ക്രിസ്തു ജീവിക്കുന്നു”:സാങ്കേതിക പരിസരങ്ങളിലെ അപകട മേഖലകൾ
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
മൂന്നാം അദ്ധ്യായം
നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു
മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.
88. “ഈ പ്രതിഭാസം മുഴുവനായി മനസ്സിലാക്കുന്നതിന് മറ്റുള്ള ഏതു മാനുഷിക യാഥാർത്ഥ്യത്തെയും എന്ന പോലെ ഇതിലും പരിധികളും അപരിയാപ്തതകളുമുണ്ട് എന്ന് നാം തിരിച്ചറിയണം. ആശയവിനിമയത്തെ കേവലം വെർച്വൽ സമ്പർക്കുവുമായി കൂട്ടി കുഴയ്ക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ “ഡിജിറ്റൽ പരിസരം” ഏകാന്തതയുടെയും കൃത്രിമം കാട്ടലിന്റെയും, ചൂഷണത്തിന്റെയും, അക്രമത്തിന്റെയും അങ്ങേയറ്റം “ഇരുണ്ട വല”യുടെ പോലും ഒന്നാണ്. യഥാർത്ഥമായ വ്യക്തന്തര ബന്ധങ്ങളുടെ വികസനം തടഞ്ഞുകൊണ്ട് ആളുകളെ ആസക്തി, ഒറ്റപ്പെടൽ, മൂർത്ത യാഥാർത്ഥ്യവുമായുള്ള ബന്ധത്തിന്റെ ക്രമേണയുള്ള ശോഷണം എന്നീ അപകടങ്ങൾക്ക് വിധേയരാക്കാൻ ഡിജിറ്റൽ മീഡിയയ്ക്ക് കഴിയും. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമത്തിന്റെ പുതിയ രൂപങ്ങൾ വ്യാപിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് സൈബർ ബുള്ളിയിംഗ്. ഇന്റർനെറ്റ് അശ്ലീല സാഹിത്യ പ്രചാരണത്തിനും ലൈംഗിക ലക്ഷ്യങ്ങൾക്കായ ചൂതുകളിയിലൂടെയോ വ്യക്തികളെ ചൂഷണം ചെയ്യുന്നതിനുമുള്ള ഒരു ചാനലായി മാറ്റപ്പെടുന്നു.” (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).
ആധുനീക ലോകത്തിൽ സാങ്കേതിക പരിസരത്തിന്റെ അതിവിപുലമായ സ്വാധീനത്തെകുറിച്ചും മനുഷ്യ ജീവിതത്തിൽ അത് കൈവരിച്ചിട്ടുള്ള പ്രാധാന്യത്തെ കുറിച്ചും പൂർവ കാലങ്ങളെ അപേക്ഷിച്ചു മനുഷ്യന്റെ സമ്പർക്കങ്ങളിലും അവന്റെ ജീവിത സാഹചര്യങ്ങളിലും കൊണ്ടുവന്നിട്ടുള്ള ഗതിവേഗത്തെ കുറിച്ചുമാണ് കഴിഞ്ഞ ഖണ്ഡികയിൽ പരിശുദ്ധ പിതാവ് നമ്മോടു സംസാരിച്ചത്. എന്നാൽ അനന്തമായ സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെയും ഈ സാങ്കേതിക പരിസരം അപക്വമായ മാനസീകതലങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ കാണാതെ പോകരുതെന്ന ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് ഇന്ന് നമ്മൾ പരിചിന്തനം ചെയ്യുന്ന ഈ എൺപത്തിയെട്ടാം ഖണ്ഡികയിൽ. ആരോഗ്യപരമായ സമ്പർക്കങ്ങളെ വെറും സാങ്കല്പികവും (virtual) അവാസ്തവുമായ ബന്ധങ്ങളുമായി ആശയ കുഴപ്പത്തിലാക്കുന്ന സാഹചര്യം ഈ സാങ്കേതിക ലോകത്തു ധാരാളമുണ്ട് എന്നും അതിൽ ഉൾകൊള്ളുന്ന ചതികുഴികൾ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്ന അപകട സാദ്ധ്യതകളെ ഒന്ന് വിശകലനം ചെയ്യുന്നത് ഇവിടെ പ്രസക്തമായിരിക്കുമെന്നു തോന്നുന്നു.
