Foto

ലെഫ്റ്റ്നന്റ് ഗവര്‍ണറിലൂടെ കേജ്രിവാളിനു കുരുക്ക്; ബില്ലില്‍ ഒപ്പിട്ട് രാഷ്ട്രപതി

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് പ്രതിപക്ഷങ്ങള്‍

ഡല്‍ഹിക്കു മേല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ബന്ധപ്പെട്ട നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ക്ക് ലഭിക്കും.  

2013 ല്‍ ആദ്യം അധികാരത്തില്‍ വന്നതു മുതല്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവിക്കു വേണ്ടി വാദിക്കുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും കനത്ത തിരിച്ചടിയാണ് നിയമം. ഇനി ലഫ്.ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂ. സമ്പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനില്ല. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കാകട്ടെ, മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ അപേക്ഷിച്ചു വിപുലമായ അധികാരങ്ങളാണുള്ളത്.

ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ ബില്ല് പാസാക്കിയത്. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് പ്രതിപക്ഷങ്ങള്‍ കുറ്റപ്പെടുത്തി. 45നെതിരെ 83 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ കടന്നത്. ഭരണഘടനയെ റദ്ദ് ചെയ്യുന്നതാണ് നിയമമെന്ന് നിയമ വിദഗ്ധരും പൊതു പ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു.

രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെജ്രിവാളിന്റെ ജനപിന്തുണ ഭയന്നാണ് കേന്ദ്രം ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ക്ക് സര്‍വ്വാധികാരവും നല്‍കുന്ന നിയമം കൊണ്ടുവന്നതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക് തുടങ്ങി നിരവധി ഭരണ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഡല്‍ഹി സങ്കീര്‍ണമായ ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരമാണ്. ഇവയുടെയൊക്കെ നടത്തിപ്പ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ (എന്‍ ടി എം സി) കൈയിലാണ്. ഡല്‍ഹി സര്‍ക്കാരിന് എന്‍ ടി എം സിയില്‍ നിയന്ത്രണം നാമമാത്രവും.

ന്യൂഡല്‍ഹിക്ക് പുറത്തുള്ള മൂന്ന് നഗരസഭകളുടെ മുകളിലുള്ള ഒരു അധികാര സംവിധാനമാണ് ഡല്‍ഹി സര്‍ക്കാര്‍. ഇതില്‍ തന്നെ തലസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഭൂമി, പോലീസ് എന്നിവയിലൊന്നും ഡല്‍ഹി സര്‍ക്കാരിനു പൂര്‍ണ നിയന്ത്രണങ്ങളില്ല. ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ളതാണ്. വാണിജ്യ വിനോദ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി വികസന അതോറിറ്റിയുടെ കീഴിലും. ഇത്തരം സങ്കീര്‍ണതകള്‍ ഉള്ളതുകൊണ്ടുതന്നെ ഡല്‍ഹി  കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയില്‍ കാലങ്ങളായി അധികാരപ്പോര് നിലനില്‍ക്കുന്നുണ്ട്.

ആം ആദ്മി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായതിനാല്‍ 2018 ജൂണില്‍ കെജ്രിവാളും മന്ത്രിസഭാംഗങ്ങളും ഗവര്‍ണറുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും ലഫ്. ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി തന്നെ ആ പശ്ചാത്തലത്തില്‍ വിധിയും പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിക്കായുള്ള പോരാട്ടങ്ങളെ പോലെ പഴക്കമുള്ളതാണ് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഈ സങ്കീര്‍ണമായ അധികാര തര്‍ക്കങ്ങളും രാഷ്ട്രീയ വടംവലികളും. എങ്കിലും എല്ലാ കാലത്തും ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ കേന്ദ്രവുമായി ചില ധാരണകളില്‍ പോകാറാണ് പതിവ്. ആ പതിവ് തെറ്റിച്ച് ബി ജെ പിയെയും മോദിയെയും അവരുടെ മൂക്കിന് താഴെ നിന്ന് വെല്ലുവിളിച്ച് അധികാരം കൈക്കലാക്കിയ കെജ്രിവാള്‍ തുടക്കം മുതലേ മോദി സര്‍ക്കാരിന് തലവേദനയായിരുന്നു. പൗരത്വ പ്രക്ഷോഭ കാലത്തും കര്‍ഷക സമരത്തിലും കെജ്രിവാള്‍ എടുത്ത നിലപാടുകളും സമരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതും കേന്ദ്ര സര്‍ക്കാറിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിട്ടുണ്ടാകുക. ഇതിനെല്ലാം പുറമേ, തലസ്ഥാന നഗരി പിടിക്കുക എന്ന ബി ജെ പിയുടെ സ്വപ്നങ്ങള്‍ക്ക് അടുത്ത കാലത്തെല്ലാം തടയിട്ടു ആം ആദ്മി.

