Foto

ചെറുത്തു നിന്ന് കര്‍ഷക പ്രക്ഷോഭം; ഗതികെട്ട് പിന്മാറി പോലീസ്

ബാബു കദളിക്കാട് 
ഗാസിപ്പൂരില്‍ ശക്തമായ സംഘര്‍ഷം; സമരക്കാരെ
ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം വിഫലമായി


കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന കര്‍ഷക പ്രക്ഷോഭകരുടെ ഉറച്ച നിലപാടിനു മുന്നില്‍ പിന്മാറേണ്ടി വന്ന് പോലീസ്.ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തി മേഖലയിലെ ഗാസിപ്പൂരില്‍ ശക്തമായ സംഘര്‍ഷമുണ്ടായി. സമരക്കാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ചെറുത്തുനിന്നു.

പോലീസിനു കൂടുതല്‍് നടപടി സ്വീകരിക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നു. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് മടങ്ങിപ്പോയത്.കര്‍ഷകര്‍ക്കെതിരെ തത്കാലം നടപടി സ്വീകരിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.വെടിയുണ്ടകളെ നേരിടാനും തയ്യാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു.രാകേഷ് ടിക്കായത്തിന്റെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) അക്രമ സംഭവം അവലോകനം ചെയ്യാന്‍ 'മഹാപഞ്ചായത്ത്' യോഗം വിളിച്ചു.  

സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ഗാസിപ്പൂരില്‍ നിന്ന് ഒഴിഞ്ഞുപോവുകയോ ചെയ്യില്ലെന്ന ശക്തമായ നിലപാട് സമരപ്പന്തലിലെത്തിയ പോലീസിനെ കര്‍ഷക നേതാക്കള്‍ അറിയിക്കുകയായിരുന്നു. സമരം ചെയ്യാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ല. എന്ത് സംഭവിച്ചാലും സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ പോലീസിനോട് പറഞ്ഞു. ്

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡിനിടെയുണ്ടായ അക്രമത്തെത്തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തി പോയിന്റായ തിക്രിയും സിംഗുവും കനത്ത പോലീസ് വിന്യാസത്തിലാണ്. അര്‍ദ്ധസൈനിക വിഭാഗത്തിനൊപ്പം ഡല്‍ഹി പോലീസിനെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

റോഡുകളില്‍ തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് കര്‍ഷകര്‍ക്ക് വൈദ്യുതിയും ജലവിതരണവും ഭരണകൂടം നിഷേധിച്ചിരിക്കുകയാണ്. നവംബര്‍ 26 ന് കര്‍ഷകര്‍ 'ദില്ലി ചാലോ' പ്രതിഷേധം ആരംഭിച്ചതുമുതല്‍ ഗാസിപ്പൂര്‍ അതിര്‍ത്തി അടച്ചിരുന്നു.പക്ഷേ,  ചൊവ്വാഴ്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ട്രാക്ടര്‍ റാലിയുമായി മുന്നേറുകയും ചെയ്തു.

Comments

leave a reply

Related News