Foto

ഡല്‍ഹിയില്‍ ക്രിസ്തുമഹോത്സവ് എക്യുമെനിക്കല്‍ സംഗമം

ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവും കരുണയും മതസൗഹാര്‍ദ്ദവും വിളിച്ചോതുന്ന എക്യുമെനിക്കല്‍ സംഗമം ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബര്‍ 10-ന് ന്യൂഡല്‍ഹി തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഭാരതത്തിലെ പ്രധാനപ്പെട്ട ഒന്‍പത് മതങ്ങളുടെ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാര്‍, കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കു ന്നവരുമായ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം.

സംഗീത വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് തൃശൂര്‍ ചേതന മ്യൂസിക് അക്കാദമി ആന്‍ഡ് ചേതന സ്റ്റുഡിയോസ് ഡയറക്ടര്‍ ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐയ്ക്ക് ചടങ്ങില്‍ ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ സമ്മാനിക്കും.

പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫന്‍ ദേവസി ഉള്‍പ്പെടെ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളെ സംഗീത ത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുവര്യനാണ് അദ്ദേഹം. പ്രിയ ഗുരുവിനുള്ള ആദരസൂചകമായി സ്റ്റീഫന്‍ ദേവസിയും മകന്‍ ഷോണ്‍ സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കുന്ന സ്രംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും.

ശാസ്ത്രീയ സംഗീതത്തില്‍ പ്രഗത്ഭരായ വൈദികരും സിസ്റ്റേഴ്സും ചേര്‍ന്നുള്ള സംഗീതാര്‍ച്ചന അരങ്ങേറും.

സിബിസിഐ, ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്റര്‍, സിആര്‍ഐ നാഷണല്‍, സിഎംഐ മീഡിയ ഇയര്‍, എസിആര്‍സിഐ എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിലാണ് സംഗമം നടത്തുന്നത്.

Comments

leave a reply

Related News