Foto

ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണം: കുറ്റപത്രം ഫയല്‍ ചെയ്തു

ശ്രീലങ്കയിലെ ഈസ്റ്റര്‍
ആക്രമണം: കുറ്റപത്രം
ഫയല്‍ ചെയ്തു

പതിനൊന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ട 2019 ലെ ഈസ്റ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ 25 പേര്‍ക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തു. തീവ്രവാദ നിരോധന നിയമ (പിടിഎ) പ്രകാരമുള്ള കുറ്റങ്ങളില്‍ കൊലപാതക ഗൂഢാലോചന, ഭീകരാക്രമണത്തിനു സഹായിക്കല്‍, ആയുധ-വെടിമരുന്ന് ശേഖരണം, വധശ്രമം എന്നിവ ഉള്‍പ്പെടുന്നതായി പ്രസിഡന്റ്് ഗോതാഭയ രജപക്‌സെയുടെ ഓഫീസ് അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കാതെ അനാസ്ഥ തുടര്‍ന്ന സര്‍ക്കാരിനെതിരെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിതിന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ സഭ നടത്തിയ പ്രതിഷേധത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായാണ് കുറ്റപത്രം അന്തിമമായത്.സര്‍ക്കാരിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാനും സഭ തയ്യാറെടുത്തിരുന്നു.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം 37 വര്‍ഷം നീണ്ടുനിന്ന തമിഴ് വിഘടനവാദ യുദ്ധത്തിന് 2009 മെയ് മാസത്തില്‍ വിരാമം കുറിച്ച ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും നേതൃത്വത്തിലുള്ള അന്നത്തെ ഭരണകൂടത്തിന്  ഭീകരാക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി രഹസ്യാന്വേഷണം ലഭ്യമായിട്ടും തടയാനുള്ള കഴിവില്ലാതെ പോയത് രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു.മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വരുത്തിയ വീഴ്ചകള്‍ ചാവേര്‍ ആക്രമണം സുഗമമാക്കിയെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.

സ്‌ഫോടന പരമ്പരയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അന്വേഷണത്തിലുള്ള രൂക്ഷമായ അസംതൃപ്തി അറിയിച്ചുകൊണ്ടുള്ളതായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസംഗം.ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണെന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും വ്യക്തമാക്കാത്തപക്ഷം, നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തുു. മതങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് കൊല്ലപ്പെട്ട 269 പേര്‍ നല്‍കുന്നതെന്നും ക്രൈസ്തവര്‍ മാത്രമല്ല മറ്റു മതസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു.മെല്ലെപ്പോക്കില്‍ പ്രതിഷേധമറിയിച്ച് ജൂലൈയില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചിരുന്നു.

മൂന്ന് ക്രൈസ്തവ ദൈവാലയങ്ങളിലും ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്.എട്ട് ചാവേറുകളും കൊല്ലപ്പെട്ടിരുന്നു.കേസുകള്‍ വേഗത്തില്‍ കേള്‍ക്കുന്നതിന് പ്രത്യേക ഹൈക്കോടതി ബെഞ്ചിനെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.ഐഎസുമായി ബന്ധമുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആസൂത്രണം ചെയതു നടപ്പാക്കിയ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗവും മുസ്ലീം നേതാവുമായ റിഷാദ് ബദിയുദ്ദീനും സഹോദരന്‍ റിയാജ് ബദിയുദ്ദീനും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതികളെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാബു കദളിക്കാട്

 
 

 

Foto

Comments

leave a reply

Related News