മ്യാൻമാറിൽ വൈദികനെയും മതാധ്യാപകനെയും തട്ടിക്കൊണ്ടുപോയി
വത്തിക്കാൻ സിറ്റി : മ്യാൻമാറിലെ പട്ടാള ഭരണത്തെ എതിർക്കുന്ന സായുധസംഘം ഒരു കത്തോലിക്കാ വൈദികനെയും മതാധ്യാപകനെയും തട്ടിക്കൊണ്ടുപോയതായി യു സി എ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സ് എന്ന പേരിലുള്ള സായുധസംഘം ഫാ. നോയൽ ഹ്‌റാങ്ങ് ടിൻ താങ്ങിനെയും ഒപ്പമുണ്ടായിരുന്ന മതാധ്യാപകനെയും സുർഖ്വാ എന്ന സ്ഥലത്തുവച്ചാണ് തട്ടിക്കൊണ്ടു പോയത്. ജൂലൈ 26നാണ് സംഭവം നടന്നത്. ഹഖാ രൂപതാ മെത്രാൻ ലൂസിയൂസ് ഹ്‌റെ കുംഗ് വൈദികനെ ഉടൻ മോചിപ്പിക്കണമെന്ന് സായുധ സംഘത്തോട് ആവശ്യപ്പെട്ടു. കലാപം മൂലം വീടുവിട്ടോടിയ നിരവധി പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും ഫാ. നോയൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർക്കുകയുണ്ടായി. പട്ടാള ഭരണത്തലവന്മാർക്ക് ഫാ.നോയൽ വിവരം ചോർത്തി നൽകുന്നുവെന്നാണ് സായുധ സംഘത്തിന്റെ ആരോപണം.
മ്യാൻമാറിൽ ബുദ്ധമതക്കാരാണ് ഭൂരിപക്ഷവും. ജനസംഖ്യയിൽ 6.2 ശതമാനം മാത്രമാണ് ക്രൈസ്തവരായിട്ടുള്ളത്. മ്യാൻമാറുകാരായ കത്തോലിക്കരാകട്ടെ 1.5 ശതമാനവും.
Comments