തുടര്‍ച്ചയായി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിനെ മറികടക്കാനുള്ള നിയമമാണിതെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.ഡല്‍ഹി ഭരിക്കുന്ന ആം ആദ്മിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളെ അധികാരവും ഭൂരിപക്ഷവും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്രം;മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അപകട സൈറണ്‍ കൂടി പുതിയ നിയമം മുഴക്കുന്നു.കശ്മീരിനുള്ള പ്രത്യേക പദവി റദ്ദ് ചെയ്തും ലക്ഷദ്വീപില്‍ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും ഡല്‍ഹിക്ക് മേല്‍ നിയമക്കുരുക്കിട്ടും ഏകഘടക രാഷ്ട്രമെന്ന ആര്‍ എസ് എസിന്റെ സ്വപ്ന രാജ്യത്തേക്കുള്ള നീക്കം മുന്നേറുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ ഇല്ലാത്ത സ്റ്റേറ്റാണേ്രത സംഘ്പരിവാറിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ വിനീത ദാസരായ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാന ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള തന്ത്രം പല തവണ മറ നീക്കിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണ സംവിധാനങ്ങളുമായോ ലോക്സഭയിലെ ലക്ഷദ്വീപ് ജനപ്രതിനിധികളുമായോ ചര്‍ച്ച നടത്താതെയാണ് ലക്ഷദ്വീപിലും പുതിയ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. കശ്മീരിന് പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ വേണ്ടി, 'ഒരു രാജ്യം ഒരു ഭരണഘടന ഒരു പതാക' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം തുടങ്ങിയത് സംഘ്പരിവാറിന്റെ പോഷക സംഘടനകളായിരുന്നു. ഭൂരിപക്ഷം കൊണ്ട് ഭരണഘടനയുടെ നെഞ്ചില്‍ തുടരുന്ന ചുടലനൃത്തം ആപല്‍ക്കരമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.ജനാധിപത്യം തോല്‍ക്കുന്ന ഘട്ടങ്ങളില്‍ സുധീരം മുന്നോട്ട് പോകാന്‍ പ്രചോദിപ്പിക്കുന്നത് ഭരണഘടനയാണ്. ആ ഭരണഘടന തകര്‍ക്കപ്പെടുമ്പോള്‍, വരാനിരിക്കുന്ന വലിയ ദുരന്തത്തിലേക്കുള്ള ഓരോ വാതിലും നിയമ വേഷത്തില്‍ തുറക്കപ്പെടുന്നു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ പറഞ്ഞത്, 1991ലെ എന്‍ സി പി നിയമത്തില്‍ ഭേദഗതി വരുത്തുന്ന നിയമനിര്‍മാണം കേന്ദ്രം കൊണ്ടുവരുന്നതോടെ ഭരണഘടനാപരമായ പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള അവിശുദ്ധ ശ്രമം. രണ്ട് കോടി ജനങ്ങളുള്ള ഒരു നഗരത്തിന് സംസ്ഥാന പദവി നിഷേധിക്കുന്നു; സംസ്ഥാന പദവിയുടെ വ്യാജ പതിപ്പ് നല്‍കുന്നു.
 
പുതിയ നിയമഭേദഗതിയെ അപകടകരമാക്കുന്നത് മൂന്ന് കാര്യങ്ങളാണ്. ഡല്‍ഹിയിലെ സര്‍ക്കാര്‍ എന്നതിന്റെ നിര്‍വചനം ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് വരുന്നു എന്നതാണ് ആദ്യത്തെ കാര്യം. നിയമസഭ ഒരു ബില്ല് പാസ്സാക്കിയാല്‍ അത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും സമ്മതത്തിനോ വിസമ്മതത്തിനോ കാത്തിരിക്കുകയും വേണം. ഇത് ഗവര്‍ണര്‍ വഴി ഡല്‍ഹി ഭരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്നാണ് ആരോപണം.

രണ്ടാമത്, ഡല്‍ഹി ഒരു സമ്പൂര്‍ണ സംസ്ഥാനമല്ല. അതുകൊണ്ട് തന്നെ ഡല്‍ഹി ഭരണകൂടത്തിന് മറ്റു സംസ്ഥാന സര്‍ക്കാരുകളെ പോലെ ഭരണ സ്വാതന്ത്ര്യം ഉണ്ടാകില്ല. ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങളില്‍ ഇനി മുതല്‍ ഗവര്‍ണര്‍ക്ക് നേരിട്ട് പരിശോധിക്കാനും ഇടപെടാനുമുള്ള അധികാരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി.

നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ജി എന്‍ പി സി ടി ഡി) ആക്്ട് 1991 ലെ ഇപ്പോഴത്തെ ഭേദഗതി വഴി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി എന്നിവയുള്‍പ്പെടെ ഡല്‍ഹി നിയമസഭയിലെ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നിയമങ്ങള്‍ അസാധുവാകുമെന്നതാണ് മൂന്നാമത്തെ കാര്യം. നിയമസഭ പാസ്സാക്കിയ ഏതെങ്കിലും നിയമം നടപ്പാക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു ബാധ്യതയും പുതിയ നിയമം വഴി ഉണ്ടാകുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ലഫ്. ഗവര്‍ണറുടെ അഭിപ്രായത്തിനായി അനന്തമായി കാത്തിരിക്കേണ്ടി വരും എന്നതാണ് ഇത് സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധി. അതിനാല്‍, മന്ത്രിസഭയുടെയോ മന്ത്രിമാരുടെയോ തീരുമാനങ്ങള്‍ കൂടുതലും കടലാസില്‍ മാത്രമേ നിലനില്‍ക്കൂ. അങ്ങനെ, സര്‍ക്കാരിനെ പ്രവര്‍ത്തനരഹിതമാക്കാന്‍  കേന്ദ്രത്തിനാകും. ഭരണഘടനയും ഭരണഘടന മുന്നോട്ടുവെക്കുന്ന അടിസ്ഥാന തത്വങ്ങളിലൊന്നായ ഫെഡറലിസവുമാണ് ഈ നിയമത്തോടെ അസാധുവാക്കപ്പെടാന്‍ പോകുന്നതെന്ന ആരോപണത്തിനു ബലമേകുന്നു ഇതെല്ലാം.

ബാബു കദളിക്കാട്

 
 

Foto
Foto

Comments

leave a reply