ബ്രാസവില്ലെ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം മടങ്ങിയ യുവവൈദികന്‍ കൊല്ലപ്പെട്ടു. 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്കയാണ്, കന്യാബയോംഗയിൽ സമര്‍പ്പിത ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, തന്റെ ഇടവകയായ സെന്റ് മൈക്കൽ ദി ആർക്കഞ്ചലിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ച് ആയുധധാരികളാൽ കൊല്ലപ്പെട്ടത്. വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ബ്യൂട്ടേംബോ-ബെനിയിലെ ബിഷപ്പ് മെൽചിസെഡെക് സികുലി പലുകു എസിഐ ആഫ്രിക്കയ്ക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യമായ ഉഗാണ്ടയിൽ നിന്നുള്ള ഐഎസുമായി ബന്ധമുള്ള വിമത സംഘം അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു.
മേഖലയിൽ നടന്ന ഭീകരാക്രമണങ്ങളെ ബിഷപ്പ് പലുകു അപലപിച്ചു. സായുധ സംഘങ്ങൾ സ്കൂളുകളും ആശുപത്രികളും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലായെന്നും ആശുപത്രി കിടക്കയിൽ കിടന്ന് രോഗികളെ പോലും അക്രമികള്‍ കൊല്ലുകയാണെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം വൈദികന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് രൂപതയില്‍ നവനാള്‍ നൊവേന പ്രഖ്യാപിച്ചു. ഫാ. റിച്ചാർഡ് മസിവിയുടെ ആത്മാവിനെ ദൈവകരുണയ്ക്കായി സമര്‍പ്പിക്കുക എന്ന നിയോഗത്തോടെ ഇന്നലെ ഫെബ്രുവരി 3നു ആരംഭിച്ച നൊവേന ഫെബ്രുവരി 11 വരെ നീളും.
ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനര്‍ സമൂഹാംഗമാണ് അന്തരിച്ച ഫാ. റിച്ചാർഡ്. 2019 ഫെബ്രുവരിയിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 2021 ഒക്‌ടോബർ മുതൽ അദ്ദേഹം വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരികയായിരിന്നു. ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനറിന്റെ സുപ്പീരിയർ ജനറൽ ഫാ. തിയോഡോറോ കാലാവ് കൊലപാതകത്തെ അപലപിച്ചു. ക്രൂര കൊലപാതകത്തെ അപലപിക്കുകയാണെന്നും അർഹമായ നീതി ഉടൻ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഫാ. തിയോഡോറോ പറഞ്ഞു. ക്രൂരമായ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കു സ്ഥിരം വേദിയായി ആഫ്രിക്ക ഭൂഖണ്ഡം മാറി കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും വൈദികര്‍ക്കും സന്യസ്തര്‍ക്കും ക്രൈസ്തവര്‍ക്കും നേരെ അനേകം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുക്കൊണ്ടിരിക്കുന്നത്.
Comments