Foto

മാര്‍പാപ്പയുമായി 75 മിനിറ്റ് ചര്‍ച്ച നടത്തി ബൈഡന്‍; ആശയ വിനിമയം തുടരും

മാര്‍പാപ്പയുമായി 75 മിനിറ്റ്
ചര്‍ച്ച നടത്തി ബൈഡന്‍;
ആശയ വിനിമയം തുടരും

ലോക ജനത നേരിടുന്ന വിവിധ വിഷയങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഉത്ക്കണ്ഠാപൂര്‍വം ചര്‍ച്ച ചെയ്ത് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍. 75 മിനിറ്റ് ദീര്‍ഘിച്ച ചര്‍ച്ചയ്ക്കു ശേഷം ഇരുവരും പിരിഞ്ഞപ്പോള്‍ തങ്ങളുടെ ആശയ വിനിമയം തുടരേണ്ടതുണ്ടെന്നു മാര്‍പാപ്പ പറഞ്ഞതായി  ബൈഡന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ഒബാമയും ട്രമ്പും ഉള്‍പ്പെടെ ബൈഡന്റെ മുന്‍ഗാമികള്‍ക്ക് മാര്‍പാപ്പയുമായി ഇത്രയും ദീര്‍ഘമായ കൂടിക്കാഴ്ച സാധ്യമായിട്ടില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ 'നല്ല കത്തോലിക്കന്‍്' എന്ന് വിളിച്ചെന്നും താന്‍ ദിവ്യകാരുണ്യം  സ്വീകരിക്കുന്നത് തുടരണമെന്നു പറഞ്ഞെന്നും പ്രസിഡണ്ട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഗര്‍ഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റിനും മറ്റ് കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്കും ദിവ്യകാരുണ്യം നിഷേധിക്കണമെന്ന സംവാദം  യുണൈറ്റഡ് സ്റ്റേറ്റ്സിലെ റോമന്‍ കത്തോലിക്കാ സഭയില്‍ നില നില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചത്.

തങ്ങളുടെ കൂടിക്കാഴ്ചയില്‍ ഗര്‍ഭച്ഛിദ്രത്തെപ്പറ്റി സംസാരിച്ചില്ലെന്നും ചോദ്യത്തിനു മറുപടിയായി ബൈഡന്‍ പറഞ്ഞു. അതേസമയം,
ബൈഡന്റെ പരാമര്‍ശങ്ങള്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞതിങ്ങനെ: ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ വത്തിക്കാന്‍ അതിന്റെ അഭിപ്രായങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.കാരണം ഇതൊരു സ്വകാര്യ സംഭാഷണമായിരുന്നു.

സ്‌കോട്ട്ലന്‍ഡിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായാണ്  യുഎസ് പ്രസിഡന്റ് വത്തിക്കാനില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത്.ജില്‍ ബൈഡനുമുണ്ടായിരുന്നു ഒപ്പം. കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തിക്കുന്ന മാര്‍പ്പാപ്പയെ ബൈഡന്‍ പ്രശംസിച്ചു. ലോകമെമ്പാടും കൊറോണ വൈറസ് വാക്്സിനുകളുടെ വ്യാപകമായ വിതരണത്തിനു മാര്‍പ്പാപ്പ നല്‍കുന്ന പ്രേരണ വലിയ ഫലമാണുളവാക്കുന്നതെന്ന്  ബൈഡന്‍ പറഞ്ഞു.കോപ് 26 ആഗോള പരിസ്ഥിതി ഉച്ചകോടിയില്‍ 'സമൂലമായ തീരുമാനങ്ങള്‍' എടുക്കാന്‍ മാര്‍പ്പാപ്പ ലോകനേതാക്കളോട് ബിബിസി റേഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

കൊറോണ വൈറസ് ആശങ്കകള്‍ നിലനില്‍ക്കുന്നതുകൊണ്ടു കൂടിയാണ്് കൂടിക്കാഴ്ചാ വേളയില്‍ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാത്തതെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭൂമിയുടെ സംരക്ഷണം, ജനങ്ങളുടെ ആരോഗ്യ പരിപാലനം, കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടം, അഭയാര്‍ത്ഥികളുടെ വിഷയങ്ങള്‍, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യല്‍,  മനുഷ്യാവകാശത്തിന്റെയും  മതസ്വാതന്ത്ര്യത്തിന്റെയും ധ്വംസനം തുടങ്ങിയവയെപ്പറ്റി ഇരുവരും സംസാരിച്ചു.

ഗര്‍ഭച്ഛിദ്രാവകാശങ്ങളെ പിന്തുണയ്ക്കുന്നതു നിര്‍ത്താതെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ നിശിതമായി വിമര്‍ശിച്ച്, മാര്‍പാപ്പയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പായി യു എസിലെ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് തന്റെ വെബ്‌സൈറ്റില്‍ ഏകദേശം 3,000 വാക്കുകളുള്ള ഒരു കത്ത് പോസ്റ്റ് ചെയ്തിരുന്നു.


ബാബു കദളിക്കാട്  

 

Video courtesy : CNN

Foto

Comments

leave a reply