സാങ്കേതിക പരിസരങ്ങളിലെ അപകട മേഖലകൾ
1. സ്വയം ഒറ്റപ്പെടുത്തൽ
സാങ്കേതികത അതിൽ തന്നെ ഒരു പ്രത്യേക ലോകമാണ്. യഥാർത്ഥ ലോകത്തിന്റേതുപോലെ തന്നെയുള്ള ഒരു ഘടനയ്ക്ക് സാങ്കല്പികരൂപം കൊടുത്തിട്ടുള്ള ഇവിടെ വ്യക്തികൾ “അവതാറുകൾ“ ആകുകയും അവരുടെ വ്യാപാരങ്ങൾക്കു (ഡിജിറ്റൽ) സാങ്കേതികമായ നാണയം (Crypto Currency) വരെ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഒരു സാങ്കല്പികലോകമാണ് ഡിജിറ്റൽ പരിസരം. എന്നാൽ ഈ ലോകം സൃഷ്ടിക്കുന്ന ഒരു വലിയ അപകടമാണ് യാഥാർഥ്യത്തിൽ നിന്നുള്ള ഒരു വേർപെടുത്തൽ. ഇത് മനുഷ്യനെ ഏകാന്തതയിലേക്കും മറ്റുള്ളവരിൽ നിന്നകന്നു സ്വയം ഒരു തുരുത്ത് തീർക്കാനും പ്രേരിപ്പിക്കുന്നു. ഇവിടെ യഥാർത്ഥ കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഊഷ്മളതയും കൂട്ടായ്മയും പങ്കുവയ്പ്പും നഷ്ടപ്പെട്ട് പ്രത്യേക ഭാവനകളുടെയും, അനുമാനങ്ങളുടെയും ലോകത്തു സത്യവുമായി താരതമ്യപ്പെടാത്തതും ബന്ധമില്ലാത്തതുമായ ഒരു മാനസിക അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ഇത് ഉണ്ടാക്കാവുന്ന അപകടങ്ങൾക്കു ഉദാഹരണങ്ങൾ നിരവധിയാണ്.
2017 ൽ കേരള തലസ്ഥാനത്തു മാതാപിതാക്കളെയും കുടുംബം മുഴുവനെയും നശിപ്പിച്ച കൊലപാതകത്തിന്റെ യാഥാർഥ്യം മുപ്പതുകാരനായ കാദൽ എന്ന ഒരു യുവാവ് സാങ്കേതിക പരിസരത്തു സ്വയം തീർത്ത തുരുത്തിലെ ഭാവനയുടെ പരിണത ഫലങ്ങളായിരുന്നു എന്നത് കേരളം വായിച്ചറിഞ്ഞ സത്യമായിരുന്നു. ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗത്തിലൂടെ ആസ്റ്റ്രൽ പ്രൊജക്ഷനും, കൃത്രിമ ബുദ്ധിയും പരീക്ഷിച്ചിരുന്ന കാദലിന്റെ സാമൂഹീക ഒറ്റപ്പെടൽ മൂലമുണ്ടായ മാനസിക അപചയമാണ് ഈ കൊലപാതകങ്ങൾക്ക് കാരണമെന്നു പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾ സാങ്കേതിക പരിസരങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു മനസ്സിലാക്കാൻ മാധ്യമങ്ങളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രം മതിയാകും.
