Foto

ഭക്ഷ്യ മരൂഭൂമികൾ (Food Deserts) ഇന്ത്യയിലുമെത്തുന്നു

 ✍️അശോകകുമാർ വി.

അമേരിക്കയിൽ 1990 കളുടെ ആദ്യത്തിലാണ് "ഭക്ഷ്യ മരുഭൂമി " എന്ന പ്രയോഗം ഇംഗ്ലീഷ് ഭാഷയിൽ വന്നുചേരുന്നത്. പോഷകസമ്പന്നമായ ഭക്ഷണം, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കിട്ടുന്ന പലചരക്ക് കടകൾ ഇല്ലാത്ത പ്രദേശങ്ങളെയാണ് ഭക്ഷ്യ മരുഭൂമികൾ എന്നു പറയുന്നത്. 2010 യു.എസ്. കൃഷിവകുപ്പ് കണക്കാക്കിയത് അമേരിക്കയിലെ 23.5 ദശലക്ഷം ആളുകൾ ഭക്ഷ്യ മരുഭൂമികളിൽ താമസിക്കുന്നു എന്നാണ്. അതായത് നഗരങ്ങളിൽ ഒരു മൈലിനുള്ളിലും ഗ്രാമപ്രദേശങ്ങളിൽ പത്തു മൈലിനുള്ളിലും  പോഷക സുലഭമായ ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന സാധാരണ പലചരക്ക് കടകൾ ഇല്ലായെങ്കിൽ അവിടെ ആളുകൾ താമസിക്കുന്നത് ഭക്ഷ്യ മരുഭൂമിയിലാണ്. നേരെമറിച്ച് എവിടെയാണോ പഴങ്ങളും പച്ചക്കറികളും എല്ലാം ഉൾക്കൊള്ളുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം സുലഭമായി വാങ്ങാൻ കിട്ടുന്നത് പ്രദേശം ഭക്ഷ്യ മരുപ്പച്ച (Food Oasis ) യത്രേ. അവിടെ മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പുതുമയോടെ ലഭ്യമാകുമെങ്കിൽ, ഭക്ഷ്യ മരുഭൂമികളിൽ താമസിക്കുന്നവർക്ക് കിട്ടുന്നത് മധുരം, കൊഴുപ്പ് എന്നിവ കലർന്നതും പൊണ്ണത്തടി, ഇതര ആധുനിക സ്ഥിര രോഗങ്ങൾ ഉണ്ടാക്കുന്നതുമായ സംസ്കരിച്ച ഭക്ഷണസാധനങ്ങളാണ്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും മാത്രം  കിട്ടുന്ന ഇത്തരം സ്ഥലങ്ങളെ ഭക്ഷ്യ ചതുപ്പുകൾ (Food Swamps) എന്നും പറയുന്നു. നൂറു കുടുംബങ്ങൾ താമസിക്കുന്നതിന് അര കിലോമീറ്റർ ചുറ്റളവിൽ ഒരു പലചരക്ക് കട പോലും ഇല്ലെങ്കിൽ അവർ താമസിക്കുന്നത്  ഭക്ഷ്യ മരുഭൂമിയിലോ അഥവാ ഭക്ഷ്യചതുപ്പിലോ ആണെന്ന് മറ്റു ചില പഠനങ്ങൾ കാണിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറുകൾ രാഷ്ട്രങ്ങൾക്കു മേൽ പിടിമുറുക്കിയതോടെ  ഉദാരവൽക്കരണത്തിന്റെ  പോഷക ശൂന്യവും അത്യധികം സംസ്കരിക്കപ്പെട്ടതുമായ കോർപ്പറേറ്റ് നിർമ്മിത മനുഷ്യത്തീറ്റ പടിഞ്ഞാറൻ നാടുകളിൽ എന്നപോലെ ചൈനയിലും ഇന്ത്യയിലും ഇതര വികസ്വരരാജ്യങ്ങളിലും പൊണ്ണത്തടി രോഗബാധ പടർത്തിക്കൊണ്ടിരിക്കുന്നതായി ഹാർവാഡിലെ ടി.എച്ച്. ചാൻ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തെ മുൻ നിർത്തി ന്യൂയോർക്ക് ടൈംസ് എഴുതി. ഇന്ത്യയിൽ തന്നെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നഗരങ്ങളിൽ നടത്തിയ പഠനത്തിൽ അവിടങ്ങളിലെ ദരിദ്രരിലാണ് പ്രമേ ഹാദി രോഗങ്ങൾ കൂടുതലായി കാണപ്പെട്ടത്. പോഷക ശൂന്യമായ തനി അന്നജഭക്ഷണമാണ് ഇതിനു കാരണമെന്നും അതിലുണ്ട്.

