കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോ നടന്ന ഇന്നലെ കേരള സ്റ്റോറി കാണാൻ അവസരം കിട്ടി. ഈ സിനിമ ആദ്യമായി കണ്ട കേരളത്തിലെ നൂറുപേരിൽ ഒരാളാണ് ഞാൻ.മുഖ്യധാരാ മാധ്യമങ്ങളടക്കം ചർച്ച ചെയ്തതും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതുമായ ചില സംഭവങ്ങൾ മാത്രമാണ് സിനിമയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയത്.കേരളത്തിൽ നിന്ന് മതം മാറി അഫ്ഘാനിസ്ഥാനിലെത്തി ഇപ്പോഴും അവിടെ ജയിലിൽ കഴിയുന്ന ഒരു സ്ത്രീയുടെ കഥയാണ് സിനിമയുടെ പ്രെമേയം. 32000 പേർ പോയിട്ട് 3 പേർ പോലും അത്തരത്തിൽ പോയിട്ടുള്ളതായി സിനിമ സ്ഥാപിക്കുന്നില്ല പക്ഷെ പ്രണയത്തെ തുടർന്നുള്ള മതംമാറ്റങ്ങൾ കുറേയേറെ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും മുഖ്യധാരാ മുസ്ലീം സമൂഹം ഇക്കാര്യത്തിൽ പങ്കുവഹിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നില്ല.
ISIS തീവ്രവാദത്തെ മുഖംമൂടികളില്ലാതെ സിനിമയിൽ അവതരിപ്പിക്കുന്നു. എന്തുകൊണ്ട് അത് എതിർക്കപ്പെടണം എന്നും വ്യക്തമാക്കുന്നു. സെൻസർബോർഡോ, സർക്കാരുകളോ, കോടതികളോ ഈ സിനിമ നിരോധിക്കേണ്ടതായുണ്ട് എന്നെനിക്ക് തോന്നുന്നില്ല. നിരോധിക്കപ്പെടേണ്ടതായുള്ള ഒരു ആശയമല്ല സിനിമ അവതരിപ്പിക്കുന്നത്. കേരളത്തിലെ മുസ്ലീം സമൂഹവും ഈ സിനിമയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് എന്നാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. കാരണം, തീവ്രവാദ സ്വാധീനങ്ങളെ കൂടുതൽ ശക്തമായി തള്ളിപറയേണ്ട കടമ കേരളത്തിലെ മുസ്ലീം സമൂഹത്തിന് തന്നെയാണ്. എങ്കിലേ, അനാവശ്യമായി പടർന്നിരിക്കുന്ന ആശങ്കകളുടെയും ആശയക്കുഴപ്പങ്ങളുടെയും അന്തരീക്ഷത്തിന് ശമനമുണ്ടാകൂ.
ISIS പോലുള്ള ഭീകരസംഘടനകൾ ഒരു യാഥാർത്ഥ്യം തന്നെയാണ്. അതുപോലെതന്നെ, അത്തരം സ്വാധീനങ്ങൾക്ക് ഒരിക്കലും വഴിപ്പെടാത്ത ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ നമുക്കൊപ്പം ജീവിക്കുന്നുവെന്ന യാഥാർഥ്യവും.സിനിമ കാണുന്നവർക്ക് ഇക്കാര്യങ്ങൾ ബോധ്യമാകുമെന്നാണ് തോന്നുന്നത്.
CALIPHATE എന്ന നെറ്റ്ഫ്ലിക്സ് സീരീസിന്റെ അൽപ്പഭാഗം ഇന്നലെയാണ് ഞാൻ ആദ്യമായി കാണുന്നത്. ISIS ഭീകരതയുടെ നേർചിത്രമാണ് ആ സീരീസ് അവതരിപ്പിക്കുന്നത്. അത്തരമൊരു അവതരണത്തിന്റെ സാങ്കേതിക മികവ് കേരള സ്റ്റോറിക്കും അവകാശപ്പെടാൻ കഴിയും. ലോകം മുഴുവൻ പോസിറ്റീവായി നെറ്റ്ഫ്ലിക്സിന്റെ വെബ്സീരീസിനെ സ്വീകരിച്ചെങ്കിൽ ഇവിടെ അനാവശ്യ ആരോപണങ്ങൾ ഉയർത്തി ബഹിഷ്കരണ ആഹ്വാനമാണ് ഉയരുന്നത്.സമ്മർദ്ദങ്ങൾമൂലം ഒട്ടേറെ തിയേറ്ററുകൾ സ്ക്രീൻ നൽകുന്നതിൽ നിന്ന് പിൻവാങ്ങിയിരിക്കുന്നു.ഇത്തരം സമീപനങ്ങൾ തികച്ചും അനാരോഗ്യകരമാണ്
വിനോദ് തോമസ് നെല്ലിക്കലിന്റേതാണ് കുറിപ്പ് (റിവ്യൂ-അഭിപ്രായം, കുറിപ്പ് എഴുതിയ ആളുടെ കാഴ്ചപ്പാട് മാത്രമാണ്. കെസിബിസി ന്യൂസിന്റേതല്ല)
Comments