Foto

ഞാന്‍ കണ്ട ഫയല്‍സ് 

ഫാ. ജോഷി മയ്യാറ്റില്‍,

സിനിമ കാണുന്നത് എന്റെ ഒരു ശീലമല്ല. നോമ്പുകാലത്താണെങ്കില്‍ ഒട്ടുമേയല്ല. എങ്കിലും ഇന്നലെ ഞാന്‍, മുപ്പതു വര്‍ഷം മുമ്പു നടന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അധികരിച്ച് വിവേക് അഗ്‌നിഹോത്രി എഴുതി സംവിധാനം ചെയ്ത 'ദ കാശ്മീര്‍ ഫയല്‍സ്' പോയിക്കണ്ടു. സമകാലീന ഭാരതത്തെക്കുറിച്ച് അറിവു ലഭിക്കുമെന്ന് കരുതിയതിനാലാണ് പോയത്. ഏതായാലും, പോയതു നന്നായി. മൂവി എനിക്ക് ഇഷ്ടപ്പെട്ടു. അല്പംപോലും ബോറഡിയില്ല. അനുപം ഖേര്‍, മിഥുന്‍ ചക്രബൊര്‍തി, പുനീത് ഇസ്സാര്‍, അതുല്‍ ശ്രീവാസ്തവ എന്നിങ്ങനെയുള്ള നലം തികഞ്ഞ അഭിനേതാക്കളെ ഒരുമിച്ച് ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതു നന്നായി. സംവിധായകന്റെ ഭാര്യതന്നെയായ പല്ലവി ജോഷിയും മൃണാള്‍ കുല്ക്കര്‍ണിയും ചിന്മയ് മണ്ഡേല്ക്കറുമൊക്കെ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. സത്യം പറയണമല്ലോ, മുഖ്യകഥാപാത്രമായി വന്ന ദര്‍ശന്‍ കുമാറിന്റെ കാസ്റ്റിങ്ങിനോട് എനിക്ക് അത്ര മതിപ്പു തോന്നിയില്ല. 

പശ്ചാത്തല സംഗീതത്തിന്റെ കരുത്ത് തെളിയിക്കുന്ന സിനിമകളില്‍ ഒന്നാണിത്. ഒടുവില്‍, പ്രേക്ഷകര്‍ നിശ്ശബ്ദരും ഹൃദയഭാരമുള്ളവരുമായി തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മനസ്സിനെ വിടാതെ പിന്തുടരുന്നത് ശോകമൂകമായ വയലിന്‍ ബിറ്റുകളാണ് ... കാമറ കാശ്മീരിന്റെ ദൃശ്യഭംഗി വേണ്ടത്ര ഒപ്പിയെടുത്തോ എന്നു സംശയമുണ്ട്. കാമറയും സംവിധാനവും ചിലയിടങ്ങളില്‍ പാളിപ്പോയിട്ടുണ്ട് എന്നു സമ്മതിക്കാതെയും വയ്യാ. 

ചരിത്രം ഒരു മുന്നറിയിപ്പാണ് ... 

തൊണ്ണൂറുകളില്‍ ഇത്തരം കാര്യങ്ങള്‍ നടന്നു എന്നു വിശ്വസിക്കാനാവാത്ത വിധം ക്രൂരവും ഭയാനകവുമായ ഒരു ചരിത്രമാണ് അഭ്രപാളികള്‍ ഒപ്പിയെടുത്തിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം ഹൈന്ദവരെ കാശ്മീര്‍താഴ്വരയില്‍ നിന്ന് ഓടിക്കാന്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (JKLF) ഇസ്ലാമിസ്റ്റു ഭീകരര്‍ പ്ലാനിട്ട 'ആസാദി മൂവ്മെന്റ്' നൂറുകണക്കിനു പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കുഞ്ഞുങ്ങളോട് സങ്കല്പിക്കാനാവാത്ത ക്രൂരതകള്‍ ചെയ്യുകയുമുണ്ടായി. സിനിമയില്‍ ശാരദ പണ്ഡിറ്റിനെ ജീവനോടെതന്നെ അറക്കവാള്‍കൊണ്ട് രണ്ടായി കീറിമുറിക്കുന്ന രംഗം ക്രൂരമായ ഭാവനാസൃഷ്ടിയാകാനേ തരമുള്ളൂ എന്നു സിനിമയ്ക്കുശേഷവും വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രേറിയനായിരുന്ന കശ്മീരി പണ്ഡിറ്റ് ഗിരിജ ടിക്കുവിന്റെ അനന്തരവള്‍ സിധി റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച യാഥാര്‍ത്ഥ്യങ്ങള്‍ വായിച്ച് ഞാന്‍ വിറങ്ങലിച്ചുപോയി. കൂട്ട ബലാത്സംഗത്തിന് ഇരയായ ഗിരിജ ടിക്കുവിന്റെ അന്ത്യം അങ്ങനെതന്നെ ആയിരുന്നത്രേ! ജര്‍മനിയില്‍ ഹിറ്റ്‌ലറും മലബാറില്‍ വാരിയന്‍കുന്നനും ഗുജറാത്തിലും കണ്ഡമാലിലും ഹിന്ദുത്വ ഭീകരരും സിറിയയിലും ലെബനനിലും ഇറാഖിലും ഐഎസ് ഭീകരരും ചെയ്ത കാര്യങ്ങളോര്‍ക്കുമ്പോള്‍ ഇതൊക്കെ സംഭവ്യമാണ് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ. മത-വംശീയ ഭീകരതകളെക്കുറിച്ച് പൊതുസമൂഹം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍, ഏതു കാലത്തും എവിടെയും എങ്ങനെയും സമാനമായ കാര്യങ്ങള്‍ നടക്കാം എന്ന തിരിച്ചറിവ് കാശ്മീര്‍ ഫയലുകള്‍ സമ്മാനിക്കുന്നുണ്ട്. മനുഷ്യത്വരഹിതമായ ഒത്താശകളും നിശ്ശബ്ദതയും നിസ്സംഗതയും വിസ്മൃതിയും പ്രതിക്കൂട്ടിലാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഈ സിനിമ സമ്മാനിക്കുന്നുണ്ട്. 'Broken people don't speak, they just need to be heard' എന്ന ഡയലോഗിന്റെ മൂര്‍ച്ച വര്‍ണനാതീതമാണ്. ആട്ടിയോടിക്കപ്പട്ടവരില്‍ ബുദ്ധനും ജൈനനും സിഖും ക്രിസ്ത്യാനിയും എന്തിനേറെ മോഡറേറ്റ് മുസ്‌ളീമും ഉണ്ടായിരുന്നുവെന്ന കൃഷ്ണ പണ്ഡിറ്റിന്റെ പ്രസ്താവന ഈ സിനിമയിലെ ഏറ്റവും നന്മ നിറഞ്ഞ ഡയലോഗായി തോന്നി. ഏതു മതവിഭാഗങ്ങളില്‍ പെട്ടവരാണെങ്കിലും ഭീകരവാദത്തിനെതിരായി ഒന്നിച്ച് അണിനിരക്കേണ്ടതാണെന്ന സന്ദേശമാണ് അതു പകരുന്നത്. ഭീകരവാദം ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം എതിരേയുള്ളതല്ല, മറിച്ച് മാനവരാശിക്കു മുഴുവന്‍ എതിരായുള്ളതാണ് എന്ന വാസ്തവം തിരിച്ചറിയണം. 

