മനസ്സ് വല്ലാതെ അസ്വസ്ഥപ്പെടുകയാണ്. ഇതെന്തൊരു നാടാണ്......
വാസ്തവത്തിൽ ഈ നാട് സ്വതന്ത്രമാണോ....
സമീപകാലത്ത് വായിച്ച മൂന്ന് പുസ്തകങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
അരുൺ എഴുത്തച്ഛൻ എഴുതിയ " വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" "മതപ്പാടുകൾ" എന്നീ പുസ്തകങ്ങളും അനിത ശ്രീജിത്ത് എഴുതിയ "പെൺ സുന്നത്ത് " എന്ന നോവലും ആണ്.
ഭാരതം അതിൻ്റെ ശരീരത്തിനകത്ത് പേറുന്ന ജീർണ്ണതകളുടെ ആഴവും പരപ്പും അറിയുമ്പോൾ നമുക്ക് അമ്പരന്നു നിൽക്കാതെ തരമില്ല. മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ഉള്ളിൽ വെളിച്ചം കയറാത്ത ചില ജനപദങ്ങളുണ്ടെന്നുള്ള തിരിച്ചറിവ് ഇന്ന് പ്രധാനമാണ്. അത്തരം പ്രദേശങ്ങളിലൂടെ ഒരു പത്രപ്രവർത്തകൻ നടത്തുന്ന യാത്രയാണ് "മതപ്പാടുകൾ" "വിശുദ്ധപാപങ്ങളുടെ ഇന്ത്യ "എന്ന പുസ്തകത്തിൽ, ഭാരതത്തിൽ നിലനിൽക്കുന്ന ദേവദാസി സമ്പ്രദായവും വിധവകളെ തള്ളിപ്പുറത്താക്കി വാതിലടക്കുന്ന പുതിയ ഇന്ത്യയുടെ ദുരിത ചിത്രങ്ങളാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിൽ വരച്ചിടുന്നത്.
ഇന്നും തകർന്നു പോയിട്ടില്ലാത്ത ശ്രെണിവ്യവസ്ഥകളുടെ അഴുക്കുചാലിൽ ഇന്നും ഹോമിക്കപ്പെടുന്ന പെഞ്ജീവിതങ്ങളുടെ ദുരിത കഥ കരളയിക്കുന്നതാണ്. ജാതി വ്യവസ്ഥയുടെ യും ആചാര ഭ്രാന്തിൻ്റെയും ഫലമായി ഉണ്ടായ ചുവന്ന തെരുവുകളുടെ ജീർണ്ണിച്ച അടയാളപ്പെടുത്തലുകൾ.....
കർണ്ണാടകയിലെ ഹർപ്പനഹള്ളി, ആന്ധ്രയിലെ രാജമുണ്ടറി, ഒറീസയിലെ പുരിജഗനാഥ, കൽക്കത്തയിലെ സോനഗച്ചി, യുപിയിലെ വൃന്ദാവൻ, മധ്യപ്രദേശിലെ ഉജ്ജയിനി, മുംബെയിലെ കാമാത്തിപുര തുടങ്ങിയ മാംസവ്യാപാര കാഴ്ചകൾ നാടിൻ്റെ മറ്റൊരു അഴുകിയ മുഖമാണ്..
മാംസചന്തയിലെ പെണ്ണുങ്ങളുടെ കഥ..
ചുവന്ന തെരുവുകളെ ഉൽപ്പാദിപ്പിക്കുന്ന ആചാരഭ്രാന്തുകൾ...
അരുൺ എഴുത്തച്ഛൻ 'മതപ്പാടി 'ലൂടെ അമ്പരപ്പിക്കുന്ന ഇന്ത്യൻ ജീവിതവുമായിട്ടാണ് വീണ്ടുമെത്തുന്നത്. മതവും ജാതിയും തീർത്ത ആചാരാനുഷ്ഠാനങ്ങളിൽ അടിമപ്പെട്ട ബുദ്ധിയും ബോധവും പണയം വെച്ച മനുഷ്യരുടെ ജീവിതമാണ് ഒരു ഭാഗത്തെങ്കിൽ നമ്മെ ഞെട്ടിപ്പിക്കുന്ന മറ്റ് ചില ഗ്രാമജീവിതാഖ്യാനങ്ങളാണ് മറ്റൊരു ഭാഗത്തുള്ളത്. നാം ലജ്ജിച്ചു പോകുന്ന കാഴ്ചകൾ . രാഷ്ട്രത്തിൻ്റെ ശരീരത്തിനും മനസ്സിനും ബാധിച്ച മാറാവ്യാധികൾ. പൊട്ടിയൊലിക്കുന്ന രാഷ്ട്ര ശരീരത്തിൻ്റെ ഉള്ളിലുള്ളത് കടുത്ത ദുർഗ്ഗന്ധം വമിക്കുന്ന അനുഭവങ്ങൾ.
