Foto

ലോകാരോഗ്യ സംഘടനാ സംഘം കോംഗോയില്‍ നടത്തിയത് അതീഭീകര ലൈംഗിക ചൂഷണം

ലോകാരോഗ്യ സംഘടനാ
സംഘം കോംഗോയില്‍
നടത്തിയത് അതീഭീകര
ലൈംഗിക ചൂഷണം


എബോള വൈറസ് രോഗ പ്രതിരോധത്തിന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച ജീവനക്കാര്‍ നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. തെളിവെടുപ്പിനെത്തുടര്‍ന്നു തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഉന്നതര്‍ പറയുന്നു.

'ഇത് ക്ഷമിക്കാനാവില്ല'-ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചു.'2018 നും 2020 നും ഇടയില്‍ ഞങ്ങളുടെ ജീവനക്കാര്‍ കാരണം ക്രൂരതയ്ക്കിരയായ സ്ത്രീകളോടും പെണ്‍കുട്ടികളോടും ക്ഷമ ചോദിക്കുന്ന'തായി ഡബ്ല്യുഎച്ച്ഒ ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ മാത്ഷിദിസോ മൊയ്തി അറിയിച്ചു.സ്വതന്ത്ര അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ താന്‍ ഭയചകിതനായെന്നും ഹൃദയഭേദകമായ വിവരങ്ങളാണ് വെളിപ്പെട്ടതെന്നും മൊയ്തി പറഞ്ഞു.

തങ്ങളെ മദ്യം കഴിപ്പിച്ചു മയക്കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പല സ്ത്രീകളും അന്വേഷകരോടു വെളിപ്പെടുത്തി. 35 പേജുള്ള റിപ്പോര്‍ട്ട് വേദനാജനകമാണെന്നു ഡോ. ടെഡ്രോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.'ലൈംഗിക ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും ഇരകളോടും അതിജീവിച്ചവരോടും ഞാന്‍ നേരിട്ട് ക്ഷമ ചോദിക്കുന്നു. നിങ്ങളെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയില്‍ ജോലി ചെയ്യുന്ന ആളുകള്‍ നിങ്ങളോട് അതിക്രൂരത കാട്ടിയതില്‍ ഞാന്‍ ഖേദിക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടാതെ ശിക്ഷിക്കപ്പെടും. ഇക്കാര്യം എന്റെ മുന്‍ഗണനയിലുണ്ട്. '

റിപ്പോര്‍ട്ടില്‍ പറയുന്ന 83 കുറ്റവാളികളില്‍ 21 പേരെ ലോകാരോഗ്യ സംഘടന നിയമിച്ചതായിരുന്നു. ബലാത്സംഗ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന ഒന്‍പത് സംഭവങ്ങളിലെ കുറ്റക്കാര്‍ ദേശീയ, അന്തര്‍ദേശീയ ജീവനക്കാരാണ്. ഇവരില്‍ നാല് പേരുടെ കരാറുകള്‍ അവസാനിപ്പിച്ചെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ലോകാരോഗ്യ സംഘടനയിലെയും മറ്റ് സഹായ ഏജന്‍സികളിലെയും ജീവനക്കാര്‍ക്കെതിരെ 50 -ലധികം സ്ത്രീകള്‍ ലൈംഗിക ചൂഷണ പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്.

ബാബു കദളിക്കാട്

 

Video Courtesy : DW TV

Comments

leave a reply

Related News