കൊച്ചി: ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട് ബ്രെസോണിനെക്കുറിച്ചും (1901 - 1999 ) അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയും തിരുവല്ല അതിരൂപത വൈദികനുമായ റവ.ഡോ. സിബു ഇരിമ്പിനിക്കലാണ് ബ്രെസോണിന്‍റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന "റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി" എന്ന ശ്രദ്ധേയഗ്രന്ഥം തയാറാക്കിയത്. മലയാളത്തിൽ ആദ്യമാണ് ബ്രെസോൺ സിനിമകളുടെ ദൈവശാസ്ത്രപശ്ചാത്തലം വിശകലനം ചെയ്യുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പാലാരിവട്ടം പിഓസി യിൽ നടന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ പ്രഫ. എം കെ സാനു അധ്യക്ഷത വഹിച്ചു. കാഴ്ചയുടെ കലയായ സിനിമയുടെ സ്വാധീനം കൂടി വരുന്ന കാലത്തു, അതേക്കുറിച്ച് ഗൗരവമായ പഠനം നടത്തുന്ന പുസ്തകങ്ങൾ വലിയ മുതൽക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് യോഗം ഉദ്ഘാടനം ചെയ്തു. ഒരു വൈദീകൻ സിനിമയെ ക്കുറിച്ച് ആഴത്തിൽ പഠിച്ചു തലമുറകൾക്ക് പുതു ദർശനം നൽകുന്ന പുസ്തകം തയ്യാറാക്കി എന്നത് അഭിമാനകരമാണെന്നു അദ്ദേഹം പറഞ്ഞു.
ബ്രെസോണിന്‍റെ 13 സിനിമകളെ ആഴത്തിൽ വിശകലന വിധേയമാക്കുന്ന പുസ്തകമാണ് "റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി".
പ്രഫ. ശിവപ്രസാദ് കവിയൂർ, ഡോ. ജിജി കൂട്ടുമ്മേൽ, ബെന്നി പി. നായരമ്പലം,
നടൻ കൈലാഷ്, ഡോ. പ്രിമുസ് പെരിഞ്ചേരി, ഡോ. ജോർജ് തയ്യിൽ, സംവിധായകൻ ജോസ് തോമസ്, സിറിയക് ആലഞ്ചേരി, റവ.ഡോ. സിബു ഇരിമ്പിനിക്കൽ എന്നിവർ പ്രസംഗിച്ചു.
Comments