പത്രപ്രവർത്തകനായ ലേഖകൻ നടത്തുന്ന ഓരോ അന്വേഷണ റിപ്പോർട്ടും ഫീച്ചർ മട്ടിൽ വായനക്കാരന് മുന്നിലെത്തുമ്പോൾ ഇത് നാം ജീവിക്കുന്ന രാജ്യം തന്നെയോ എന്ന് അൽഭുതപ്പെടും. ഇതേത് നൂറ്റാണ്ടെന്ന് പരിഭ്രമിക്കും.ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന സാമാന്യ ബോധമുള്ള മനുഷ്യർക്ക് ഉൾക്കൊള്ളാനാവാത്ത ജീവിതങ്ങൾ വായിച്ച് നാം വിഹ്വലരാകും.
ഉമിത്തീ പോലെ നീറുന്ന മനസ്സുമായി നിങ്ങൾ അലഞ്ഞു തിരിയും. അത്രക്കും ഈ വായന നിങ്ങളെ പിടിച്ച് ഉലയ്ക്കും ഉറപ്പാണ്.
ശവം തിന്നുന്ന തമിഴ്നാട് കല്ലൂറാണിയിലെ മനുഷ്യരുടെ കഥ തൊട്ട് തോക്ക് നിർമ്മാണം ഉപജീവനമാക്കിയ ബീഹാറിലെ മുംഗേർ ഗ്രാമത്തിൻ്റെ കഥ വരെ 11 അധ്യായങ്ങളുള്ള ഈ പുസ്തകത്തിലുണ്ട്. കല്ലൂ റാണിയിലെ മാടസ്വാമി കോവിലിൽ കർക്കടകത്തിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന ഉൽസവത്തിൻ്റെ ഭാഗമായാണ് ശവ ഭാഗങ്ങൾ തിന്നുന്ന ചടങ്ങുള്ളത്. മൃതദേഹത്തിൻ്റെ തല കയ്യിലെടുത്ത് ആടലും പാടലും മുമ്പേയുണ്ട്. മാടൻ കയറിയ സ്വാമിമാരാണ് ശവ ഭാഗങ്ങൾ തിന്നുന്നത്. അതെല്ലാം മാടൻ തിന്നുന്നതാണെന്ന് സങ്കല്പം. കല്ലൂറാണി തെങ്കാശിക്കടുത്തുള്ള സ്ഥലമാണ്. അവിടേക്ക് കേരളത്തിൽ നിന്നും അധികം ദൂരമില്ല.
നാഡീ ജ്യോതിഷത്തിൻ്റെ മറപറ്റി വിശ്വാസികളെ പറ്റിക്കുന്ന തമിഴ് നാട്ടിലെ വൈത്തീശ്വരൻ കോവിൽ പരിസരങ്ങൾ വിശ്വാസ തട്ടിപ്പിൻ്റെ തലസ്ഥാന നഗരിയാണ്. ആശ്രമം എന്ന പേരിട്ട ജ്യോതിഷാലയങ്ങളിൽ ഭൂത ഭാവി വർത്തമാനങ്ങൾ കേൾക്കാൻ ധാരാളം മലയാളികളുമെത്തുന്നുണ്ട്. സഞ്അഗസ്ത്യരുടെ കാലം മുതലുള്ള താളിയോലകളിൽ നമ്മുടെ ഭാവി എഴുതി വെച്ചിരിക്കുന്നുണ്ടത്രേ! അതും വിശ്വസിച്ചാണ് ആളുകൾ ഇവിടെ എത്തുന്നത്. സ്വന്തം ഭൂതവും ഭാവിയും കേട്ട് അവർ സംതൃപ്തരാവുന്നു.
ആചാരങ്ങളുടെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന വിചിത്രമായ ചില ഏർപ്പാടുകൾ അറിഞ്ഞാൽ ചിരിക്കണോ കരയണോ എന്ന് സംശയിക്കും. തമിഴ്നാട്ടിലെ കരുർ ജില്ലയിലെ മഹാധനപുരം അരുൾ മിഹ് മഹാലക്ഷ്മി ആലയത്തിലെ വഴിപാട്, തലയിലേക്കുള്ള തേങ്ങയേറാണ്. തലക്ക് ഏറ് കിട്ടിയ ഭക്തർ രക്തമൊലിപ്പിച്ച് കുഴഞ്ഞു വീഴുന്നതും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് പറ പറക്കുന്നതും അവിടെ ഉത്സവദിന കാഴ്ചയത്രേ. വിശ്വാസാന്ധത ബാധിച്ച ആ കൂട്ടത്തിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഒരു പെൺകുട്ടിയേയും അരുൺ എഴുത്തച്ഛൻ കണ്ടെത്തുന്നുണ്ട്.