ഇതുപോലുള്ള ഒരു ലോകത്തു ചൂഷണം ചെയ്യപ്പെടാനും ചൂഷണം ചെയ്യാനും സാഹചര്യങ്ങൾ നിരവധിയാണ്. ഡാർക്ക് വെബ് പോലെയുള്ള മാർഗ്ഗങ്ങൾ സ്വയം മറഞ്ഞു നിന്ന് കുറ്റകൃത്യങ്ങളിലേക്കും, മറ്റുള്ളവരുടെ സ്വകാര്യതകളിൽ കടന്നു കയറി അക്രമങ്ങളിലേക്കും വിലപേശലുകളിലേക്കും, ക്രിമിനൽ കൃത്യങ്ങളിലേക്കും നയിക്കുന്നു.
സൈബര്‍ ബുള്ളിയിംഗ് (Cyber Bullying)
ബുള്ളിയിംഗ് (BULLYING) എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം നിഘണ്ടുവിൽ ഭീഷണിപ്പെടുത്തുക, മുഠാളത്തം കാട്ടുക എന്നൊക്കെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഒറ്റവാക്കിൽ അതിന്റെ അർത്ഥം സ്വാംശീകരിക്കാൻ കഴിയില്ല എങ്കിലും ആധുനീക കാലഘട്ടത്തിന്റെ ഒരു പദമാണ് ബുള്ളിയിംഗ്. ഒരു തരത്തിൽ അത് ബലഹീനനായ ഒരു വ്യക്തിക്കു നേരെ നടത്തുന്ന കടന്നുകയറ്റമാണ്. അത് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടുമാകാം. ഇന്റെര്‍നെറ്റ് ഇന്ന് ഇക്കാര്യത്തിൽ വളരെ കാര്യമായ ഒരു പങ്കുവഹിക്കുന്നു എന്നത് നഗ്നമായ സത്യമാണ്. അജ്ഞാതരായിരുന്ന് ആക്രമിക്കാമെന്നതിനാലും സ്വന്തമുഖം കാണിക്കാതെ വ്യാജ നാമങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം നല്‍കുന്നതിനാലും നവ മാധ്യമങ്ങളും, സാമൂഹ്യമാധ്യമങ്ങളും വഴി ആരേയും ഏതു സമയത്തും ആക്രമിക്കാമെന്നതിനാലും ഇവയിലൂടെയുള്ള ബുള്ളിയിംഗ് വിദൂരമായ വിനാശങ്ങൾ വരുത്താൻ കെല്‍പ്പുള്ള ഒന്നായി തീരുന്നു.
8 മുതൽ 18 വയസ്സുവരെയുള്ള ധാരാളം കുട്ടികൾ അവരുടെ പഠനങ്ങള്‍ക്കാവശ്യമായ വിവരങ്ങൾ അറിയാനും, ശേഖരിക്കാനും, വിനോദങ്ങളിലേര്‍പ്പെടാനും, സിനിമകൾ കാണാനും ഓൺലൈനിൽ പോകുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങളുടെ സൈറ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമ്പോൾ, സൈബർ ഭീഷണി യുവാക്കളെയും, ദുർബ്ബലരെയും ബാധിക്കുന്ന അപകടകരമായ പ്രവർത്തനമായി മാറുന്നതും വർദ്ധിച്ചു വരുന്നു.
വിവരസാങ്കേതികവിദ്യ (Information Technology), ഇന്റെര്‍നെറ്റ് എന്നിവ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തികളെ ഭീഷണിപെടുത്തുകയോ ക്ലേശിപ്പിക്കുകയോ ചെയ്യുക എന്നതാണ് സൈബര്‍ ബുള്ളിയിംഗ്. “ഭീഷണിപ്പെടുത്തൽ” എന്ന വാക്കിന്റെ അർത്ഥം പരിശോധിക്കുമ്പോള്‍ ഇത് ഒരു തരത്തിലുള്ള ഉപദ്രവമാണ്. മറ്റൊരാളെ അയാള്‍ ആഗ്രഹിക്കാത്തത് ചെയ്യാൻ ഭയപ്പെടുത്തിയും നിർബന്ധിച്ചും ശക്തിയും, സ്വാധീനവും ഉപയോഗിച്ചും, ഇമെയിലുകളിലൂടെയും, സന്ദേശങ്ങൾ അയച്ചും, കിംവദന്തികൾ പ്രചരിപ്പിച്ചും, അവഹേളനപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും, സമൂഹ മാധ്യമങ്ങളുടെ സൈറ്റുകളില്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയും ഇരയെ ഭീഷണിപ്പെടുത്തുവാന്‍ കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ സെൽഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ നടത്തുന്ന ഭീഷണിയാണ് സൈബർ ബുള്ളിയിംഗ്. ഇതിനായി അശ്ലീലമായ ചിത്രങ്ങൾ, വീഡിയോകൾ, വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കൽ എന്നിവ ഉപയോഗിച്ച് ഇരയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. അങ്ങനെ ഇരയ്ക്ക് മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദവും, നാശനഷ്ടവും, അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നു. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, കോപം, നിരന്തരമായ മാനസിക ആഘാതം എന്നിവ ഇരയെ ആത്മഹത്യാ വരെ എത്തിച്ചേക്കാം.
ഭീഷണിപ്പെടുത്തൽ സ്ഥിതിവിവരക്കണക്ക് (Bullying Statistics)
80 ശതമാനത്തിലധികം മൊബൈൽ ഉപകരണം ഉപയോഗിക്കുന്ന കൗമാരക്കാരിൽ പകുതിയും ഏതെങ്കിലും രൂപത്തിൽ സൈബർ ഭീഷണി അനുഭവിക്കുന്നു. ഇതിൽ 10-20% പേർ പതിവായി ഭീഷണി നേരിടുന്നതായി റിപ്പോർട്ടറിയിക്കുന്നു. (Source: Bullying Statistics) ഇവരിൽ80 ശതമാനം യുവാക്കൾക്കും ആത്മഹത്യ ചിന്തകളുണ്ടെന്നും JAMA Pediatrics നടത്തിയ സർവ്വേയിൽ പറയുന്നു. പലപ്പോഴും പരമ്പരാഗത ഭീഷണിപ്പെടുത്തലിനേക്കാൾ വിദൂരമായ വിനാശം വരുത്തുന്നതാണ് സൈബർ ബുള്ളിയിംഗ്.
സൈബർ ഭീഷണിപ്പെടുത്തലിന്റെ വിവിധ രൂപങ്ങള്‍
Flaming: ആരെയെങ്കിലും ആക്രമിക്കാൻ അനുചിതമായ അല്ലെങ്കിൽ അശ്ലീല ഭാഷ ഉപയോഗിക്കുക
Harassing: (ഉപദ്രവിക്കൽ) അനുചിതമായ, വെറുപ്പുളവാക്കുന്ന, വേദനിപ്പിക്കുന്ന സന്ദേശങ്ങൾ ആവർത്തിച്ച് അയയ്ക്കുന്നു.
Outing: ഇരയുടെ രഹസ്യമോ വ്യക്തിഗത വിവരങ്ങളോ ഒരു പൊതുവേദിയിൽ പങ്കിടുന്നു.
Exclusion (ഒഴിവാക്കൽ): ഇരയെ ഒരു ഗ്രൂപ്പിൽ നിന്ന് മനപൂർവ്വമായും പരസ്യമായും ഒഴിവാക്കുകയും ഒഴിവാക്കിയതിന് ശേഷം അവനെ / അവളെ / അവരെ പീഡിപ്പിക്കുകയും ചെയ്യുന്നു
Impersonation (ആൾമാറാട്ടം): മറ്റൊരാളുടെ പ്രശസ്തിക്ക് കേടുവരുത്തുക, ആക്രമണം ക്ഷണിക്കുക, അല്ലെങ്കിൽ അവനെ / അവളെ / അവരെക്കുറിച്ചുള്ള യഥാർത്ഥ അല്ലെങ്കിൽ കെട്ടിച്ചമച്ച വിവരങ്ങൾ പങ്കിടൽ എന്നിവയ്ക്കായി മറ്റൊരാളായി വേഷമിടുന്നു.
