വൈദികനുള്‍പ്പെടെ 11 പേരെ
നൈജീരിയയില്‍ അക്രമി
സംഘം തട്ടിക്കൊണ്ടുപോയി
വെടിയുതിര്‍ത്ത് എട്ട് പേരെ കൊന്നു; നിരവധി പേരെ പരിക്കേല്‍പ്പിച്ചു
നൈജീരിയയില്‍ കത്തോലിക്കര്‍ക്കു നേരെയുള്ള അതിക്രൂര ആക്രമണം വീണ്ടും. തോക്കുധാരികളായ കൊള്ളക്കാര്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ 11 പേരെ തട്ടിക്കൊണ്ടു പോയി. വെടിയുതിര്‍ത്ത് എട്ട് പേരെ കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷമാണ്
കടുന അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന വൈദികനെയും സ്ഥലവാസികളെയും തട്ടിക്കൊണ്ടു പോയത്.
തെക്കന്‍ മേഖലയിലെ കടുന സംസ്ഥാനത്തെ പ്രാദേശിക ഭരണ പ്രദേശമായ കാച്ചിയയിലെ കടാജെ സമൂഹമാണ് ആക്രമണത്തിനിരയായത്. രാവിലെ വെടിയൊച്ച കേട്ട് ഉണര്‍ന്ന തങ്ങള്‍ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരടക്കം ആരും പ്രതികരിച്ചില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി കാത്തലിക് ന്യൂസ് ഏജന്‍സിയുടെ മേഖലാ പങ്കാളിയായ എസിഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ നൈജീരിയന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ (എന്‍.എല്‍.സി) ആഹ്വാനപ്രകാരം നടന്നുവരുന്ന സമരത്തില്‍ സംസ്ഥാനം മരവിച്ചു നില്‍ക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
കടുന സംസ്ഥാനത്ത് കൊള്ളക്കാര്‍ കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഈയിടെ നൈജീരിയന്‍ സൈനികര്‍ വ്യോമാക്രമണം നടത്തിയിരുന്നു. വ്യോമാക്രമണത്തില്‍ നിരവധി കൊള്ളക്കാര്‍ കൊല്ലപ്പെട്ടെന്നും, ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടെന്നും കടുന സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടറായ സാമുവല്‍ അരുവാന്‍ അവകാശപ്പെട്ടു. അവിടെ നിന്നു രക്ഷപ്പെട്ടവരാണ് കാച്ചിയയില്‍ മരണം വിതച്ചതെന്ന് അധികൃതര്‍ അനുമാനിക്കുന്നു. പണപ്പെരുപ്പത്തിന്റെ അനുബന്ധമായി ജീവിതച്ചെലവു ദുര്‍വഹമാകുന്നതിനിടയില്‍ തീവ്രവാദവും, തട്ടിക്കൊണ്ടുപോകലും നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്കു പീഡനമായി മാറുകയാണ്.ഇസ്‌ളാമിക തീവ്രവാദികളും കൊള്ളക്കാരും ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി വിലപേശുന്നതും കൊല്ലുന്നതും ആവര്‍ത്തിക്കപ്പെടുന്നു.
ബാബു കദളിക്കാട്
Comments