Foto

ദൈവത്തോടുള്ള സ്നേഹം മനുഷ്യന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ്: പാപ്പാ

ഇന്നത്തെ സുവിശേഷത്തിൽ (മത്തായി 22,34-40) കർത്താവ് നമ്മെ നമ്മുടെ വിശ്വാസത്തിന്റെ ഹൃദയഭാഗത്തേക്ക് ഒരിക്കൽക്കൂടി നയിക്കുന്നു. യേശുവിനെ പരീക്ഷിക്കാൻ വേണ്ടി നിയമജ്ഞരിൽ ഒരാൾ  അവിടുത്തോട് ചോദിച്ചു: "ഗുരോ, നിയമത്തിൽ വലിയ കൽപ്പന ഏതാണ്?". നിയമാവർത്തന പുസ്തകത്തിലെ ഒരു വചനം ഉദ്ധരിച്ചുകൊണ്ട് ഗുരു ഇപ്രകാരം മറുപടി പറഞ്ഞു: "നിന്റെ ദൈവമായ കർത്താവിനെ നിന്റെ പൂർണ്ണഹൃദയത്തോടും നിന്റെ പൂർണ്ണാത്മാവോടും നിന്റെ പൂർണ്ണമനസ്സോടും കൂടി സ്നേഹിക്കണം". ദൈവവുമായുള്ള ബന്ധത്തിന്റെ കേന്ദ്രബിന്ദുവായി സ്നേഹത്തിന്റെ അളവുകോലിനെ ക്രിസ്തു  പ്രതിഷ്ഠിക്കുന്നു. ദൈവം ഉണ്ടെന്നോ, ദൈവം സർവ്വശക്തനാണെന്നോ അറിയുന്നത് മാത്രം പോരാ; ദൈവം നമ്മിൽ നിന്ന് ഒരു വ്യക്തിപരമായ ബന്ധം തേടുന്നു: ഏക സത്യദൈവം നമ്മുടെ ദൈവമായി മാറാൻ ആഗ്രഹിക്കുന്നു.

അവിടുന്നുമായുള്ള കൂടിക്കാഴ്ചയിൽ, സ്നേഹത്തിന്റെ കൽപ്പന ഒരു ബാധ്യതയോ അടിച്ചേൽപ്പിക്കലോ അല്ല. തീർച്ചയായും, "ആജ്ഞപ്രകാരം" സ്നേഹിക്കാൻ കഴിയില്ല. ദൈവത്തോടുള്ള സ്നേഹം മനുഷ്യന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ്, അത് അവിടുന്നുമായുള്ള കൂട്ടായ്മയിൽ അതിന്റെ പൂർത്തീകരണം കണ്ടെത്തുന്നു. ഇക്കാരണത്താൽ, നമ്മെ മുൻകൂട്ടി  സ്നേഹിച്ച അവിടുത്തെ സ്നേഹത്തിനുള്ള പ്രതികരണമാകുമ്പോൾ മാത്രമാണ് നമ്മുടെ സ്നേഹം ആധികാരികമാകുന്നത്. ഇവിടെയാണ് മുഴുവൻ വ്യക്തിയെയും ഉൾക്കൊള്ളുന്ന ഒരു പൂർണ്ണതയുടെ ആവശ്യം ഉണ്ടാകുന്നത്: ഹൃദയം, ആത്മാവ്, മനസ്സ്.

ഒന്നാമത്തെ  കൽപ്പനയോടൊപ്പം കർത്താവ് രണ്ടാമതൊരു കൽപ്പന കൂടി ചേർക്കുന്നു: "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം". ജീവിതത്തിന്റെ ഈ നിയമം ഒരേ ഉറവിടത്തിൽ നിന്നാണ് ഒഴുകുന്നത്: അതുകൊണ്ടാണ് ഇത് ആദ്യത്തേതിന് തുല്യമാണെന്ന് യേശു പറയുന്നത്. ദൈവവുമായുള്ള ആന്തരിക ബന്ധത്തിൽ നിന്ന്, ക്രിസ്തുവിന്റെ അതേ ദൃഷ്ടിയോടെയും കാഴ്ചപ്പാടോടെയും നമ്മെയും മറ്റുള്ളവരെയും നോക്കിക്കാണാൻ നാം പ്രാപ്തരായിത്തീരുന്നു. ഇപ്രകാരം സ്വാർത്ഥതയെ വിജയിക്കുവാനും, ആത്മസ്നേഹംപോലും കാരുണ്യമായി മാറുകയും ചെയ്യുന്നു. നമ്മുടെ അസ്തിത്വം മറ്റുള്ളവരിലേക്ക് തിരിയുകയും നമ്മുടെ അരികിലുള്ളവർക്ക് അതൊരു ദാനമായി മാറുകയും ചെയ്യുന്നു.

വിശുദ്ധ കൊച്ചുത്രേസ്യ ഇത് നന്നായി മനസ്സിലാക്കിയിരുന്നു: : “സ്നേഹം മാത്രമാണ് സഭയുടെ അംഗങ്ങളെ പ്രവർത്തനത്തിലേക്ക് നയിക്കുന്നത്; ഈ സ്നേഹം അണഞ്ഞുപോയാൽ, പിന്നെ  സുവിശേഷം പ്രസംഗിക്കപ്പെടുകയില്ല”. സ്നേഹമില്ലാതെ, നമ്മുടെ വിശ്വാസം അതിന്റെ ഉള്ളടക്കത്തിൽ നിന്ന് വഞ്ചിക്കപ്പെടും, നമ്മുടെ നല്ല പ്രവൃത്തികൾ വെറും ധാർമ്മികതയിലേക്ക് മാത്രം  ചുരുങ്ങിപ്പോകും, നമ്മുടെ പ്രത്യാശ വ്യർത്ഥമായിത്തീരും.

 പ്രിയപ്പെട്ടവരേ, ഈ സ്നേഹം നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹമായി കവിഞ്ഞൊഴുകാതെ നമുക്ക് ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല. തന്റെ പുത്രനായ യേശുവിൽ നമ്മെ ആദ്യം സ്നേഹിച്ച അതേ പിതാവിന്റെ മക്കളായിട്ടല്ലാതെ നമുക്ക് നമ്മുടെ അയൽക്കാരനെ യഥാർത്ഥമായി സ്നേഹിക്കാനും  കഴിയില്ല.

ഈ മഹത്തായ കല്പനയെ സ്വീകരിക്കുവാനും, അവ  ജീവിക്കാനും കഴിവുള്ള നവമായ ഒരു ഹൃദയം ലഭിക്കുന്നതിനുള്ള  കൃപയ്ക്കായി നമുക്ക് കർത്താവിനോട് യാചിക്കാം. തന്റെ അമലോത്ഭവ  ഹൃദയത്തിൽ സ്നേഹമല്ലാതെ മറ്റൊന്നും സൂക്ഷിക്കാത്ത, പരിശുദ്ധ കന്യകാമറിയം നമുക്കായി പ്രാർത്ഥിക്കട്ടെ.

Comments

leave a reply

Related News