കട്ടപ്പന∙ ഇടുക്കി ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ ആന്‍മരിയ എന്ന 17 വയസ്സുള്ള കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായ് എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സെൻ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കാണ് ആംബുലന്‍സില്‍ എത്തിച്ചത്.
പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ സംഭവം അറിഞ്ഞത്. ഉടനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അദ്ദേഹം കട്ടപ്പന മുതൽ എറണാകുളത്തെ ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലന്‍സിനു വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി ഒപ്പം ആശുപത്രിയുമായി ബന്ധപ്പെട്ടു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
മന്ത്രിയുടെ നേതൃത്വത്തിൽ നിമിഷങ്ങൾക്കുള്ളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ക്രമീകരണങ്ങളൊരുക്കി.കട്ടപ്പനയിൽനിന്ന് എറണാകുളം അമൃതയിലേക്കുള്ള 132 കി.മീ. ദൂരം താണ്ടി രണ്ടു മണിക്കൂർ 40 മിനിറ്റിലാണ് എത്തിയത് .കേരളാ പൊലീസ്, ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന,സോഷ്യൽ മീഡിയ കൂട്ടായ്മകൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങി ഏവരും ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ ഒരുമിച്ചു.‘ട്രാഫിക്’ സിനിമയെ ഓർമപ്പെടുത്തുന്ന രംഗങ്ങളിലൂടെയാണ് ആംബുലൻസ് കടന്നുപോയത്. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട, കട്ടപ്പന സര്‍വീസ് ബാങ്കിൻ്റെ ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില മാർഗമാണ് ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സ് കടന്ന് പോകുന്ന വഴിയിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. നാട്ടുകാർക്കും സഹകരിച്ച യാത്രക്കാർക്കും ആശുപത്രിയിൽ എത്തിയതിനുപിന്നാലെ മന്ത്രി നന്ദി അറിയിച്ചു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments