ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ബന്ദിയാകാൻ തയ്യാറായി ബിഷപ്പ് ദ്യുമാസ്
ഹൈറ്റിയിൽ സായുധർ വിശുദ്ധ അന്നയുടെ നാമത്തിലുള്ള സന്ന്യാസിനിസമൂഹത്തിൽപ്പെട്ട ആറു സഹോദരികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ സന്നദ്ധത അറിയിച്ചത്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കരീബിയൻ നാടായ ഹൈറ്റിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനികളുടെ മോചനത്തിനായി ബന്ദിയാകാൻ താൻ സന്നദ്ധനാണെന്ന് അൻസേ അ വൂ മിറഗൊആൻ (Anse-à-Veau-Miragoâne) രൂപതയുടെ മെത്രാൻ പിയെർ അന്ത്രേയ് ദ്യുമാസ്.
കഴിഞ്ഞയാഴ്ച സായുധർ വിശുദ്ധ അന്നയുടെ നാമത്തിലുള്ള സന്ന്യാസിനിസമൂഹത്തിൽപ്പെട്ട ആറു സഹോദരികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ സന്നദ്ധത അറിയിച്ചത്.
“ഈ സന്ന്യാസിനികൾക്കു പകരമായി എന്നെ കൊണ്ടു പൊയ്ക്കോളൂ. ഞാൻ തയ്യാറാണ്” എന്ന് ബിഷപ്പ് ദ്യുമാസ് പറയുന്നു. അൻസേ അ വൂ മിറഗൊആൻ രൂപതാതിർത്തിക്കുള്ളിൽ ഒരു ബസ്സിൽ യാത്രചെയ്യവ്വെയാണ് പത്തൊമ്പതാം തീയതി വെള്ളിയാഴ്ച (19/01/24) ആയുധധാരികൾ സന്ന്യാസിനി സഹോദരികളെ തട്ടിക്കൊണ്ടുപോയത്.
30 ലക്ഷം യൂറോ, ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച്, (271700000) ഇരുപത്തിയേഴുകോടി പതിനേഴുലക്ഷത്തിൽപ്പരം രൂപ, ആണ് ബന്ദികർത്താക്കൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
യുവജന ശിക്ഷണത്തിലും സുവിശേഷവത്ക്കരണത്തിലും ഒന്നുമില്ലാത്തവരുടെ ചാരത്തായിരിക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ട സഹോദരികളെന്നും അവർ സ്വന്തം ജീവതം ജനങ്ങൾക്കു വേണ്ടി പൂർണ്ണമായി സമർപ്പിച്ചിരിക്കുന്നവരാണെന്നും ബിഷപ്പ് ദ്യുമാസ് അനുസ്മരിക്കുന്നു. ദരിദ്രരെയും യുവജനത്തെയും രക്ഷിക്കാൻ ജീവിതം സമർപ്പിക്കുന്ന മഹിളകളെ തട്ടിക്കൊണ്ടുപോകുന്നത് ദൈവത്തിൻറെ ന്യായവിധിക്ക് പാത്രമാകുന്ന ഒരു ചെയ്തിയാണെന്ന് അദ്ദേഹം പറയുന്നു.
തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനായി പാപ്പാ ഞായറാഴച (21/01/24) മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ അഭ്യർത്ഥിച്ചിരുന്നു. പാപ്പായുടെ സമീപ്യത്തിനും പ്രാർത്ഥനയ്ക്കും ബിഷപ്പ് ദ്യുമാസ് അഭിമുഖത്തിൽ നന്ദി പ്രകാശിപ്പിച്ചു. അന്നാട്ടിൽ ഭരണം നടക്കുന്നില്ലെന്നും, രാഷ്ട്രീയവും വ്യസ്ഥാപിതസമ്പ്രദായവും അപ്രത്യക്ഷമായിരിക്കയാണെന്നും സായുധസംഘങ്ങളാണ് ഏതാണ്ട് 80 ശതമാനം കാര്യങ്ങളും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Comments