മ്യാൻമാറിന്റെ ഹൃദയം തൊട്ട്
ഫിലിപ്പൈൻസിലെ കത്തോലിക്കാ സഭ
മനില: എങ്ങനെയാണ് ദുരിതമനുഭവിക്കുന്ന ഒരു അയൽ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയെന്ന ക്രിസ്തീയ ശൈലിക്ക് മാതൃകയായി ഫിലിപ്പൈപെൻസിലെ കത്തോലിക്കാസഭ.
മ്യാൻമാർ ഫിലിപ്പൈൻസിന്റെ അയൽരാജ്യമാണ്. 2021 ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂക്കിയുടെ
നേതൃത്വത്തിതലുളള സർക്കാരിനെ പട്ടാളം സ്ഥാനഭ്രഷ്ടരാക്കി. രാഷ്ട്രീയമായ അസ്ഥിരതയോടൊപ്പം കോവിഡ് മഹാമാരിയും മ്യാൻമാറിനെ കടന്നാക്രമിച്ചതോടെ ജനം ദുരിതത്തിലായി. സഹികെട്ട് ജനം തെരുവിലിറങ്ങിയതോടെ പട്ടാള ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമം തുടങ്ങി. ജനങ്ങളുടെ നിസ്സഹകരണ സമരം മൂലം ഭരണമാകെ താളം തെറ്റി. സർക്കാർ ആശുപത്രികൾ പ്രവർത്തിക്കാതായി. 211,000 പേർ നാട് വിട്ടോടേണ്ടി വന്നിരിക്കുകയാണിവിടെ.
ഈ ദുരവസ്ഥയിൽ മ്യാൻമാറിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മ്യാൻമാറിലെ രക്തസാക്ഷി ദിനമായ ജൂലൈ19 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഫിലിപ്പൈൻസിലെ മെത്രാൻ സമിതി അഭ്യർത്ഥിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് 12നും വൈകുന്നേരം 6 മണിക്കും ഫിലിപ്പൈൻസിലെ ദേവാലയങ്ങളിലെ പള്ളിമണികൾ അടിച്ച് പ്രത്യേക പ്രാർത്ഥനകൾ ഫിലിപ്പൈൻസിലെ കത്തോലിക്കാ വിശ്വാസികൾ ചൊല്ലുകയായിരുന്നു.
''മ്യാൻമാർ മൂന്ന് പ്രതിസന്ധികളെ നേരിടുകയാണ്. ഒന്ന്- സൈനിക അട്ടിമറി. രണ്ട്- കോവിഡ് മഹാമാരി. മൂന്ന്- സമ്പദ് ഘടനയുടെ തകർച്ച. ഏറ്റവും ദാരുണമായ കുരിശിന്റെ വഴിയിലൂടെയാണ് മ്യാൻമാറിലെ ജനങ്ങൾ നടന്നു നീങ്ങുന്നത്. കഴിഞ്ഞ അഞ്ചുമാസങ്ങളായി നൂറുകണക്കിനാളുകൾ കലാപത്തിൽ കൊല്ലപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് കണക്കില്ല. ഇത്തരമൊരു സന്ദർഭത്തിൽ ഫിലിപ്പൈൻസിലെ ജനത ഞങ്ങളോട് പ്രകടിപ്പിച്ച സഹകരണത്തിനും പിന്തുണയ്ക്കും നന്ദി''. - മ്യാൻമാറിലെ മെത്രാൻ സമിതിയുടെയും ഏഷ്യൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെയും പ്രസിഡന്റ് കാർഡിനൽ ചാൾസ് ബോ ഒരു സന്ദേശത്തിൽ പറഞ്ഞു.
Comments