ആണുങ്ങൾ അധികമില്ലാത്ത മധ്യപ്രദേശിലെ മന്ദ് സൗറിലെ പെൺമക്കൾ ലൈംഗികത്തൊഴിൽ സ്വീകരിച്ചിരിക്കുന്നത് ജാതീയമായ കാരണങ്ങളാലാണ്. അർമുണ്ടിമാതാജിയുടെ കോപം കിട്ടാതിരിക്കാൻ കുലത്തൊഴിൽ സ്വീകരിച്ചിരിക്കുകയാണവർ. ട്രക്ക് തൊഴിലാളികളെ കാത്ത് റോഡരികിലെ വീട്ടുമുറ്റങ്ങളിൽ പെൺകുട്ടികൾ ഉണ്ടാകും. ആണുങ്ങളെ സൽക്കരിച്ചിരുത്തി കുലത്തൊഴിലിലേർപ്പെട്ട് നിർവൃതിയടയും. ജനിക്കുന്നത് ആണാണെന്നറിഞ്ഞാൽ ഗർഭപാത്രത്തിൽ വെച്ച് തന്നെ ഇല്ലാതാക്കുന്ന ഏർപ്പാടും ഇവിടെയുണ്ട്. കുലത്തൊഴിൽ സംരക്ഷിക്കാൻ പെണ്ണിനെയാണ് ഇവർക്കാവശ്യം!
തലാക്കിന് വിധേയരായ കർണ്ണാടകയിലെ മുസ്ലീംസ്ത്രീകൾ ജീവിക്കുന്നതെങ്ങനെ എന്ന അന്വേഷണമെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ്.
ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങളുടെ തലസ്ഥാനമായി രാജ്യം മാറുകയാണോ എന്ന് നാം അമ്പരന്നുപോകും.
ഇന്ത്യയിലെ പെൺജീവിതങ്ങൾ ജാതി മത ഭേദമെന്യേ ദുരിതം പേറുന്നു.
അച്ഛനില്ലാതെ ജീവിക്കേണ്ടി വരുന്ന കർണ്ണാടകയിലെ ദേവദാസികളുടെ മക്കൾ ഇന്നും നോവുന്ന അറിവായി നമ്മുടെ ന്നിലുണ്ട്. ഇന്ത്യൻ പെണ്ണുങ്ങളുടെ കയ്പേറിയ കദന ജീവിതത്തിന് എന്നാണ് അറുതിയുണ്ടാവുക? മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞ ഭരണ വർഗ്ഗത്തിൽ നിന്ന് എന്ത് നീതിയാണ് ഈ സമൂഹത്തിന് ഇനി ലഭിക്കുക?
കേരളം വിട്ടാൽ നാം കാണുന്ന കാഴ്ചകളിൽ ജാതിക്കൊലകളുണ്ട് ഇന്നും. ജാത്യാഭിമാനം തലക്കുപിടിച്ച മനുഷ്യർ തമിഴ് നാട്ടിൽ കൊന്നും കൊലവിളിച്ചും ജീവിക്കുകയാണ് .തേവരും പല്ലരും നാടാരും പരസ്പരം പോരടിക്കുന്നു. ഗ്രാമങ്ങൾ ജാതികൾക്കായി വിഭജിച്ചെടുക്കുന്നു. പരസ്പരമുള്ള ബാന്ധവങ്ങൾ അക്രമം കൊണ്ട് ചെറുക്കുന്നു. രക്തസാക്ഷികളെ സൃഷ്ടിച്ച് ആരാധിക്കുന്നു. രക്തപങ്കിലമായ ജാതിക്കൊലക്കളങ്ങളായി തമിഴ് ഗ്രാമങ്ങൾ മാറിക്കഴിഞ്ഞ കാഴ്ച വേദനിപ്പിക്കുന്നതാണ്.
തോക്ക് നിർമ്മിച്ച് ഉപജീവനം നടത്തുന്ന മനുഷ്യരുടെ കഥയാണ് ബീഹാറിലെ മുംഗേറിന് പറയാനുള്ളത്. ദുരൂഹവും സങ്കീർണ്ണവും പ്രശ്‌നഭരിതവുമായ രാപ്പകലുകളിലൂടെ സഞ്ചരിക്കുന്ന ഒരു ജനത. പരമ്പരാഗതമായി അവർക്ക് കിട്ടിയ തൊഴിലാണ് തോക്ക് നിർമ്മാണം. രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഒരു നാടു മുഴുവൻ തോക്ക് നിർമ്മിക്കുന്നു. പ്രതികാരദാഹികളായ മനുഷ്യരുടെ താല്പര്യങ്ങൾക്കായി തോക്കു വില്പന തകൃതിയായി നടക്കുന്നു. പ്രണയക്കൊലക്ക് വേണ്ടി ഇങ്ങ് കേരളത്തിലേക്കും മുംഗേറിലെ തോക്ക് വന്നത് അടുത്ത കാലത്താണ്.