2001 - 2010 കാലത്ത് വർഷംതോറും 49% കണ്ടാണ് ഭക്ഷ്യ വിൽപ്പനയിൽ  വലിയ കമ്പനികളുടെ റീട്ടെയിൽ രംഗം വളർന്നത്. ഭക്ഷണ സേവന വ്യവസായ (റസ്റ്റോറൻറ് ,ഫാസ്റ്റ് ഫുഡ്, റെഡിമേഡ് ഫുഡ്, കഫേ /ബാറുകൾ, ഭക്ഷണശാലകൾ, കൗണ്ടറുകൾ ) ത്തിൽ 2001-2006 തന്നെ കുത്തകകളുടെ വളർച്ചയാകട്ടെ കൊല്ലത്തിൽ 9 % വീതമാണ്. ഇതേ പോലെ ഭക്ഷ്യസംസ്കരണ രംഗത്തെ വർകിട നിക്ഷേപത്തിന്റെ വളർച്ച 2002-2006 7% ത്തിലായിരുന്നു. കാർഷികോല്പന്ന സംഭരണത്തിലും തൊണ്ണൂറുകളിൽ തന്നെ വൻ കമ്പനികൾ ചുവടുറപ്പിക്കുന്നുണ്ട് (1996-2006 കാലത്ത് ഇവരുടെ കടന്നുകയറ്റം 7% മെന്ന് റിസർവ്വ് ബാങ്ക് പറയുന്നു ) .

ഈയിടെ കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന 3 പുതിയ കാർഷിക പരിഷ്കരണങ്ങൾ, യഥാർത്ഥത്തിൽ കാർഷിക-ഭക്ഷ്യ രംഗത്തേക്ക് കടന്നുകയറിയ ബഹുരാഷ്ട്ര കമ്പനികൾക്ക് ഇന്ത്യ മുഴുവൻ കീഴടക്കുന്നതിനുള്ള നിയമ നിർമ്മാണമാണ് നടത്തിയിരിക്കുന്നത്. ആസന്നഭാവിയിൽ തന്നെ അമേരിക്കയിൽ എന്നപോലെ, നമ്മുടെ ഭക്ഷണസംസ്കാരം ആകെ അട്ടിമറിക്കപ്പെടുകയും കോർപ്പറേറ്റ് ഭക്ഷണം നമ്മുടെ നിത്യവിഭവങ്ങൾ ആയി മാറുകയും നമ്മളെല്ലാം സമൂലം രോഗാതുരമായ ജനതയായി അധ:പതിക്കുകയും ചെയ്യും.

ഇതിനുള്ള മറുമരുന്ന് ഇപ്പോഴേ കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രാദേശികമായ കാർഷിക ഉത്പാദനവും ഭക്ഷ്യവിഭവങ്ങളുടെ ഉപഭോഗവും ആണ് ഒരേയൊരു വഴി. കേരളത്തിലെല്ലായിടത്തും ഇത്തരം നാട്ടുവിഭവങ്ങളുടെ കൈമാറ്റ ചന്തകൾ പഞ്ചായത്തുകൾ തോറും ഉണ്ടാകണം. ഇങ്ങനെ കോർപ്പറേറ്റ് ഭക്ഷ്യശൃംഖലക്കെതിരെ ജനകീയമായ ഭക്ഷ്യശൃംഖലകൾ ലോകത്താകെ ഐക്യപ്പെടേണ്ടതുണ്ട്.

Comments

leave a reply