Foto

തണല്‍ 2K25 നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K25 നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ രൂപതാ സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 250 ഓളം പേര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാതൃവേദി രൂപത പ്രസിഡന്റ് ശ്രീമതി. ജിജി ജേക്കബ് പുളിയംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവ് 'തണല്‍ 2K25' ഉദ്ഘാടനം ചെയ്ത് അനുഗ്രഹപഭാഷണം നടത്തി. വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും, സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ അംഗീകരിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. ഇനിയുള്ള നാളുകള്‍ ഭാഗ്യപ്പെട്ടതായി തീരാന്‍ സ്വര്‍ഗത്തെ നോക്കി മുന്‍പോട്ടു പോകണമെന്നും, മക്കള്‍ക്കായി തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അനുഗ്രഹത്തിന്റെ അപ്പനമ്മ സാന്നിധ്യമായി മാറണമെന്നും പറഞ്ഞു. സഹനങ്ങളും, വേദനകളും പുണ്യങ്ങള്‍ ജീവിതത്തില്‍ നിറയ്ക്കുന്ന അനുഭവങ്ങളാകട്ടെ എന്നും ആശംസകള്‍ നേര്‍ന്നു. ജൂബിലി നിറവിലായിരുന്ന എല്ലാവര്‍ക്കും ആദരവ് അര്‍പ്പിച്ച് മൊമെന്റോയും സമ്മാനങ്ങളും നല്‍കി. ഫാ. തോമസ് കപ്പിയാങ്കല്‍ , സി.അന്ന മരിയ സിഎംസി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശ്രീ.ഫിലിപ്പ് - റോസമ്മ മണിമലക്കുന്നേല്‍ ദമ്പതികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മാതൃവേദി രൂപതാ ഭാരവാഹികള്‍ സ്വപ്ന റോയി കടന്തോട്, റ്റെസി സജീവ് മുട്ടത്ത്, ആലിസ് ബേബി പാഴൂക്കുന്നേല്‍, ജൂബി ആന്റണി വേഴമ്പശ്ശേരില്‍, ബെന്‍സി ജോഷി വള്ളിയാംതടം, ലൗലി കളപ്പുരയ്ക്കല്‍, മിനി വേങ്ങത്താനം, ആനി കുരിശുംമൂട്ടില്‍, ജോളമ്മ പഴനിലത്ത്,  ആനിമേറ്റര്‍ സി.റോസ്മി എസ്എബിഎസ്‌, ബ്രദര്‍ കെവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ഫോട്ടോ : പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹോളില്‍ നടന്ന 'തണല്‍ 2K25' രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. 

Comments

leave a reply