Foto

വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 18 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

വത്തിക്കാൻ സിറ്റി: പ്രസിദ്ധമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ ഡീക്കന്‍ പട്ടം സ്വീകരിച്ച് 18 വൈദിക വിദ്യാര്‍ത്ഥികള്‍. റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളേജിൽ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് വൈദിക പരിശീലനത്തിലെ നിര്‍ണ്ണായക ഘട്ടം പിന്നിടുന്ന ഡീക്കന്‍ പട്ടം സ്വീകരിച്ചത്. യുഎസിലെ മിനസോട്ട വിനോണ-റോച്ചസ്റ്റർ രൂപതാധ്യക്ഷനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ ബിഷപ്പ് റോബർട്ട് ബാരൺ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

ദൈവവചന പ്രഘോഷകരാകാനുള്ള തങ്ങളുടെ സുപ്രധാന ദൗത്യത്തെക്കുറിച്ച് ബിഷപ്പ് റോബർട്ട് ബാരൺ വചനസന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസികളിലേക്ക് എത്തുമ്പോൾ മാറ്റങ്ങൾ സംഭവിക്കുമെന്നും അവരുടെ ഹൃദയങ്ങളിൽ വിശ്വാസാഗ്നി ജ്വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോമിൽ പൂർത്തിയാക്കുന്ന പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആർജ്ജിച്ച ആത്മീയ ചൈതന്യം സ്വന്തം ഇടവകകളിലേക്ക് എത്തിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.

"വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പഠിപ്പിക്കുക, പഠിപ്പിക്കുന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കുക" എന്ന ഉദ്ബോധനത്തോടെയാണ് ബിഷപ്പ് ബാരൺ തന്റെ സന്ദേശം ഉപസംഹരിച്ചത്. 18 പുതിയ ഡീക്കൻമാരും തങ്ങളുടെ അവസാന വർഷ പരിശീലനം പൂർത്തിയാക്കി അടുത്ത വർഷം അതത് രൂപതകളിൽവെച്ച് പൗരോഹിത്യം സ്വീകരിക്കും.

Comments

leave a reply

Related News