Foto

ബഫര്‍ സോണ്‍: കെ.സി.ബി.സി. യുടെ കര്‍ഷക സംഘടനാ പ്രതിനിധി സമ്മേളനം ജൂലൈ 31ന് പി.ഒ.സി.യില്‍

ബഫര്‍ സോണ്‍ സംബന്ധിച്ച ജൂലൈ 27-ാം തിയതിയിലെ
മന്ത്രിസഭാ തീരുമാനം - അവ്യക്തവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും: കെ.സി.ബി.സി.
കര്‍ഷക  സംഘടനാ പ്രതിനിധി സമ്മേളനം-ജൂലൈ 31 ഞായറാഴ്ച പാലാരിവട്ടം പി.ഒ.സി.യില്‍
 
ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടും വിധമല്ല ജൂലൈ 27-ലെ മന്ത്രിസഭാ തീരുമാനമെന്നാണ് മന്ത്രിസഭാ തീരുമാനം സംബന്ധിച്ച പ്രസ്താവന വായിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. 2019-ലെ മന്ത്രിസഭാ തീരുമാനം മുഖവിലക്കെടുത്താണ് സുപ്രീം കോടതി ബഫര്‍ സോണ്‍ സംബന്ധിച്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്.
ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ തീരുമാനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം - വന്യജീവി വകുപ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചുവെന്ന് മന്ത്രിസഭാതീരുമാനം പ്രസിദ്ധീകരിച്ചിരി ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേയ്ക്കായി വനം വകുപ്പ് പുറത്തുവിടണം.

മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മില്‍ വന്യജീവി അക്രമണത്തെ സംബന്ധിച്ചും, ഭുപ്രശ്നങ്ങള്‍ സംബന്ധിച്ചും കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍
തന്നെ ബഫര്‍സോണ്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കും.
 
ആയതിനാല്‍ ജനങ്ങളുടെ ആശങ്കപൂര്‍ണ്ണമായും പരിഹരിക്കുംവിധം സര്‍ക്കാര്‍ ഉചിതമായ തീരുമാനം സ്വീകരിക്കണം. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ ഡേറ്റാ സഹിതം CEC- യില്‍ നല്‍കേണ്ട അപ്പിലുകള്‍ സമര്‍പ്പിക്കുകയും വേണം.

ബഫര്‍ സോണ്‍ സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനും  തുടര്‍നടപടികളെകുറിച്ച് ആലോചിക്കുന്നതിനുമായി 31-ാംതിയതി ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിക്ക് പാലാരിവട്ടം പി.ഒ.സി.യില്‍ വച്ച് കര്‍ഷക സംഘടനാ പ്രതിനിധികള്‍ യോഗം ചേരുന്നു. പ്രസ്തുത യോഗത്തില്‍ മത-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും.

Fr. Jacob G. Palackappilly

Secretariat Kerala Catholic Bishops' Council'
Pastoral Orientation Center ( P O C )
PB No 2251,Palarivattom, Kochi - 682025
Tel: 91 - 484 - 2805722, 2805815, Fax 0484 2806214
Email : deputysecretarykcbc@gmail.com
Email :jacobgpala@gmail.com
Visit our official Website:
www.kcbcsite.com

Comments

leave a reply

Related News