഎൽ മൽസരങ്ങൾ ഇന്ത്യയിൽ നടന്നിരുന്നത് നിറുത്തിവയ്ക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ പ്രേരിപ്പിച്ചത്. പിന്നീട് ട്വന്റി 20 ലോക കപ്പിന് മുൻപായി ദുബായ്, അബുദാബി, ഗൾഫ് ക്രിക്കറ്റ് കേന്ദ്രങ്ങളിൽ ഐപിഎൽ നടത്തുവാൻ തീരുമാനിക്കുകയാണുണ്ടായത്.
മികച്ച നായകനും, നല്ലൊരു കളിക്കാരനുമായ സൗരവ് ഗാംഗുലിയാണ് ഇന്ന് ബോർഡിന്റെ തലപ്പത്തുള്ളത്. മറ്റു ക്രിക്കറ്റ് രാജ്യങ്ങളിൽ കാണാത്ത ശുഷ്‌കാന്തിയോടെ തിരക്കിട്ട ക്രിക്കറ്റ് കലണ്ടർ തയ്യാറാക്കുവാൻ കഴിഞ്ഞ കുറെ കാലങ്ങളായി ദേശീയ ബോർഡ് നടത്തുന്ന ശ്രമങ്ങൾ കളിക്കാരുടെ ക്ഷേമത്തിനായിരുന്നില്ലല്ലോ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംവിധാനമാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ബി.സി.സി.ഐ.യുടെ ഏതു തീരുമാനവും അംഗീകരിക്കുവാൻ മറ്റു രാജ്യങ്ങൾ നിർബന്ധിതരാകുന്നു. വലിയ വരുമാനം ലക്ഷ്യമിട്ട് വേണ്ടത്ര വിശ്രമമില്ലാതെ കളിക്കാർക്കായി ഒന്നിനു പുറകെ ഒന്നായി മൽസരങ്ങൾ രൂപപ്പെടുത്തുന്ന ഇന്നത്തെ ശൈലിയിൽ കാതലായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
രവി ശാസ്ത്രി, മുഖ്യ ബൗളിങ്ങ് കോച്ച് ഭരത് അരുൺ സപ്പോർട്ടിങ്ങ് എന്നിവർ സ്റ്റാഫ് കഴിഞ്ഞ കാലത്ത് ദേശീയ ക്രിക്കറ്റ് ടീമിന് നൽകിയ സംഭാവനകൾ ഒരിക്കലും വില കുറച്ചു കാണാനാകില്ല. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും ടീമിന്റെ മികവിന്റെ മുഴുവൻ ക്രെഡിറ്റും ശാസ്ത്രിക്കും കൂട്ടുകാർക്കും അവകാശപ്പെടാം. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലാന്റിലൊഴികെ, ആസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലും ഇന്ത്യയുടെ ഉജ്ജ്വല വിജയങ്ങൾ നേടുവാൻ ടീമിനെ സഹായിച്ചത് അവരാണ്.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം നായക സ്ഥാനം നിലനിറുത്തുവാനുള്ള തീരുമാനത്തിലാണല്ലോ കോലിക്കു പകരം ഐപിഎൽ മൽസരങ്ങളിൽ മുബൈ ഇന്ത്യൻസ് നായകനും, ഇന്ത്യൻ ടീം ഉപനായകനുമായ രോഹിത് ശർമ്മയായിരിക്കും ഏകദിന, ട്വന്റി ഫോർമാറ്റുകളിൽ ഇന്ത്യൻ നായകനാവുക. രോഹിതിനെ നായകനാക്കി കെ.എൽ. രാഹുലിനെ ഉപനായകനാക്കിയ നടപടി ശരിയായ ദിശയിലുള്ള തീരുമാനമാണ്. ഡൽഹിയുടെ ഋഷഭ് പന്ത് ഈ പ്രായത്തിൽ ദേശീയ ടീം നേതൃനിരയിലേക്ക് ഉയരുവാനായിട്ടില്ല.
ഇന്ത്യൻ ബാറ്റിങ്ങിന്റെ വൻമതിൽ രാഹുൽ ദ്രാവിഡ് രവി ശാസ്ത്രിക്കു പകരം മുഖ്യ പരിശീലകനായി വരുന്നത് വളരെ നല്ലൊരു കാര്യമാണ്. ജൂനിയർ ടീമുകളെ പരിശീലിപ്പിച്ച് മികച്ച നിലവാരത്തിലെത്തിച്ച, ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സാരഥിയായ, സൗമ്യനും യാതൊരു വിവാദങ്ങളിലും പെടാതെ ക്രിക്കറ്റ് ജീവമന്ത്രമായി നടക്കുന്ന ദ്രാവിഡിന്റെ ഇന്നിംഗ്‌സിൽ ഇന്ത്യൻ ക്രിക്കറ്റ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ന്യൂസിലാന്റുമായി നാട്ടിൽ മൽസരങ്ങൾ തുടങ്ങാനിരിക്കെ ചെറിയൊരു ഇടവേള മാത്രമെ ഇന്ത്യൻ ടീമിന് ലഭിക്കുന്നുള്ളൂ. എന്നാലും പുതിയ ദേശീയ സീസണിൽ ഇന്ത്യൻ ക്രിക്കറ്റ് കരുത്തോടെ മുന്നേറുമെന്ന് ആശിക്കാം.
എൻ.എസ് . വിജയകുമാർ
Video Courtesy: HINDUSTAN TIMES
Comments