'മതപ്പാടുകൾ 'നേരനുഭവങ്ങളുടെ സമാഹാരമാണ്. നവോത്ഥാനത്തിൻ്റെ സദ്ഫലങ്ങൾ സമ്മാനിച്ച സുരക്ഷിത കവചത്തിനുള്ളിൽ ജീവിക്കുന്ന മലയാളികൾ ഈ പുസ്തകം കൗതുകത്തോടെ വായിക്കും.
എന്നാൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും ധാർമികതയും ഇന്ത്യൻ ജീവിതത്തിൽ നിന്ന് വേരോടെ പിഴുതമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നുള്ള തിരിച്ചറിവ് മലയാളിക്കുണ്ടോ എന്നത് സംശയം തന്നെയാണ്.
മതവും ജാതിയും ആചാരങ്ങളെന്ന പേരിൽ കെട്ടിയിറക്കിയ തോന്ന്യാസങ്ങൾ ഇവിടെയും അരങ്ങിലും അണിയറയിലുമുണ്ട്. സാംസ്കാരികമായ പ്രതിരോധത്തിന് ഊർജ്ജം സമാഹരിക്കേണ്ടത് ഈ മണ്ണിൽ നിന്നാണെന്ന തോന്നൽ 'മതപ്പാടുകളുടെ ' വായനയെ പ്രോത്സാഹിപ്പിക്കും.
അരുൺ എഴുത്തച്ഛൻ നിർവ്വഹിച്ച വലിയ സാംസ്കാരിക ദൗത്യമായി ഈ പുസ്തകങ്ങളെ വിലയിരുത്തുന്നു.
അവിശ്വസനീയമായി തോന്നിയേക്കാവുന്ന പെൺസുന്നത്ത് എന്ന നോവലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. വാസ്തവം ഫിക്ഷനേക്കാൽ അസാധാരണമാണ്. 90 ശതമാനം സ്ത്രീകളും പെൺകുട്ടികളും സ്വന്തം ലൈംഗികാവയവം സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മുറിച്ച് മാറ്റപ്പെട്ട സൊമാലിയ പോലുള്ള ഒരു സ്ഥലം നിങ്ങൾ ഓർക്കുക.....
നാം ചിന്തിക്കും " ഓ ഇന്ത്യ എത്ര നല്ല രാജ്യമാണ് " ഒന്നുമല്ലെങ്കിലും സ്ത്രീകളുടെ സ്വകാര്യ അവയവമെങ്കിലും അവൾക്ക് സ്വന്തമായി ഉണ്ടല്ലോ!'. പക്ഷേ ഇന്ത്യയിലെ ദാവൂദി ബോറാ വിഭാഗത്തിൽ നടക്കുന്ന ലിംഗ ചേദനം ഭയപ്പെടുത്തുന്നതാണ്. കേരളത്തിലും ഇത് നടക്കുന്നുണ്ട്....
നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാനാവില്ല എന്നതാണ് പുസ്തകങ്ങൾ നൽകുന്ന സന്ദേശം.
മതാന്ധതയും ക്രൂരമായ അനാചാരങ്ങളും ദൈവത്തിൻ്റെ പേരിൽ കെട്ടിയിറക്കുമ്പോൾ... എല്ലായിടത്തും, ഇവിടെയും....
തിരിച്ചറിയാതെ പോകുന്ന ഇന്ത്യയുടെ മുഖം...
മതം തടവിലാക്കിയ - ആചാരങ്ങളുടെ പേരിൽ മൂറിവേൽക്ക പ്പെടുന്ന ജീവിതങ്ങളുടെ അവസ്ഥ.....
എന്നിട്ട് നാം പുരപ്പുറത്ത് കയറി സോഷ്യലിസം പ്രസംഗിക്കും....
ആർഷ ഭാരതം.... വൈബ്രൻ്റ് ഇന്ത്യാ.. ഡിജിറ്റൽ ഇന്ത്യാ...
ദുർഗന്ധം വമിക്കുന്ന ഈ അഴുക്കുചാലിൻ്റെ ഓമനപ്പേരാണ് ഇതൊക്കെ...
എഴുത്ത്:ജെയ്സ് പാണ്ടനാട്

.jpeg)
Comments