ഭക്ഷ്യ വ്യവസ്ഥിതിയിൽ
വരുത്തുന്ന മാറ്റങ്ങൾ
മനുഷ്യ കേന്ദ്രീകൃതമാകണം : പാപ്പ
വത്തിക്കാൻ : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശപ്പ് ഇല്ലാതാക്കാനും ഭക്ഷ്യസുരക്ഷിതത്വമില്ലായ്മ ദുരീകരിക്കാനും പോഷകാഹാരക്കുറവ് പരിഹരിക്കാനുമുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ യു.എൻ. ഭക്ഷ്യ ഉച്ചകോടിക്ക് മുന്നോടിയായി റോമിൽ 26ന് ആരംഭിച്ചിട്ടുള്ള സമ്മേളനത്തിനായി യു.എൻ. സെക്രട്ടറി ജനറലിന് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. 28ന് ഈ സമ്മേളനം സമാപിക്കും. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തിൽ ഇറ്റാലിയൻ സർക്കാരാണ് ഈ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
മനുഷ്യകുടുംബമെന്ന നിലയിലുള്ള നമ്മുടെ ഐക്യം തകർക്കുന്നതാണ് ഭക്ഷ്യവിതരണത്തിന്റെ നീതിരഹിതമായ നടപടികൾ. ദൈവം നൽകിയ വിഭവങ്ങളുടെ നിരുത്തരവാദിത്വപരമായ വിനിയോഗത്തിലൂടെ പാവങ്ങളിൽ പാവങ്ങളുടെയും ഭൂമിയുടെയും നിലവിളിയുയരുകയാണ്. ഭൂമിയിൽ വിള വർദ്ധനവിനായി നാം പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. എന്നാൽ ഇതിലൂടെ നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതോടെ നാം മനുഷ്യനു പുറത്തും മനുഷ്യരുടെ ളള്ളിലും ആത്മീയ മരുഭൂമികൾ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഭൂരിപക്ഷമാളുകൾക്കും ഭക്ഷണം ലഭിക്കുന്നില്ല. ഇത് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന കുറ്റമായി കാണണം. ഈ വ്യവസ്ഥിതിക്ക് എതിരെ പ്രാദേശികവും അന്തർ ദേശീയവുമായ നടപടികളും കീഴ്‌വഴക്കങ്ങളുമുണ്ടാകണം. ഈ കാഴ്ചപ്പാടനുസരിച്ച് ഭക്ഷ്യവിതരണ സമ്പ്രദായങ്ങളിൽ സസൂക്ഷ്മവും ശരിയായതുമായ മാറ്റങ്ങൾ വരുത്തണം പാപ്പ - പറഞ്ഞു.
Comments