മഹാ കുംഭമേളയില്‍ പങ്കെടുത്ത പ്രമുഖ മഠാധിപതി കോവിഡ് സങ്കീര്‍ണതകളാല്‍ മരിച്ചു
ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനിടെ മഹാ കുംഭമേളയില്‍ പങ്കെടുത്ത പ്രമുഖ മഠാധിപതി കോവിഡ് സങ്കീര്‍ണതകളാല്‍ മരിച്ചു; സന്യാസിമാര്‍ക്കിടയില്‍ രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കുംഭ മേള തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി നിരഞ്ജനി അഖാഡികള്‍ പ്രഖ്യാപിച്ചു. 13 അഖാദകളുടെയും ഉന്നത സമിതിയായ അഖാഡ പരിഷത്ത് ചടങ്ങില്‍ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 27 ലെ രാജകീയ സ്നാനത്തില്‍ ഏതാനും മഠാധിപതികള്‍ മാത്രമേ പങ്കാളികളാകൂ.
13 പ്രധാന അഖാഡികളിലൊന്നായ മധ്യപ്രദേശില്‍നിന്നുള്ള നിര്‍വാണി അഖാദയിലെ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് (65) ആണ് കോവിഡ് സങ്കീര്‍ണതകള്‍ മൂലം ഹരിദ്വാറിലെ ഒരു സ്വകാര്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച മരിച്ചത്്.ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ എത്തുന്നത്. ഇത്രയും ആളുകള്‍ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. കുംഭ മേളയുടെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വൈശാഖി ശാഹി സ്നാന ദിവസമായ ഏപ്രില്‍ 14ന് 9,43,452 ഭക്തര്‍ ഗംഗയില്‍ സ്നാനം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നു.ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ ജനക്കൂട്ടമായതിനാല്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ 1,925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്. ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
അര്‍ണബ് ഗോസ്വാമിയുടെ ഭാഷയില്‍ 'സൂപ്പര്‍ സ്പ്രെഡര്‍' സംഗമമാണു കുംഭ മേള. പക്ഷേ, മഹാമേള നടക്കുന്ന അപകടകരമായ സാഹചര്യത്തെ സംബന്ധിച്ചോ, ഇത് രാജ്യത്തെ കൊണ്ടെത്തിച്ചേക്കാവുന്ന പ്രതിസന്ധിയെ കുറിച്ചോ അധികമാരും പരിതപിക്കുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗത്തിന് മുന്നില്‍ രാജ്യം പകച്ചു നില്‍ക്കവേയാണ് കുംഭമേളയുടെ അരങ്ങേറ്റം.രാജ്യം നേരിടുന്ന ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്ക് കാരണം ജനങ്ങളുടെ അശ്രദ്ധയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പഴിപറയുന്നു. ചില സംസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റാനും ശ്രമമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ടം കുംഭ മേളയുടെ പേരില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഒരുമിച്ചു കൂടുന്നത്. ഗംഗാ നദിയിലെ വിശേഷപ്പെട്ട ശാഹി സ്നാനങ്ങള്‍ക്ക് പൂര്‍ണ നഗ്‌നരായ നാഗ സാധു സന്യാസിമാരടക്കം മൂന്ന് ദശലക്ഷത്തിലധികം തീര്‍ഥാടകരാണ് ഹരിദ്വാറിലെ ഘാട്ടുകളില്‍ വന്നുചേരുന്നത്.
ബാബു കദളിക്കാട്
Comments