Foto

സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ

സെപ്റ്റംബർ മാസം, ആറാം തീയതി ഞായറാഴ്ച്ച, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച്, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ലത്തീൻ ആരാധനക്രമം, ഇരുപത്തിമൂന്നാം ഞായറാഴ്ച്ചയിലെ വചനഭാഗങ്ങളെ ആധാരമാക്കിയാണ് പാപ്പാ സംസാരിച്ചത്. സന്ദേശത്തിന്റെ മലയാള പരിഭാഷ.

ഈ ഞായറാഴ്ചത്തെ ആരാധനാക്രമത്തിൽ പ്രഘോഷിക്കപ്പെട്ട  ദൈവവചനം  നമ്മുടെ ചിന്തയ്ക്കും പ്രവൃത്തിക്കും ആവശ്യമായ ചില അടിസ്ഥാന മാനദണ്ഡങ്ങൾ നൽകുന്നു. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വചനത്തിൽ എല്ലാ കൽപ്പനകളും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു" (റോമ 13:9). "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനയിലും അടങ്ങിയിരിക്കുന്ന അതിശക്തമായ ഒരു ചിത്രം ഉപയോഗിച്ചുകൊണ്ട് വിശുദ്ധ പൗലോസ് ഈ കാര്യത്തിന് ഊന്നൽ നൽകുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: "സഹോദരന്മാരേ, പരസ്പരസ്നേഹമല്ലാതെ മറ്റൊന്നും ആരോടും കടപ്പെട്ടിരിക്കരുത്" (വാക്യം 8).

കടങ്ങൾ ക്ഷമിക്കുന്നതിനെക്കുറിച്ച് പ്രാർത്ഥിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ, നാം പരസ്പരം കടപ്പെട്ടിരിക്കുന്ന ഒരു പൈതൃകമുണ്ട്, അതിൽ നാം തടവിലാകരുത്: അത് പരസ്പര സ്നേഹമെന്ന കടമാണ്. നമുക്ക് ലഭിച്ച എല്ലാ ശ്രദ്ധയും കരുതലുകളും നന്മകളും നമ്മെ കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്തബോധമുള്ളവരും ആക്കുന്നു.

ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ, പരസ്പര സ്നേഹം പ്രകടിപ്പിക്കാനുള്ള കുറഞ്ഞത് രണ്ട് വഴികളെങ്കിലും യേശു ഓരോ ക്രൈസ്തവ സമൂഹത്തോടും നിർദ്ദേശിക്കുന്നുണ്ട്. ഒന്നാമത്തേത്, 'സഹോദരതുല്യമായ തിരുത്തലിന്'  പ്രാപ്തരാകുക എന്നതാണ്. ഇതൊരു അതിലോലമായ കലയാണ്, പലപ്പോഴും നാം ഇത് മറന്നുപോകുന്നു. ഇതിന് ആത്മാർത്ഥതയും പടിപടിയായുള്ള സമീപനവും ആവശ്യമാണ്.

പരസ്പരം ആത്മാർത്ഥമായി സംസാരിക്കുക - ആദ്യം തനിയെയും, പിന്നീട് ആവശ്യമെങ്കിൽ രണ്ടോ മൂന്നോ പേരുടെ സാന്നിധ്യത്തിലും, ഒടുവിൽ ആവശ്യമായി വന്നാൽ മുഴുവൻ സമൂഹത്തോടും - എന്നതിനർത്ഥം യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങളും സംഘർഷങ്ങളും വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. പരാതിപ്പെടുന്നതും പരദൂഷണം പറയുന്നതും എളുപ്പമാണ്, എന്നാൽ അവ ഒന്നും സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, പല സാഹചര്യങ്ങളെയും നിശ്ചലമാക്കുകയും ചെയ്യുന്നു. മറുവശത്ത്, സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്.

സഹോദരങ്ങളെ സ്നേഹിക്കാനുള്ള രണ്ടാമത്തെ വഴി പ്രാർത്ഥനയെപ്പോലും രൂപാന്തരപ്പെടുത്തുന്നു എന്ന് യേശു പറയുന്നു: അത് 'യോജിപ്പിലെത്തുക' എന്നതാണ്. ഒരു സംഘർഷം ഉണ്ടാകുമ്പോൾ മാത്രമല്ല, ദൈവത്തോട് ഏതെങ്കിലും ദാനം ചോദിക്കാനും ഇത് ആവശ്യമാണ്. കർത്താവ് അരുളിച്ചെയ്യുന്നു: " ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും" (മത്തായി 18:19). നമുക്ക് പൊതുവായ ആഗ്രഹങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും ഉണ്ടാകാമെന്നും പ്രാർത്ഥനയിലൂടെ നമുക്ക് ഐക്യത്തിൽ വളരാമെന്നുമാണ് ഈ വാഗ്ദാനം സൂചിപ്പിക്കുന്നത്. വിശ്വാസമില്ലെങ്കിൽ, ഓരോരുത്തർക്കും താൻ തനിച്ചാണെന്ന് തോന്നും, മറ്റുള്ളവരെ അന്യരായും ശത്രുക്കളായും സംശയിക്കും. എന്നാൽ, കൃപയാൽ, നാം പരസ്പരം ഒത്തുചേരാനും, ക്ഷമിക്കാനും, കർത്താവിൽ പരസ്പരം ശ്രവിക്കുവാനും കഴിയുന്ന സഹോദരീസഹോദരന്മാരാണ്.

മാലാഖയുടെ സന്ദേശത്തെ തുടർന്ന്, തന്റെ ഗർഭാവസ്ഥയിലെ സന്തോഷവും പ്രയാസങ്ങളും പങ്കുവെക്കാൻ തന്റെ ചാർച്ചക്കാരിയായ  എലിസബത്തിന്റെ  അടുത്തേക്ക് വേഗത്തിൽ യാത്ര തിരിച്ച മറിയത്തോട് നമുക്ക് അപേക്ഷിക്കാം; സഹോദരസ്നേഹത്തിന്റെ സന്തോഷകരമായ ഈ കടം വീട്ടാൻ പരിശുദ്ധ മറിയം  നമ്മെയും പഠിപ്പിക്കട്ടെ.

Comments

leave a reply

Related News