ഒപ്പം, സമകാലീന ഭാരതത്തില്‍ ബുദ്ധിജീവികളും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും എങ്ങനെയാണ് ഇസ്ലാമിസ്റ്റ് അജന്‍ഡയ്ക്കുവേണ്ടി കുഴലൂത്തു നടത്തുന്നത് എന്ന യാഥാര്‍ത്ഥ്യവും സിനിമ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ആസാദി മുദ്രാവാക്യങ്ങള്‍ യുവതയുടെ സിരകളില്‍ അതിവിദഗ്ദ്ധമായി കുത്തിവയ്ക്കുന്ന യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ പേര് രാധികാ മേനോന്‍ എന്നായത് യാദൃശ്ചികമല്ല എന്നു തിരിച്ചറിയാന്‍ മലയാളികള്‍ക്ക് അധികമൊന്നും ക്ലേശിക്കേണ്ടിവരില്ല. 'കേരള ടു കാശ്മീര്‍' പ്രയോഗം, UP തിരഞ്ഞെടുപ്പിനോടനുബന്ധമായി ഉണ്ടായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, നാനാര്‍ത്ഥങ്ങള്‍ പേറുന്നുണ്ടെന്നും തോന്നിപ്പോയേക്കാം. 

ഇതില്‍ ചരിത്രം ഒരു പര്‍ദയാണ് ... 

ഇതിലെ ചരിത്രം ഏതാണ്ട് യഥാതഥമാണെന്ന് മനസ്സിലാകുന്നതോടൊപ്പം പട്ടാപ്പകല്‍ പോലെ വ്യക്തമാകുന്ന മറ്റൊരു കാര്യവുമുണ്ട്. ഹിന്ദുത്വ ഐഡിയോളജിയെയും അതിന്റെ രാഷ്ട്രീയപകര്‍ച്ചകളെയും ന്യായീകരിക്കാനുള്ള ശ്രമം ഇതില്‍ പ്രകടമാണ്. ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലര്‍ത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്. മോദി സര്‍ക്കാര്‍ കാശിറക്കി ചെയ്തതാണോ എന്നു പോലും സംശയിച്ചുപോകും. 

ഒരു പ്രത്യേകതരം ഇന്‍ഡോളജിയുടെ അതിപ്രസരം പേറുന്ന സിനിമ കൂടിയാണിത്. പാരമ്പര്യങ്ങളെയും ഭാവനകളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന വ്യാജനിര്‍മിതി ഇതില്‍ വല്ലാതെയുണ്ട്. പണ്ഡിറ്റുകള്‍ എന്ന പേരിനെ മുന്‍നിറുത്തി, സകല വിജ്ഞാനത്തിന്റെയും സ്രോതസ്സായിരുന്നു കാശ്മീര്‍ എന്നു സ്ഥാപിച്ചെടുക്കാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമം അഭിനേതാവിന്റെ കഠിനപ്രയത്‌നം കൊണ്ടുപോലും വിജയത്തിലെത്തുന്നില്ല എന്നതാണ് വാസ്തവം. 

(തുടര്‍ച്ച: മുഖവും പേരുമുള്ള ചരിത്രം)

Comments

leave a reply