Stalking (പിന്തുടരൽ): ആരെയെങ്കിലും ഇലക്ട്രോണിക് രീതിയിൽ പിന്തുടരുക, അവനെ / അവളെ / അവരെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ടാർഗെറ്റുചെയ്‌ത സന്ദേശങ്ങൾ അയയ്ക്കുക.
Trolling: സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിക്കുന്ന ചിത്രം
Fraping : ഒരു വ്യക്തി ഉപയോഗിക്കുന്ന അക്കൗണ്ടിൽ അയാളറിയാതെ കയറി ആ വ്യക്തിയുടെ പേരിൽ അശ്ലീല ചിത്രങ്ങളും, സന്ദേശങ്ങളും പരസ്യപ്പെടുത്തുക.
അശ്ലീലചലച്ചിത്രവും ചൂതാട്ടവും
യുവജനങ്ങളുടെ പ്രത്യേക ശ്രദ്ധ പതിയുന്ന ഒരു വസ്തുതയാണല്ലോ ശരീരം. വളർച്ചയുടെ ആ പ്രത്യേക ഘട്ടത്തിൽ സ്വന്തം ശരീരവും ചുറ്റും കാണുന്നവയും കൗതുകപരമായ ജിജ്ഞാസയോടെ നോക്കിക്കാണുന്ന ഒരു കാലഘട്ടം. ഇന്റെർനെറ്റും സംവിധാനങ്ങളും സർവ്വസാധാരണമായ ഇക്കാലത്ത് അന്വേഷണ കൗതുകങ്ങൾക്ക് അതിരുകളുമില്ല. ശരീര സങ്കല്പങ്ങൾക്കും ശരീരത്തെ കുറിച്ചുള്ള വിജ്ഞാനത്തിനും ഇന്നത്തെ ശാസ്ത്രപുരോഗതിയും ശാരീരീക വൈദ്യ സാങ്കേതിക വിദ്യകളും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ശരീരത്തെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും ഉപഭോഗ വസ്തുവാക്കാ൯ കഴിയും എന്ന ഒരു ചിന്താഗതി കൂടി യുവജനങ്ങളിൽ ഉളവാക്കുന്ന രീതിയിലുള്ള പല ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ സാങ്കേതിക ലോകം നൽകുന്നു. മനുഷ്യന്റെ ലോല വികാരങ്ങൾ ചൂഷണം ചെയ്യുന്ന അശ്ലീലതയുടെ ഒരു ലോകം തന്നെ ഇന്റർനെറ്റ് വിപണനം ചെയ്യുന്നു. ഇവ വഴി യുവജനങ്ങളെ വഴിതെറ്റിക്കുന്നതിലും ശാരീരിക ലൈംഗീക യാഥാർഥ്യങ്ങളെ വികലമാക്കുന്നതിനും ഇടവരുത്തുന്നു. ദൈവത്തിന്റെ വിശുദ്ധമായ ആലയമായി കണക്കാക്കുന്ന ശരീരത്തെ വില്പന ചരക്കാക്കുന്ന പ്രവണതകളും, സാങ്കേതിക ലോകത്തിലുണ്ട്. ചൂതാട്ടം തുടങ്ങിയ മാർഗ്ഗങ്ങൾ വഴി മനുഷ്യനെ അടിമപ്പെടുത്തുന്ന തിന്മകളും ഈ ലോകത്തിന്റെ വികലമായ ആകർഷണങ്ങളാണ്. ചതികുഴികളാണ്. അതിനാൽ ഈ ഖണ്ഡികയിൽ ഡിജിറ്റൽ ലോക പരിസരത്തെ വിവേകപർവ്വം സമീപിക്കണമെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്.
Comments